ഏഷ്യൻ ഗെയിംസ്; മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്
text_fieldsഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെള്ളി നേടിയ ഇന്ത്യൻ ടീം
ഹാങ്ചോ: മെഡൽ നിശ്ചയിച്ച ആദ്യ ഇനത്തിൽ തന്നെ വെള്ളി നേടിയ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ പതക്കത്തിളക്കം. ഞായറാഴ്ച മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം അഞ്ചു മെഡലുകൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഞായറാഴ്ച ആദ്യ ഇനമായ വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ രമിത ജിൻഡാൽ , മെഹുലി ഘോഷ്, ആഷി ചൗക്സി ത്രയം വെള്ളിപ്പതക്കം സ്വന്തമാക്കി. പിന്നാലെ, റോവിങ്ങിൽ പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബ്ൾ സ്കൾസിൽ കരസേന താരങ്ങളായ അർജുൻ ലാൽ ജാട്ട്-അരവിന്ദ് സിങ് സഖ്യം മറ്റൊരു വെള്ളി കരക്കെത്തിച്ചു. റോവിങ് മെൻസ് എട്ട് ടീമാണ് മൂന്നാമത്തെ വെള്ളി നേടിയത്. റോവിങ് പുരുഷ പെയർ ഇനത്തിൽ ബാബു ലാൽ യാദവും ലേഖ് റാമും വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ രമിത ജിൻഡാൽ വെങ്കലപ്പതക്കമണിഞ്ഞ് രണ്ടാം െമഡൽ നേടി.
ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിത ടീം ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തകർത്ത് ഫൈനൽ പ്രവേശനത്തിനൊപ്പം വെള്ളി മെഡൽ ഉറപ്പിച്ചു. പുരുഷ ഫുട്ബാളിൽ മ്യാന്മറുമായി 1-1ന് സമനില വഴങ്ങി ഇന്ത്യ പ്രീക്വാർട്ടറിലെത്തി. പുരുഷ വോളി ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ജപ്പാനോട് നേരിട്ടുള്ള സെറ്റിന് കീഴടങ്ങി പുറത്തായി.
വനിത ഫുട്ബാളിൽ തായ്ലൻഡിനോട് 1-0ത്തിന് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പുറത്തായി. വനിത ബോക്സിങ്ങിൽ നിഖാത് സരീൻ പ്രീക്വാർട്ടറിൽ കടന്നു. ഗെയിംസിൽ ആദ്യ മെഡൽ ദിനത്തിൽ തന്നെ ചൈന കുതിക്കുകയാണ്. 20 സ്വർണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 30 മെഡലുകളാണ് ആതിഥേയർ കൊയ്തത്. ദക്ഷിണ കൊറിയക്ക് അഞ്ചും ജപ്പാന് രണ്ടും സ്വർണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

