ന്യൂഡൽഹി: 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു ക്രിക്കറ്റാരാധകർ മറക്കാത്ത ഒരു ഇന്നിങ്സ് പിറവിയെടുത്തത്. ഇന്ത്യയുടെ ഒാൾറൗണ്ടറും വെടിക്കെട്ട് താരവുമായ യുവരാജ് സിങ് ഇംഗ്ലീഷ് ബൗളറായ സ്റ്റുവർട്ട് ബ്രോഡിെൻറ ഒരോവറിൽ പറത്തിയത് ആറ് എണ്ണം പറഞ്ഞ സിക്സറുകളായിരുന്നു. ആ ദിവസം തന്നെ 12 പന്തിൽ അർധ സെഞ്ച്വറിയെന്ന പുതിയ റെക്കോർഡും പിറന്നു. റോബിൽ ഉത്തപ്പ പുറത്തായതോടെ ക്രീസിലെത്തിയ യുവി എം.എസ്. ധോണിയെ സാക്ഷിയാക്കിയായിരുന്നു അടിച്ചുതകർത്തത്.
പല പേരുകേട്ട വെടിക്കെട്ട് താരങ്ങളും അദ്ദേഹത്തിെൻറ റെക്കോർഡ് തകർക്കാൻ ശ്രമിച്ചെങ്കിലും അടുത്തെത്താൻ അല്ലാതെ ആർക്കും യുവിയെ മറികടക്കാൻ സാധിച്ചില്ല. ഇന്ത്യൻ ടീമിൽ ഇനി ആരാണ് ആ റെക്കോർഡ് തകർക്കുക എന്ന ചോദ്യത്തിന് യുവരാജിന് തന്നെ ഉത്തരമുണ്ട്. ഒന്നുകിൽ ഹർദിക് പാണ്ഡ്യ, അല്ലെങ്കിൽ കെ.എൽ രാഹുൽ എന്നാണ് അദ്ദേഹം പറയുന്നത്.
ടി20യിലെ അതിവേഗ അർധ സെഞ്ച്വറിയെന്ന എെൻറ റെക്കോർഡ് ഹർദികിന് തകർക്കാൻ സാധിച്ചേക്കും. ഒരു മികച്ച ഒാൾറൗണ്ടറാവാനുള്ള സാധ്യത അവനിൽ കാണുന്നുണ്ട്. എന്നാൽ, ടീമിൽ അവനെ നയിക്കാൻ ആരെങ്കിലും വേണം.
മുമ്പ് ക്രിസ് ഗെയിൽ അല്ലെങ്കിൽ എ.ബി ഡിവില്ലേഴ്സ് എന്നിവരായിരിക്കും എെൻറ റെക്കോർഡ് തകർക്കുകയെന്ന് കരുതിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഹർദികിനും രാഹുലിനുമായിരിക്കും അതിന് കഴിയുക. -യുവരാജ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.