ദേശീയ കായിക നിയമം ലംഘിച്ചു; അനിൽകുമാറിന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലാകാൻ കഴിയില്ലെന്ന് കേന്ദ്രം
text_fieldsപി. അനിൽകുമാർ
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള പി. അനിൽകുമാറിന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സെക്രട്ടറി ജനറലാകാൻ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഡൽഹി ഫുട്ബാൾ ക്ലബ് ഡയറക്ടർ രഞ്ജിത് ബജാജ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ഡൽഹി ഹൈകോടതിയെയാണ് കായികമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരം ഈ മാസം എട്ടുവരെ അനിൽ കുമാറിന്റെ സെക്രട്ടറി ജനറൽ സ്ഥാനം സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ദേശീയ കായിക നിയമത്തിൽ നൽകിയിട്ടുള്ള പ്രായ, കാലാവധി നിയന്ത്രണങ്ങൾ മറികടക്കുന്നത് തടയാൻ ശ്രമിച്ച 2022ലെ മന്ത്രാലയ നിർദേശം ലംഘിച്ചുവെന്നാരോപിച്ച് സമർപ്പിച്ച ഹരജിയിലായിരുന്നു നടപടി.
കായിക മന്ത്രാലയത്തിന്റെ സർക്കുലറിന്റെ ഉദ്ദേശ്യം പ്രായത്തിന്റെയും കാലാവധിയുടെയും നിയന്ത്രണങ്ങൾ മറികടക്കുന്നത് തടയുക മാത്രമല്ലെന്ന് ഉത്തരവിൽ ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞിരുന്നു. നാഷനൽ സ്പോർട്സ് ഫെഡറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം വഹിച്ചയാൾക്ക് ശമ്പള തസ്തിക നൽകുന്നതിൽ വിരുദ്ധ താൽപര്യമൊഴിവാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 2024 ജൂലൈയിലാണ് അനിൽ കുമാർ എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലാകുന്നത്. 2022 സെപ്റ്റംബറിൽ നടന്ന എ.ഐ.എഫ്.എഫ് തിരഞ്ഞെടുപ്പിൽ അദ്ദേഹം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

