അറബ് ക്ലബ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്: കുവൈത്ത് സ്പോർട്ടിങ് ക്ലബ് ജേതാക്കൾ
text_fieldsഅറബ് ക്ലബ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് ജേതാക്കളായ കുവൈത്ത് സ്പോർട്ടിങ് ക്ലബ്
കുവൈത്ത് സിറ്റി: 34ാമത് അറബ് ക്ലബ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് സ്പോർട്ടിങ് ക്ലബ് ജേതാക്കൾ. ഈജിപ്തിന്റെ അൽ അഹ്‌ലി എസ്.സിയെ മറികടന്നാണ് കുവൈത്ത് സ്‌പോർട്ടിങ് ക്ലബിന്റെ നേട്ടം. 48 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവിൽ മുൻ ചാമ്പ്യന്മാരായ അൽ അഹ്‌ലി എസ്.സിയെ അവസാന നിമിഷങ്ങളിൽ അട്ടിമറിച്ചാണ് കുവൈത്ത് സ്പോർട്ടിങ് ക്ലബ് ഒന്നാംസഥാനത്തേക്ക് ഉയർന്നത്. കുവൈത്ത് ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് റഷീദ് അൽ എൻസി, ടീമിനെയും അംഗങ്ങളെയും ആരാധകരെയും അഭിനന്ദിച്ചു.
ഈ നേട്ടം കുവൈത്തിലെ ബാസ്‌കറ്റ്‌ബാൾ രംഗത്തെ പുരോഗതി പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരം വിജയകരമായി സംഘടിപ്പിച്ചതിന് കുവൈത്ത് എസ്.സിയുടെ സംഘാടക സമിതിക്ക് നന്ദി പറഞ്ഞു. ശൈഖ് സാദ് അൽ അബ്ദുല്ല അൽ സലേം അസ്സബാഹ് സ്‌പോർട്‌സ് ഹാളിൽ നടന്ന മത്സരത്തിൽ 16 അറബ് ക്ലബുകൾ പങ്കെടുത്തിരുന്നു. 11 ദിവസമായി നടന്ന ചാമ്പ്യൻഷിപ്പിൽ 40 മത്സരങ്ങൾ നടന്നു.