Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമാസ്റ്റര്‍ ഫിനിഷറുടെ...

മാസ്റ്റര്‍ ഫിനിഷറുടെ കരിയര്‍ ഫിനിഷിങ് ലൈനിലോ?

text_fields
bookmark_border
മാസ്റ്റര്‍ ഫിനിഷറുടെ കരിയര്‍ ഫിനിഷിങ് ലൈനിലോ?
cancel

കഴിഞ്ഞ കുറച്ച നാളായി ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍. സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തുക എന്ന പഴമൊഴി അനുസരിച്ചാണെങ്കില്‍ ധോണി എന്നേ ബാറ്റും ഗ്ലൗസും അഴിച്ചുവെച്ച് റാഞ്ചിയിലേക്ക് മടങ്ങിയേനേ. രണ്ട് ലോകകപ്പുകള്‍ അടക്കം ഇന്ത്യന്‍ ക്രിക്കറ്റിന് അതുല്യമായ അംഭാവനകള്‍ നല്‍കിയ ഒരു നായകന്‍ സെലക്ടര്‍മാരുടെയും ക്യാപ്റ്റന്‍മാരുടെയും ദയാവായ്പിൻെറ കീഴില്‍ ടീമില്‍ തുടരുന്ന അവസ്ഥ ഒരു ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ച് അത്യന്ത്യം ദയനീയമായ കാഴ്ചയാണ്. ധോണിക്കിപ്പോള്‍ പ്രായം 37, അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പോടുകൂടി സംഭവബഹുലമായ തൻെറ ക്രിക്കറ്റിങ് കരിയറിന് വിരാമമിടാനാണ് ധോണിയും ആരാധകരും ആഗ്രഹിക്കുന്നത്. എന്നാല്‍ വിന്‍ഡീസിനെതിരെയും ഇപ്പോള്‍ ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും തഴയപ്പെട്ടതോടെ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന സൂചനയാണ് മാനേജ്മെന്റ് ധോണിക്ക് നല്‍കുന്നത്.


എന്നാല്‍ വിക്കറ്റിനു പിന്നില്‍ ധോണിക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിൻെറ ഭാഗമായാണ് ഇരുപരമ്പരകളിലും അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ കാരണമെന്നാണ് ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിൻെറ വിശദീകരണം. ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയത് വിരാട് കോഹ്ലിയുടേയും രോഹിത് ശര്‍മ്മയുടേയും കൂടി അറിവോടെയാണെന്നതും ആ പുറത്താക്കല്‍ കൈപ്പിഴയല്ലെന്ന് വ്യക്തമാക്കുന്നു. എം.എസ്.കെ പ്രസാദ് അടക്കമുള്ള അഞ്ചംഗ സെലക്ടര്‍മാര്‍ക്കൊപ്പം കോഹ്ലിയും രോഹിത്തും ചേര്‍ന്നുള്ള യോഗമാണ് ധോണിയെ ടീമിലെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്നും വ്യക്തമായിരുന്നു. ഈ പ്രായത്തിലും വിക്കറ്റിനു പിന്നിലെ പ്രകടന മികവ് കൊണ്ട് ഇന്ത്യയിലെ മറ്റെല്ലാ വിക്കറ്റ് കീപ്പര്‍മാരെയും മൈലുകള്‍ പിന്നിലാക്കുന്ന ധോണിയുടെ ബാറ്റിങ്ങിന് പഴയ ഫിനിഷിങ്ങില്ലെന്നതാണ് ഇതിനെല്ലാം ആധാരം.

നാലാം ഏകദിനത്തില്‍ കീമോ പോളിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതും മൂന്നാം ഏകദിനത്തിലെടുത്ത പറക്കും ക്യാച്ചും എം.എസ്.ഡിയുടെ കീപ്പിങ് മികവിന് അടിവരയിടുന്നു.എന്നാല്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് ശൈലിയാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴി തെളിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ കോഹ്ലി 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ചരിത്ര മല്‍സരത്തില്‍ കാണികളുടെ കൂവലും പരിഹാസവുമേറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേടുണ്ടായത് ധോണിയെ വേട്ടയാടും. ബാറ്റിങ്ങില്‍ പരാജയപ്പെടുമ്പോഴും വിക്കറ്റിന് പിന്നിലെ പ്രകടനവും കളിക്കളത്തിലെ കൗശലവുമാണ് ധോണിയെ പകരക്കാരനില്ലാത്ത താരമായി ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുന്നത്. ഡി.ആര്‍.എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) എടുക്കുന്നതിലെ താരത്തിൻെറ മികവ് ചൂണ്ടിക്കാട്ടി കമന്‍േററ്റര്‍മാര്‍ അതിന് ധോണി റിവ്യൂ സിസ്റ്റം എന്ന് പേര് നല്‍കി. ഇക്കാര്യത്തില്‍ കോഹ്ലി വന്‍ പരാജയമാണെന്നതും നാം കണ്ടതാണ്.

ധോണിയുടെ സ്റ്റംപിങ്ങുകളിലൊന്ന്


കഴിഞ്ഞ ദശാബ്ദക്കാലം ടീമില്‍ കൂള്‍ ഫിനിഷറുടെ റോള്‍ ഭംഗിയായി നിറവേറ്റിയിരുന്ന എം.എസ്.ഡി ഈ അടുത്തകാലത്ത് പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഏഷ്യാ കപ്പിലടക്കം താരം ക്രീസില്‍ ആവശ്യമായ സമയങ്ങളില്‍ മുട്ടിക്കളിച്ചും അലക്ഷ്യമായ ഷോട്ടുകള്‍ ഉതിര്‍ത്ത് പുറത്തായും ആരാധകരെ ചൊടിപ്പിച്ചു. ഈ അവസരങ്ങളില്‍ രവീന്ദ്ര ജദേജയും കേദാര്‍ ജാദവും അവസരത്തിനൊത്തുയര്‍ന്ന് ടീമിൻെറ രക്ഷക്കെത്തിയത് ആശ്വസമായി. ഇത്തരം ആപത്ഘട്ടങ്ങളില്‍ അസ്ഥിരമായ ഇന്ത്യന്‍ മധ്യനിരയെ കെട്ടുറപ്പുള്ളതാക്കാന്‍ സാധിക്കുന്ന ജാദവിന്റെയും ജദേജയുടെയും ഓള്‍റൗണ്ട് പ്രകടനങ്ങളും ധോണി പരിഗണിച്ചേ മതിയാകൂ.

മുന്‍ നായകൻെറ ബാറ്റിങ് പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ഇക്കഴിഞ്ഞ ഏഷ്യാകപ്പില്‍ നാലു മല്‍സരങ്ങളില്‍ ക്രീസിലെത്തിയെങ്കിലും 19.25 റണ്‍സ് ശരാശരിയില്‍ 77 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 100നു മുകളില്‍ സ്ട്രൈക്ക് റേറ്റിന് പേരുകേട്ട ധോണിയുടെ ഏഷ്യാകപ്പിലെ സ്ട്രൈക്ക് റേറ്റ് 62.09 ആയിരുന്നു. കൂറ്റനടികള്‍ കൊണ്ട് ബൗളര്‍മാരെ വിറപ്പിച്ചിരുന്ന ധോണി ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലദേശി ബൗളര്‍മാരായ റൂബല്‍ ഹുസൈന്റെയും മുസ്തഫിസുര്‍ റഹ്മാന്റെയും പന്തുകള്‍ക്ക് മുന്നില്‍ പരുങ്ങുന്നതും സ്‌ട്രൈക്ക് കൈമാറാന്‍ പ്രയാസപ്പെടുന്ന കാഴ്ചയും നാം വീക്ഷിച്ചതാണ്.

2018ല്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്നായി 28.13 റണ്‍സ് ശരാശരിയില്‍ 225 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ എന്നനിലയില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാനും സ്ട്രൈക് കൈമാറാനുള്ള സാമര്‍ത്ഥ്യവും ധോണിക്ക് കൈമോശം വന്നുവെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍. ഇംഗ്ലണ്ടിനും വിന്‍ഡീസിനും എതിരായ ടെസ്റ്റ് പരമ്പരകളില്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശി കൈയ്യടി നേടിയ ഋഷഭ് പന്ത് താരത്തിന് കനത്ത വെല്ലുവിളിയാണ ഉയര്‍ത്തുന്നത്. ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റിലും ഇക്കഴിഞ്ഞ ഐ.പി.എല്ലിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച പന്ത് കഴിഞ്ഞ 15 വര്‍ഷക്കാലം ധോണി പകരക്കാരനില്ലാതെ വിരാചിച്ച വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാന്‍ എന്ന സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കഴിഞ്ഞു. 2004ല്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയ ജാര്‍ഖണ്ഡുകാരനായ നീളന്‍ മുടിക്കാരൻെറ അതേ അക്രമണോത്സുകതയും തീക്ഷ്ണതയുമാണ് പന്തിലും കാണാന്‍ സാധിക്കുന്നത്.

2014ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ച് നായകസ്ഥാനം വിരാട് കോഹ്ലിക്ക് നല്‍കിയും പുതുതലമുറക്ക് ബാറ്റണ്‍ കൈമാറുന്ന കാര്യത്തില്‍ ഒരുപരിധി വരെ ധോണി നീതിപാലിച്ചു. 2017 ജനുവരി നാലാം തിയതി ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം കൂടി ഒഴിഞ്ഞതോടെ ഒരു യുഗത്തിന് അന്ത്യമായിരുന്നു.


പുതുതലമുറയിലെ താരങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന കാര്യത്തിലും സമ്മര്‍ദ്ദഘട്ടങ്ങളില്‍ കോഹ്ലിക്ക് തന്ത്രമോദിക്കൊടുക്കുന്ന ധോണി ടീമിന് മുതല്‍ക്കുട്ട് തന്നെയാണ്. ലോ ഓര്‍ഡറില്‍ ബാറ്റുചെയ്ത് ഏകദിനത്തില്‍ 51 റണ്‍സ് ശരാശരിയില്‍ ബാറ്റുവീശുക എന്നത് ചില്ലറ കാര്യവുമല്ല. ഇംഗ്ലണ്ടില്‍ നന്നായി ബാറ്റുചെയ്ത ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കിയാല്‍ 2019ല്‍ നടക്കാന്‍ പോകുന്ന ലോകകപ്പില്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. നീളന്‍ മുടിയുമായി വന്ന് 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പും മുടിമുറിച്ചതിന് ശേഷം 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യയിലെത്തിച്ച ധോണിക്ക് ഒരു ലോകകപ്പ് കൂടി സമ്മാനിച്ച് വിടവാങ്ങാന്‍ അവസരം നല്‍കണമെന്നാഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ പ്രായം കൂടുമ്പോള്‍ മാറണമെന്നും പരിചയസമ്പത്തില്‍ മാത്രം നിലനില്‍ക്കാനാവില്ലെന്നത് ധോണി കൂടി പിന്തുടര്‍ന്ന് പോന്ന സിദ്ധാന്തമായിരുന്നെല്ലോ.


ഇതിഹാസതാരത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം വലിയ ബഹളങ്ങളോ ഒച്ചപ്പാടുകളോ ഇല്ലാതെ മാന്യമായി വിടവാങ്ങാന്‍ അവസരം നല്‍കുക എന്നതാണ്. അദ്ദേഹം ഗ്രൗണ്ടില്‍ വികാരത്തിന് അടിമപ്പെട്ടിരുന്നില്ല, അമിതാഹ്ലാദപ്രകടനങ്ങള്‍ നടത്തിയിരുന്നില്ല, പരാജയങ്ങളോ വിജയങ്ങളോ അവനെ പരവശനാക്കിയിരുന്നില്ല. ഖരഖ്പൂര്‍ റെയില്‍വേസ്റ്റേഷനിലെ ടിക്കറ്റ് കളക്ടറുടെ റോളില്‍ നിന്നും ഇന്ത്യന്‍ക്രിക്കറ്റിലെ കൊടുമുടികള്‍ ചവിട്ടിക്കയറിയ ധോണി മറ്റുള്ളവരുടെ അനുകമ്പക്കുവേണ്ടി കാത്തുനില്‍ക്കുന്നില്ലെന്ന് തന്നെ വേണം കരുതാന്‍. ധോണിയുടെ റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനൊപ്പം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് രാഷ്ട്രീയത്തില്‍ ഇന്നിങ്സിന് തുടക്കമിടാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhoniretirementmalayalam newssports newsCricket News
News Summary - MS Dhoni Fails To Perform- Sports news
Next Story