ഇടുങ്ങിയ മുറി, പങ്കിട്ട് താമസം, കണ്ടെയ്നർ വില്ലേജ്.. ഏഷ്യൻ ഗെയിംസിന്റെ ചെലവ് ചുരുക്കി ജപ്പാൻ; തിങ്ങിഞ്ഞെരുങ്ങി താരങ്ങൾ
text_fieldsതാമസ സൗകര്യം വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ വിശ്രമിക്കുന്ന താരങ്ങൾ
നഗോയ: പോരാട്ടങ്ങൾക്ക് കളമുണരും മുമ്പേ ഗെയിംസ് വേദിയിൽ വിവാദങ്ങൾ അരങ്ങേറിക്കഴിഞ്ഞു. വൻകരയുടെ സകലദിക്കിൽനിന്നുമായി 10,800 കായിക താരങ്ങളും, ഏഴായിരത്തോളം ഒഫിഷ്യലുകളും ഉൾപ്പെടെ വൻ പങ്കാളിത്തമുള്ള വൻകരയുടെ ഉത്സവ വേദിയിൽ ജപ്പാന്റെ പുതിയ പരീക്ഷണമാണ് ഇപ്പോൾ വിവാദത്തിന് വഴിമരുന്നിട്ടത്.
ഗെയിംസ് ചരിത്രത്തിൽ ആദ്യമായി പ്രത്യേക ഗെയിംസ് വില്ലേജില്ലാതെ താൽക്കാലിക താമസ സൗകര്യം ഒരുക്കിയുള്ള സംഘാടകരുടെ പരീക്ഷണമാണ് വിമർശനത്തിനിടയാക്കിയത്. ഖത്തർ ലോകകപ്പ് ഫുട്ബാൾ വേളയിൽ ആരാധകരുടെ താമസത്തിനായി ഒരുക്കിയ ക്രൂസ് കപ്പലും കണ്ടെയ്നർ കൂടാരങ്ങളും എന്ന ആശയം അതേപടി പകർത്തിയായിരുന്നു ജപ്പാൻ കായിക വില്ലേജ് സജ്ജമാക്കിയത്. എന്നാൽ, മേളയിൽ പങ്കെടുക്കാനായി താരങ്ങൾ എത്തിത്തുടങ്ങിയതിനു പിന്നാലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിമർശനവും ഉയർന്നു. ഏറ്റവും മോശം താമസമെന്നായിരുന്നു ദക്ഷിണ കൊറിയ ബാസ്കറ്റ്ബാൾ മേധാവി ക്രൂസ് കപ്പൽ താമസത്തോട് പ്രതികരിച്ചത്.
ഇറ്റാലിയൻ ക്രൂസ് കപ്പൽ കോസ്റ്റൽ സറീനയിൽ 4000 അത്ലറ്റുകൾക്കുള്ള താമസമാണ് ഒരുക്കിയത്. ഒരേമുറിയിൽ കോച്ചുമാരും അത്ലറ്റുകളും ഒഫിഷ്യലുകളുമെല്ലാമായി താമസിക്കേണ്ടിവരുന്നതും വിമർശനമായി. നല്ല ഉയരമുള്ള ബാസ്കറ്റ്ബാൾ താരങ്ങൾക്ക് നേരാംവണ്ണം എഴുന്നേറ്റ് നിൽക്കാനുള്ള ഉയരം കാബിൻ മുറികൾക്കില്ലെന്ന് കൊറിയൻ ടീം പരാതിപ്പെടുന്നു.
ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾക്ക് മുറി ലഭിക്കാൻ താമസിച്ചതും വിവാദമായി. വിമാനത്താവളത്തിലെത്തിയ താരങ്ങൾക്ക് മണിക്കൂറുകൾക്കു ശേഷമാണ് മുറികളിലെത്താനായതെന്നാണ് ആരോപണം. ഗെയിംസ് വില്ലേജുകളിൽ മുറി ലഭിക്കാത്ത ചില താരങ്ങളെ താൽക്കാലികമായി ഹോട്ടൽ മുറിയിലേക്ക് മാറ്റുകയും ചെയ്തു. ഇടുങ്ങിയ മുറികളും ചെറിയ കട്ടിലുകളും വലിയ പ്രതിഷേധത്തിന് ഇടയാക്കി. കപ്പലിൽ മുറികൾ ലഭിക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവന്നതായി ഇന്ത്യൻ ടീം പരാതിപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

