ആരോമൽ കിരീടം; 72ാമത് നെഹ്റു ട്രോഫി കിരീടം കൊല്ലം അരോമ ചുണ്ടന്
text_fieldsആലപ്പുഴ: കന്നിപ്പോരിന്‍റെ അങ്കലാപ്പില്ലാതെ അരോമ ചുണ്ടൻ പുന്നമടയുടെ വിരിമാറിൽ പുതുചരിത്രമെഴുതി. കുട്ടനാടുകാരുടെ കുത്തക തകർത്ത് 72ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കൊല്ലത്തുനിന്ന് വന്ന അരോമ ബോട്ട് ക്ലബ് ജേതാക്കളായി. മില്ലി സെക്കൻഡിന്‍റെ വ്യത്യാസത്തിൽ പി.ബി.സി പുന്നമട തുഴഞ്ഞ പായിപ്പാടനെ രണ്ടാമതാക്കിയായിരുന്നു അരോമ ചുണ്ടൻ പുന്നമടയുടെ യുവരാജാവായി അഭിഷിക്തനായത്. നിലവിലെ ചാമ്പ്യനായ വീയപുരത്തിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടിവന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ മേൽപ്പാടം ചുണ്ടനാണ് നാലാം സ്ഥാനം.
പുന്നമടയെ ത്രസിപ്പിക്കുന്ന പോരാട്ടമായിരുന്നു ഇക്കുറി കണ്ടത്. തുടക്കം മുതൽ ഒടുക്കം വരെ വീറോടെ പൊരുതി ഫോട്ടോ ഫിനിഷിങ്ങിൽ കലാശിച്ച മത്സരത്തിൽ 4.23.328 മിനിറ്റിനാണ് രഞ്ജിത്ത് സജീവ് ക്യാപ്റ്റനായ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബിന്‍റെ അരോമ ചുണ്ടൻ ഒന്നാമതെത്തിയത്. അനു ആൽബർട്ട് പുലിക്കാട്ടിലിന്‍റെ നായകത്വത്തിലിറങ്ങിയ പി.ബി.സി പുന്നമടയുടെ നടുഭാഗം 4.23.448 മിനിറ്റിൽ ഫിനിഷ് ചെയ്താണ് രണ്ടാമതെത്തിയത്. ഏറ്റവും കൂടുതൽ തവണ നെഹ്റു ട്രോഫി നേടിയ ചരിത്രമുള്ള യു.ബി.സി കൈനകരി പത്മകുമാറിന്‍റെ നായകത്വത്തിൽ തുഴഞ്ഞ വീയപുരം ചുണ്ടൻ 4.23.770 മിനിറ്റിലാണ് മൂന്നാമതെത്തിയത്. നബീഷ് കുമാർ നായകനായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ മേൽപ്പാടം 4.24.015 മിനിറ്റിൽ നാലാമതായി.
ലൂസേഴ്സ് ഫൈനലിൽ നിരണം ബോട്ട് ക്ലബിന്‍റെ നിരണം ചുണ്ടൻ വിജയിയായി. രണ്ടാം ലൂസേഴ്സ് ഫൈനലിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ തലവടി ചുണ്ടനും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് വലിയ ദിവാൻജി ബോട്ട് ക്ലബിന്‍റെ ആയാപറമ്പ് വലിയ ദിവാൻജിയും വിജയികളായി.
വെപ്പ് എ ഗ്രേഡ് ഫൈനലിൽ ഡി.ബി.സി കൊച്ചിൻ ടൗണിന്‍റെ നെപ്പോളിയനും ബി ഗ്രേഡിൽ പുന്നമട സായി സ്പോർട്സ് സെന്‍ററിന്‍റെ ചിറമ്മൽ തോട്ടുകടവനും ഇരുട്ടുകുത്തി എ ഗ്രേഡിൽ പുളിങ്കുന്ന് ടൗൺ ബോട്ട് ക്ലബിന്‍റെ മൂന്നുതൈക്കലും ബി ഗ്രേഡിൽ കുറുമ്പതുരുത്ത് ബോട്ട് ക്ലബിന്‍റെ താണിയൻ ദ ഗ്രേറ്റും സി ഗ്രേഡിൽ കാറളം ഇല്ലിക്കൽ ബി.ബി.സിയുടെ ഇളമുറതമ്പുരാൻ പമ്പാവാസനും ജേതാക്കളായി. വനിതകൾ തുഴഞ്ഞ തെക്കനോടി കെട്ടുവള്ള വിഭാഗത്തിൽ യങ് സ്റ്റാർ ബോട്ട് ക്ലബിന്‍റെ പടിഞ്ഞാറേ പറമ്പനാണ് വിജയിച്ചത്.
മുഖ്യമന്ത്രി വി.ഡി സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. മന്ത്രി എം. ലിജു അധ്യക്ഷതവഹിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എം.പി മാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ സംസാരിച്ചു. ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പാതക ഉയുയർത്തി. ജില്ല കലക്ടർ ഷാജി വി. നായർ സ്വാഗതം പറഞ്ഞു. വിജയികൾക്ക് മന്ത്രിമാരായ എം. ലിജു, പി.സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എം.പി, ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

