You are here

മടങ്ങിവരുന്ന കരീബിയൻ കൊടുങ്കാറ്റ്​

  • ഇംഗ്ലണ്ടിനെ രണ്ട്​ ടെസ്​റ്റിലും നിലംപരിശാക്കി വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ ടീമി​ന്‍െറ ഗംഭീര തിരിച്ചുവരവ്​

രണ്ടാം ടെസ്​റ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ വിൻഡീസ്​ ടീമി​ന്‍െറ ആഹ്ലാദ നിമിഷം. നടുവിൽ ക്യാപ്​റ്റൻ ജാസൺ ഹോൾഡർ

മൂന്ന്​ വർഷം മുമ്പത്തെ ആ എപ്രിൽ മൂന്ന്​ ഒരിക്കലും ഒാർമിക്കാതിരിക്കാനാവും ബെൻ സ്​റ്റോക്ക്​ ആഗ്രഹിക്കുക. കൈപ്പിടിയിലെത്തിയെന്നു കരുതിയ ട്വൻറി 20 ലോക കപ്പ്​ ഇംഗ്ലണ്ടിന്​ നഷ്​ടമായത്​ ബെൻ സ്​റ്റോക്കി​​​െൻറ കൈയിൽനിന്നു പോയ ആ നാല്​ പന്തിലായിരുന്നു. അതുവരെ കാർലോസ്​ ബ്രാത്​വെയ്​റ്റ്​ എന്നൊരു കളിക്കാരനെ കുറിച്ച്​ അധികമാർക്കും അറിയുമായിരുന്നില്ല.

2016 ട്വൻറി 20 ലോക കപ്പ്​ ഫൈനലിൽ ആറ്​ പന്തിൽ ജയിക്കാൻ 19 റൺസ്​ വേണ്ടിയിരുന്നപ്പോഴാണല്ലോ ബ്രാത്​വെയ്​റ്റി​​​െൻറ അവതാരം. ആറ്​ പന്തിൽ 10 റൺസുമായി അങ്ങനെയൊരു ബാറ്റ്​സ്​മാൻ ക്രീസിൽ ഉണ്ടെന്നുപോലും അപ്പോൾ ആരും ഒാർത്തിരുന്നില്ല. മറുവശത്ത്​ 66 പന്തിൽ 85 റൺസുമായി മാരക ഫോമിൽ നിൽക്കുന്ന മർലോൺ സാമുവൽസിൽ മാത്രമേ പ്രതീക്ഷിക്കാൻ വകയുണ്ടായിരുന്നുള്ളു. ഒരോവറിൽ ജയിക്കാനും കപ്പ്​ നേടാനും വിൻഡീസിന്​ വേണ്ടിയിരുന്നത്​ 19 റൺസ്​.

2016 ട്വൻറി 20 ലോക കപ്പ്​ നേടിയ വെസ്​റ്റിൻഡീസ്​ ടീം
 

പക്ഷേ, ബെൻസ്​റ്റോക്​ എറിഞ്ഞ ആദ്യ നാല്​ പന്തിൽ തന്നെ തീരുമാനമായി. രണ്ടാംവട്ടവും കപ്പ്​ കരീബിയൻ ദ്വീപിലെത്തി. തീരുമാനിച്ചുറപ്പിച്ച പോലെ ഇൗഡൻ ഗാർഡ​​​െൻറ ഗാലറിപ്പടവുകൾ തേടി പറന്ന നാല്​ സിക്​സറുകൾ.

അതാണ്​ വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ ടീം. അവിശ്വസനീയതയാണ്​ അതി​​​െൻറ തനിസ്വഭാവം. ഒരു ദിവസം വേണമെങ്കിൽ ഏത്​ കൊലകൊമ്പനെയും അസാധ്യമായ ആംഗിളിലെ ഒരു സിക്​സർ കണക്കെ അടിച്ചൊതുക്കി ജയം പിടിച്ചുവാങ്ങും. അതുപോലെ തന്നെ ഏത്​ കുഴിയാനയ്​ക്കു മുമ്പിലും കൊമ്പുകുത്തി വീഴുകയും ചെയ്യാം.

കാർലോസ്​ ബ്രാത്​വെയ്​റ്റ്​ ലോക കപ്പുമായി (ഇടത്ത്​). അവസാന ഒാവറിലെ നിരാശയിൽ ബെൻസ്​റ്റോക്​ (വലത്ത്​)
 

കരീബിയനിൽ ക്രിക്കററ്​ വെറും വിനോദം മാത്രമല്ല, ആ ജനതയുടെ ജീവിതവുമായി ആഴത്തിൽ ബന്ധിച്ച ചരടുകൂടിയാണ്​. ആദ്യത്തെ രണ്ട്​ ഏകദിന  ലോക കപ്പുകൾ നേടിയ ടീമാണ്​. ഒരുകാലത്ത്​ ലോകത്തിലെ അക്രമാസക്​തരായ ബാറ്റ്​സ്​മാന്മാരു​െട കുലം മുഴുവൻ ആ ദ്വീപിൽനിന്നാണ്​ ആരംഭിച്ചിരുന്നത്​. ക്രീസിൽനിന്ന്​ തീ പറപ്പിച്ച അതിവേഗ ബൗളർമാരുടെ പരമ്പര സൃഷ്​ടിച്ച മണ്ണാണ്​. പറഞ്ഞുതീരാത്ത പ്രതാപങ്ങൾ ഒത്തിരിയുണ്ട്​. പക്ഷേ, അതും പറഞ്ഞ്​ കാലം കഴിക്കാനൊന്നും കരീബിയക്കാരെ കിട്ടില്ല. അവർക്കു പിന്നിൽ ഇന്നലെകളോ, മുന്നിൽ നാളെക​േളാ ഇല്ല. അപ്പോഴുള്ള ഇന്നു മാത്രമേയുള്ളു.
അതെ സമയം ദീർഘകാല പദ്ധതികൾ ഉണ്ടാക്കി ആ ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന  ശീലവും അവർക്കില്ല. അവസാന പന്തിലെ സിക്​സർ കണക്കെ അതാത് സാഹചര്യങ്ങളെ അപ്പോൾ നേരിട്ടാണ് ശീലം..അതിലെ വിജയങ്ങൾ അവർ മതി മറന്നു ആഘോഷിക്കുമെങ്കിലും പരാജയത്തിൽ അവർ ദുഃഖിക്കുകയോ പാഠങ്ങൾ പഠിക്കുകയോ തീരെയില്ല.

ബാർബഡോസ്​ കടൽത്തീരത്ത്​ ക്രിക്കറ്റ കളിയിലേർപ്പെട്ടിരിക്കുന്നവർ
 

ചരിത്രത്തിൽ  വെസ്റ്റ് ഇന്‍ഡീസിനെപ്പോലെ ഇത്രയേറെ സ്നേഹിക്കപ്പെട്ട മറ്റൊരു ടീം ക്രിക്കറ്റ്​ ലോകത്തുണ്ടോ എന്ന് സംശയമാണ്. 80കളും 90 കളുമൊക്കെ കരീബിയന്‍ വിജയഗാഥകള്‍ തുടര്‍ക്കഥയാക്കിയ കാലമായിരുന്നെങ്കിൽ 2000 ൽ എത്തിയപ്പോൾ വെസ്​റ്റിൻഡീസ് ടീമിനെ സംബന്ധിച്ചു ഒട്ടും സുഖകരമായ ഓർമ്മകളായിരുന്നില്ല.

ദിനനാഥ് രാംനരൈൻ
 

ടീമിന്റെ നിരന്തരമായ പരാജയങ്ങളുടെ  പേരില്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരമായി പഴി കേള്‍ക്കുന്നുണ്ട്. ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് മുൻകളിക്കാർ തന്നെയാണ്. ഏതെങ്കിലും സംഘടനകൾക്കോ ഗവണ്മെന്റിനോ ഭരണാധികാരികൾക്കോ നേരിട്ട് ഇടപെടാൻ സാധിക്കാത്ത രീതിയിലാണ് ബോർഡിന്റെ ഭരണഘടന. അതുകൊണ്ടു തന്നെ ആരോപണങ്ങൾക്കൊന്നും മറുപടി കൊടുക്കാൻ പലപ്പോഴും ബോർഡ് മിനക്കെടാറുമില്ല. കളിക്കാരും ബോർഡും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രതിഫലത്തെ ചൊല്ലിയുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വെസ്​റ്റിൻഡീസ്​ പ്ലയേഴ്​സ്​ അസോസിയേഷൻ ഉണ്ടാക്കി. അസോസിയേഷൻ പ്രസിഡന്റ് ദിനനാഥ്‌ രാംനരയ്​നും, വെസ്​റ്റിൻഡീസ്​  ക്രിക്കറ്റ്​ ബോർഡ്​ (WICB) സി.ഇ.ഒ ഏൺസ്റ്റ് ഹിലാരിയും തമ്മിലുള്ള ചർച്ച അവസാനിച്ചതു കൈയാങ്കളിയുടെ വക്കിലാണ്. പിന്നീടൊരിക്കലും ദിനനാഥ് രാംനരൈന് വെസ്റ്റ് ഇൻഡീസിന് വേണ്ടി പന്തെറിയാൻ അവസരം കിട്ടിയിട്ടില്ല. വെറും 12 ടെസ്​റ്റുകളിൽ നിന്ന്​ 45 വിക്കറ്റ്​ വീഴ്​ത്തിയ ഒരു ബൗളറുടെ ഗതിയാണിതെന്നു കൂടി ഒാർക്കണം.

ജാസൺ ഹോൾഡറും ഷെയ്​ൻ ​ഡോവ്​റിച്ചും ഇംഗ്ലണ്ടിനെതി​രായ ഒന്നാം ടെസ്​റ്റിനിടയിൽ
 

പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നവരെ നിഷ്ക്കരുണം ഒഴിവാക്കുന്നതാണ് ബോർഡിന്റെ ശൈലി..ഡാരൻ സാമിയും ബ്രാവോയും ഒക്കെ  പ്രധാന ഉദാഹരണങ്ങൾ. 2017 ൽ പാകിസ്ഥാനിൽ നടന്ന പാകിസ്‌താൻ Vs വേൾഡ്  ഇലവനിൽ ട്രോഫി കൊടുക്കുന്നത് ഡേവിഡ് കാമറൂൺ ആയതുകൊണ്ട് മാത്രം ട്രോഫി വാങ്ങാതെ സമി തിരിഞ്ഞു നടക്കുന്നിടത്തു വരെയെത്തി ബോർഡും കളിക്കാരും തമ്മിലുള്ള പ്രശ്ങ്ങൾ.. 2016 ലെ ലോക കപ്പിന് തൊട്ടു മുമ്പെയാണ്​ കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ച്‌ പുതിയ കരാർ നൽകുന്നത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിന് വേണ്ടി ദുബൈയിൽ എത്തിയ താരങ്ങൾ ട്വൻറി 20 ലോകകപ്പിൽ പങ്കെടുക്കില്ല എന്ന കടുത്ത തീരുമാനമാണ്​  എടുത്തത്​. പ്രമുഖ താരങ്ങൾ കളിച്ചില്ലെങ്കിൽ എ’ ടീമിനെ കളിപ്പിക്കും എന്ന ബോർഡ്​ നിശ്​ചയിച്ചതോടെ ലോകകപ്പിൽ കളിക്കാം എന്ന് കളിക്കാർക്ക്​ സമ്മതിക്കേണ്ടിവന്നു. അവസാന ഒാവറിലെ സിക്​സർ പൂരത്തിലൂടെ കപ്പ്​ സ്വന്തമാക്കിയെങ്കിലും പ്രശ്​നങ്ങൾ പരിഹരിക്കപ്പെടുകയായിരുന്നില്ല.

രണ്ടാം ടെസ്​റ്റിൽ ഇംഗ്ലണ്ടി​ന്‍െറ എട്ടു വിക്കറ്റുകളാണ്​ കെമർ റോഷ്​ വീഴ്​ത്തിയത്​
 

ലോകകപ്പ് സ്വീകരിച്ചു ഡാരൻ സമി നടത്തിയ വികാര പ്രകടനത്തിനു കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. സാമിയുടെ സ്വന്തം നാട്ടിൽ, വെസ്റ്റ് ഇൻഡീസ് ടീം കളിക്കുന്നതിനു ദിവസങ്ങൾ മുന്നെയാണ് സമി ടീമിൽ നിന്നും പുറത്താക്കപ്പടുന്നത്. ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുക്കാത്തവരെ വെസ്റ്റ് ഇൻഡീസ് ടീമിലേക്കു സെലക്ട് ചെയ്യില്ല  എന്നാണു പല കളിക്കാരെയും ഒഴിവാക്കാനായി ബോർഡ് പറയുന്ന ന്യായം. കോടികൾ കിലുങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗും, പാകിസ്ഥാൻ സൂപ്പർ ലീഗും ഒഴിവാക്കി തുഛമായ പ്രതിഫലത്തിനു വേണ്ടി, പ്രദേശിക ടൂർണമ​െൻറുകളിൽ കളിക്കാൻ സീനിയർ കളിക്കാരെത്തും എന്ന് ബോർഡും കരുതുന്നില്ല... ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ചില്ലെങ്കിലും ക്രിസ് ഗെയ്​ലിനെ ടീമിലേക്കു പരിഗണിക്കുകയും  ചെയ്തു.. അതോടുകൂടി, കഴിവിലും പ്രകടനത്തിലുമപരി ബോർഡിന് താല്പര്യമുള്ളവരെ മാത്രം പരിഗണിക്കുന്നു എന്നവാദം ഒന്നു കൂടെ ബലപ്പെടുകയായിരുന്നു.

ലോക റാങ്കിങ്ങിൽ മൂന്നാം സ്​ഥാനത്ത്​ നിൽക്കുന്ന ​ഇംഗ്ലണ്ടിനെയാണ്​ എട്ടാം റാങ്കുകാരായ വെസ്​റ്റിൻഡീസ്​ തറപറ്റിച്ചത്​
 

ഒടുവിൽ നിരന്തരം പുതുമുഖങ്ങൾ വന്നും പോയും ഇരിക്കുന്ന ടീമായി വിൻഡീസ്​ മാറി. പരാജയങ്ങളുടെ തുടർ പരമ്പരകൾ ശീലമായി. ക്രിക്കറ്റിനെ സ്നേഹിക്കുന്ന സാധാരണക്കാർ കളി വെറുത്തു. കഴിഞ്ഞ കുറെ നാളുകളായി ശുഷ്കമായ സ്റ്റേഡിയങ്ങളെ സാക്ഷി നിർത്തിയാണ് അഫ്ഘാനും ബംഗ്ലാദേശുമൊക്കെ കരിബീയനിൽ കളിച്ചത്‌.

പ്രതിഭാശാലികളായ കളിക്കാർക്ക്​ ഒരുകാലത്തും  പഞ്ഞമുള്ള നാടായിരുന്നില്ല്​ കരീബിയൻ ദ്വീപുകൾ. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്​മയങ്ങൾ തീർക്കാൻ പോന്ന നിരവധി താരങ്ങൾ ഇപ്പോഴുമുണ്ട്​. അവരുടെ മികവിൽ ലീഗ്​ ക്രിക്കറ്റ​​ുകളിൽ വൻ ജയങ്ങൾ ക്ലബുകൾ നേടുന്നുമുണ്ട്​. എന്നിട്ടും അവരെല്ലാം ചേരുന്ന ദേശീയ ടീം തോൽവിയോട്​ തോൽവി തന്നെ ഏറ്റുവാങ്ങുകയായിരുന്നു.

ഡാരൻ സമിക്ക്​ ഒപ്പം ലേഖകൻ
 

പക്ഷേ, അതിനിടയിലും പ്രതീക്ഷയുടെ പ്രഭാതസൂര്യനുകൾ കരീബിയൻ ദ്വീപിനു മേൽ ഉദിച്ചുതുടങ്ങിയിരിക്കുന്നു. കരുത്തരായ ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിലാണെങ്കിലും ആദ്യ രണ്ട്​ ടെസ്​റ്റും ജയിച്ച്​ പരമ്പര നേടിയിരിക്കുകയാണ്​ വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ ടീം. മൂന്ന്​ മത്സരങ്ങളുടെ പരമ്പരയിലെ ഒരു കളി ബാക്കി നിൽക്കെയണ്​ ജാസൺ ഹോൾഡറും കൂട്ടരും ഇൗ ജയം പിടിച്ചെടുത്തത്​. ബ്രിഡ്​ജ്​ ടൗണിലെ ആദ്യ ടെസ്​റ്റിൽ 381 റൺസി​​​െൻറ കൂറ്റൻ ജയമാണ്​ നേടിയതെങ്കിൽ  നോർത്ത്​ സൗണ്ടിൽ നടന്ന രണ്ടാം ടെസ്​റ്റിൽ 10 വിക്കറ്റി​​​െൻറ ആധികാരിക ജയമായിരുന്നു. രണ്ടര വർഷം മുമ്പ്​ സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ ഇന്നിങ്​സ്​ പരാജയമടകകം പരമ്പര അടിയറവു വെച്ച ടീമാണിതെന്നോർക്കണം. ലോക റാങ്കിങ്ങിൽ മൂന്നാം സ്​ഥാനത്തു നിൽക്കുന്ന ഇംഗ്ലണ്ടിനെയാണ്​ എട്ടാം സ്​ഥാനക്കാരായ കരീബിയൻസ്​ മലർത്തിയടിച്ചത്​.

നിരാശപ്പെട്ടിരിക്കുവാൻ നേരമില്ലാത്ത വിൻഡീസുകാർ കഴിഞ്ഞ പരാജയങ്ങൾ ഒന്നും ഒാർക്കുന്നില്ല. ജാസൺ ഹോൾഡറുടെ ഡബിൾ സെഞ്ച്വറിയും ഷെയ്​ൻ ഡോവ്​റിച്ചി​ന്‍െറ സെഞ്ച്വറിയും കെമർ റോഷി​ന്‍െറയും റോസ്​റ്റൺ ചേസി​ന്‍െറ എട്ടു വിക്കറ്റ്​ പ്രകടനവുമൊ​ക്കെ കരീബിയൻ നവയുഗത്തി​​​െൻറ വെളിച്ചങ്ങളാണ്​.  

(ലേഖകൻ 15 വർഷമായി വെസ്​റ്റിൻഡീസിലെ സ​െൻറ്​ ലൂസിയയിൽ താമസിക്കുന്നു)

Loading...
COMMENTS