അരീക്കോട്ടുകാരൻ മുഹമ്മദ് മൻഹൽ സന്തോഷ് ട്രോഫി പുതുച്ചേരി ടീമിന് ബൂട്ട് കെട്ടും
text_fieldsമുഹമ്മദ് മൻഹൽ
അരീക്കോട്: സന്തോഷ് ട്രോഫി പുതുച്ചേരി ഫുട്ബാൾ ടീമിൽ ഇടം നേടി അരീക്കോട് പുത്തലം സ്വദേശി നാലകത്ത് മുഹമ്മദ് മൻഹൽ. കേരള സന്തോഷ് ട്രോഫി ടീമിൽ മലപ്പുറം ജില്ലയിൽനിന്ന് ഇത്തവണ ഏഴ് താരങ്ങളാണ് ഇടം നേടിയത്. ഇതിന് പുറമെയാണ് പുതുച്ചേരി ടീമിെൻറ പ്രതിരോധനിര കാക്കാൻ മുഹമ്മദ് മൻഹൽ ബൂട്ട് കെട്ടുന്നത്.
സ്കൂൾ കാലഘട്ടത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചെവച്ച താരം മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലും തിരുവല്ല സ്പോർട്സ് സ്കൂളിലുമാണ് പരിശീലനം നേടിയത്.ശേഷം ഫാറൂഖ് കോളജ് ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സൗത്ത് ഇന്ത്യ ഫുട്ബാൾ ചാമ്പ്യൻഷിപ് നേടിയപ്പോൾ പ്രതിരോധ നിരയിലുണ്ടായിരുന്നു.
2020ൽ നടന്ന സൗത്ത് സോൺ ചാമ്പ്യൻഷിപ്പിനായുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം ക്യാപ്റ്റനായിരുന്നു. അതിനു പിന്നാലെയാണ് ഈ 23കാരൻ സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയത്.
മൻഹലിെൻറ ടീം പ്രവേശനം വലിയ പ്രതീക്ഷയോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും നോക്കിക്കാണുന്നത്. റഹ്മത്ത്-നദീറ ദമ്പതികളുടെ മകനാണ്.