ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട്: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ
text_fieldsകൊൽക്കത്ത: തുടർച്ചയായ രണ്ടാം ഏഷ്യൻ കപ്പ് യോഗ്യത സ്വപ്നം കാണുന്ന ഇന്ത്യ ഇന്ന് രണ്ടാംജയം തേടിയിറങ്ങുന്നു. യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ കളിയിൽ കംബോഡിയയെ 2-0ന് തോൽപിച്ച ഇന്ത്യയാണ് ഗ്രൂപ്-ഡിയിൽ മുന്നിൽ. അഫ്ഗാനെ 2-1ന് തോൽപിച്ച ഹോങ്കോങ്ങിനും മൂന്ന് പോയന്റുണ്ട്.
പ്രായം തളർത്താത്ത പോരാളിയായ നായകൻ സുനിൽ ഛേത്രിയുടെ ഗോളടി മികവിൽ തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. കംബോഡിയക്കെതിരെ രണ്ട് ഗോളുകളും ഛെത്രിയുടെ വകയായിരുന്നു. 82 ഗോളുകളുമായി സജീവ കളിക്കാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും (117) ലയണൽ മെസ്സിക്കും (86) മാത്രം പിറകിൽനിൽക്കുന്ന 37കാരന് പിന്തുണ നൽകാൻ മുന്നേറ്റനിരയിലെ ലിസ്റ്റൺ കൊളാസോ, മൻവീർ സിങ്, ഉദാന്ത സിങ് തുടങ്ങിയവർക്കാകുമോ എന്നതാകും നിർണയാകം. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദും കംബോഡിയക്കെതിരെ പകരക്കാരായി കളത്തിലെത്തിയിരുന്നു. കോച്ച് ഇഗോർ സ്റ്റിമാക് ഇന്നും ഇരുവർക്കും അവസരം നൽകിയേക്കും.