Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകാലഹരണപ്പെട്ട് ടിക്കി...

കാലഹരണപ്പെട്ട് ടിക്കി ടാക്ക; സ്ഥിരതയുള്ള ഇലവനുമായി മഞ്ഞപ്പട

text_fields
bookmark_border
കാലഹരണപ്പെട്ട് ടിക്കി ടാക്ക; സ്ഥിരതയുള്ള ഇലവനുമായി മഞ്ഞപ്പട
cancel

പ്രീ ക്വാര്‍ട്ടര്‍ അവസാനിക്കുന്നു. നിലവാരമുള്ള ആക്രമണ ഫുട്ബോളിൻെറ നേര്‍ക്കാഴ്ചകള്‍ കാട്ടിത്തന്ന മത്സരങ്ങള്‍ക്കൊപ്പം കളിയുടെ പരുക്കന്‍ വശവും കണ്ടിരുന്നു. ഒരേയൊരു ടീം, ജപ്പാന്‍ മാത്രമാണ് പുറത്തു പോയവരില്‍ കളിമികവ് കൊണ്ട് ആകര്‍ഷിച്ചത്. അര്‍ജന്റീന-ഫ്രാന്‍സ് (61 -39), പോര്‍ച്ചുഗല്‍-ഉറുഗ്വെ (68-32), സ്പെയിന്‍-റഷ്യ (79-21), സ്വിറ്റ്സര്‍ലന്‍ഡ് -സ്വീഡന്‍ (68 -32) . പൊസിഷനില്‍ വ്യക്തമായ വ്യത്യാസം, പാസ് അക്വറസി, ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് എല്ലാത്തിലും അര്‍ജന്റീന, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ക്കാണ് ആധിപത്യം. നാല് ടീമുകളും ലോകകപ്പിന് പുറത്താണ് എന്നത് കളികള്‍ കണ്ടവരെ അദ്ഭുതപ്പെടുത്തുന്നില്ല.

മെക്സിക്കോക്ക് ബ്രസീലിനേക്കാള്‍ പൊസിഷനില്‍ ആധിപത്യം, ബ്രസീല്‍ തികച്ചും ക്ലിനിക്കലായി അവരെ മറി കടക്കുന്നു. ഇംഗ്ലണ്ടും ബെല്‍ജിയവും ക്രോയേഷ്യയുമാണ്‌ പൊസിഷനിലെ ചെറിയ മുന്‍‌തൂക്കവുമായി ക്വാര്‍ട്ടര്‍ കണ്ടവര്‍. ഇംഗ്ലണ്ടും ക്രോയേഷ്യയും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത് എന്നത് പൊസിഷനെ അപ്രസക്തമാക്കുന്നു. പൊസിഷന്‍ എങ്ങനെയെങ്കിലും ഗോളുകള്‍ കൊണ്ട് വരുമെന്ന ധാരണ തെറ്റായിരുന്നു. എതിര്‍ ടീമിനനുസരിച്ചുള്ള തന്ത്രങ്ങള്‍ക്കും ഉറച്ചു നില്‍ക്കുന്ന പ്രതിരോധമെന്ന അടിത്തറയില്‍ നിന്ന് കൊണ്ട് നടത്തുന്ന മൂര്‍ച്ചയേറിയ ആക്രമണങ്ങള്‍ക്കും പകരം വക്കാന്‍ ഒന്നിനും കഴിയില്ല.

എംബൈപ്പെ
 


അര്‍ജന്റീന-ഫ്രാന്‍സ്. പതിവിനു വിപരീതമായി പൊസഷന്‍ കൈവിട്ടു കൊണ്ട് ആക്രമണങ്ങളുടെ വേഗതകൂട്ടിയ ഫ്രാന്‍സ് അര്‍ജന്റീനയെ ഞെട്ടിച്ചു. അല്പം ഡീപ്പായ റോളില്‍ പോഗ്ബയും കാന്റെയും ഒട്ടും വിസിബിള്‍ ആകാതെ നിയന്ത്രിച്ച മധ്യനിരയില്‍ നിന്നും ഫോര്‍വേഡ്, മിഡ് ഫീല്‍ഡര്‍, ഡിഫന്‍ഡര്‍ ഏതൊരു റോളിലും പ്രത്യക്ഷമായ ഗ്രീസ്മാനിലെക്കും പത്തൊമ്പതിൻെറ ആക്രമണത്വരയും അപാര വേഗമുള്ള എംബാപ്പേയിലേക്കും എത്തുന്ന നിമിഷങ്ങളില്‍ എല്ലാം ഗോള്‍മണമുണ്ടായിരുന്നു. 

അര്‍ജന്റീനയുടെ ബാക്ക് ലൈന്‍ പൊളിഞ്ഞതോടെ മത്സരഫലം കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ബ്രസീലിനു പറ്റിയ അവസ്ഥയില്‍ അവരെ എത്തിക്കുമോ എന്ന സംശയമുണ്ടായെങ്കിലും അദ്ഭുതകരമാം വിധം വീണ രണ്ടു ഗോളുകള്‍ അവരെ തിരികെ കൊണ്ട് വന്നു. പന്ത് കിട്ടുന്ന മുറക്ക് കടുത്ത ആക്രമണം അഴിച്ചു വിട്ട ഫ്രാന്‍സ് ഇഷ്ടാനുസരണം അര്‍ജന്റീനിയന്‍ പ്രതിരോധത്തെ കടന്നു പോയ്ക്കോണ്ടിരുന്നു. തകരുമ്പോള്‍ തിരിച്ചു വരാന്‍ കഴിയാത്ത വിധം തകരുന്നു എന്നതാണ് അര്‍ജന്റീനയുടെ പ്രശ്നം. എത്ര ഗോള്‍ ലീഡ് എടുത്താലും അതില്‍ കൂടുതല്‍ ഗോള്‍ വഴങ്ങിയേക്കും എന്ന തോന്നലുളവാക്കിയ പ്രതിരോധം. പെട്ടെന്ന് സമനില തെറ്റുന്ന കളിക്കാര്‍. ഇത് രണ്ടും ക്രൂഷ്യല്‍ നോക്കൗട്ട്‌ മത്സരങ്ങളില്‍ ഒഴിവാക്കേണ്ട ഘടകങ്ങളാണ്. കാൻെറ ലയണല്‍ മെസ്സിയെ പൂട്ടുന്നതോടെ മെസ്സിയുടെ സ്കോറിങ് എന്ന നിര്‍ണായക ഘടകം ഇല്ലാതാകുന്നു,മെസ്സി 2 അസ്സിസ്റ്റുകളില്‍ ഭാഗമാകുന്നുണ്ട് എങ്കിലും.

സംപോളി
 


സംപോളി എന്ന കോച്ച് ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിനു ഇടക്ക് വച്ച് ഫോര്‍മേഷനുകളും ലൈനപ്പും മാറ്റി പരീക്ഷണങ്ങള്‍ നടത്തുന്നത് രസകരമായി തോന്നി. സോളിഡ് ബെഞ്ച്‌ സ്ട്രെങ്ത് ഉള്ള ടീമുകള്‍ വരെ ഇത്തരം മണ്ടത്തരങ്ങള്‍ കാട്ടുന്നത് കുറവാണ്. ഡിബാല ഈ ലോകകപ്പില്‍ പരീക്ഷിക്കപ്പെട്ടില്ല എന്നത് കൊണ്ടല്ല അര്‍ജന്റീന പുറത്ത് പോയത്. ഡിബാലയെ പരീക്ഷിച്ചു അയാളുടെ പൊസിഷന്‍ നേരത്തെ ഉറപ്പിച്ചു വെക്കേണ്ടതായിരുന്നു എന്നതാണ് കാര്യം. മഷറാനോ തന്‍റെ ടോപ്‌ ലെവല്‍ കളി നാല് കൊല്ലം മുന്നേ കളിച്ചു കഴിഞ്ഞിരുന്നു എന്നതാണ് ഫാക്റ്റ്. ബെഞ്ചിലെക്കൊന്നു നോക്കികഴിഞ്ഞാല്‍ പ്രതിരോധത്തിലെ ഒപ്ഷനുകളുടെ അവസ്ഥ കണ്ടിട്ടാണ് സംപോളി മഷേയെ കൈവിടാത്തതെങ്കില്‍ ഫിയറന്റീനക്ക് കളിക്കുന്ന ടോപ്‌ ഡിഫന്‍ഡര്‍ ജര്‍മന്‍ പെസെല്ല ഒഴിവാക്കപ്പെട്ട കാരണം അയാള്‍ വിശദീകരിക്കേണ്ടതാണ്.

ഇക്കാര്‍ഡി ഉണ്ടായിരുന്നെങ്കില്‍ അര്‍ജന്റീന ലോകകപ്പ് നേടിയേനെ എന്ന അഭിപ്രായം ആര്‍ക്കുമുണ്ടാകില്ല. സീസണില്‍ 50 കളിയില്‍ നിന്നും 23 ഗോള്‍ നേടിയ സ്ട്രൈക്കര്‍ (ഹിഗു) 36 കളികളില്‍ നിന്നും 29 ഗോള്‍ നേടിയവനെക്കാളും മികച്ചതാകുന്നത് പക്ഷെ വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു ഇതിഹാസം പുറത്തേക്ക്. ലയണല്‍ മെസ്സി ഫുട്ബോള്‍ കണ്ടവരില്‍ മികച്ചവരില്‍ ഒരാളായി തുടരും. അയാളുടെ പിഴവുകള്‍ കൊണ്ടല്ല ടീം പുറത്തായതും. ഇനിയൊരു ലോകകപ്പ് വിദൂര സാധ്യതയായി അവശേഷിക്കുമ്പോള്‍ അയാളെ ഒരു മിഡ് ഫീല്‍ഡറായി, ഫീഡറായി അര്‍ജന്റീനിയന്‍ ജേഴ്സിയില്‍ കാണാന്‍ ആഗ്രഹമുണ്ട് (നല്ലൊരു ഫിനിഷറുമായി വരുന്നൊരു അര്‍ജന്റീന ടീമില്‍). ഖത്തറില്‍ അത് സാധ്യമാകുമോ എന്നറിയില്ല.

കവാനി
 


ടൂര്‍ണമെന്റിലെ ഏറ്റവും കമ്പോസ്ഡായ ടീമെന്ന തോന്നല്‍ ഉളവാക്കുന്ന ഉറുഗ്വെ .ഒരു സോളിഡ് ബാക്ക് ഫോര്‍, മികച്ചൊരു ഗോള്‍ കീപ്പര്‍. ഏതൊരു ടീമിന്റെയും പ്രാഥമിക ആവശ്യങ്ങളില്‍ അവര്‍ക്ക് മാര്‍ക്ക് ഫുള്ളാണ്. മധ്യനിരയുടെ ഭാവനയുടെ കുറവിനെ ലൂയി സുവാരസ്-കവാനി സഖ്യം ഒന്നാന്തരം ബില്‍ഡ് അപ്പ് പ്ലേ കൊണ്ട് പരിഹരിക്കുന്നു. മധ്യനിരക്ക് ചെയ്യേണ്ട ജോലി ഒന്ന് മാത്രമാണു. കിടിലന്‍ ത്രൂ പാസ്സുകളുടെയോ പെര്‍ഫക്റ്റ് ലോബ്ബുകളുടെയോ പിന്തുണയില്ലെങ്കില്‍ കൂടെ എങ്ങനെയെങ്കിലും പന്ത് മുന്നേറ്റ നിരയിലേക്ക് എത്തിക്കുക. ഉറുഗ്വെയുടെ വിജയസാധ്യതകള്‍ മെനഞ്ഞു തുടങ്ങുന്നത് അവിടെയാണ്. സുവാരസ് ആദ്യ ഗോളിന് നല്‍കിയ ക്രോസ് ലോകോത്തരമായിരുന്നു എന്നതിലുപരി അയാളുടെ അസാധ്യമായ വര്‍ക്ക് റേറ്റും കളിക്കുന്ന ടീമിന് വേണ്ടി ജയം മാത്രം ലക്ഷ്യമിട്ടുള്ള പലപ്പോഴും അണ്‍ എത്തിക്കലായി പോകുന്ന നീക്കങ്ങളും എല്ലാം കൂടെ ഒരു കമ്പ്ലീറ്റ് പാക്കേജായിട്ടാണ് അനുഭവപ്പെടുന്നത്. അണ്‍ സെല്‍ഫിഷ് ടീം പ്ലെയര്‍.

ഉറുഗ്വായ് പ്രതിരോധത്തെ എങ്ങനെ തകര്‍ക്കും എന്ന ആശങ്കയിലായിരുന്ന പോര്‍ച്ചുഗലിന് ആശ്വാസമായിട്ടാണ് ഉറുഗ്വായ് പ്രതിരോധത്തിന്റെ ഒരു നിമിഷത്തെ അശ്രദ്ധയില്‍ പെപ്പെയുടെ ഹെഡ്ഡര്‍ വരുന്നത്. ഏകദേശം 600 മിനുട്ടോളം അന്താരാഷ്ട്ര തലത്തില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നൊരു പ്രതിരോധം വഴങ്ങിയ ഗോള്‍. നോര്‍മലി ഉറുഗ്വെ ഉള്‍പ്പെട്ട ഇത്തരമൊരു ഗെയിം എക്സ്ട്രാ ടൈമിലേക്ക് പോകേണ്ടതാണ് എന്നിരിക്കെ മിനുട്ടുകള്‍ക്കുള്ളില്‍ ഉറുഗ്വെ കൌണ്ടറില്‍ പോര്‍ച്ചുഗല്‍ പ്രതിരോധം പിളര്‍ന്നു . ഫുള്‍ ക്രെഡിറ്റ് എഡിസന്‍ കവാനിക്കാണ്. തികച്ചും ബുദ്ധിമുട്ടുള്ള ഒരു ആംഗിളില്‍ നിന്നുള്ള സബ് ലൈം ഫിനിഷ് ആയിരുന്നു അത്.പൊസിഷന്‍റെ സിംഹഭാഗവും കയ്യടക്കി കളിച്ച പോര്‍ച്ചുഗലിനെ പിന്നെ ഗോള്‍ വീഴാതെ ഉറുഗ്വെ പിടിച്ചു നിര്‍ത്തുക തന്നെ ചെയ്തു.


മെസ്സിക്ക് പുറകെ റൊണാള്‍ഡോയും പുറത്തേക്ക്. കാര്യങ്ങളെ അമിതമായി വ്യക്തി കേന്ദ്രീക്ര്യതമാക്കാതെ മികച്ച ടീം അകത്തേക്ക് എന്ന രീതിയില്‍ കണ്ടു തുടങ്ങിയാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമേ ഈ രണ്ടു പേരുടെയും ആരാധകര്‍ക്കുള്ളൂ. റൊണാള്‍ഡോ പോര്‍ച്ചുഗലിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ലോകകപ്പ്. സ്പെയിനെതിരേ ഉജ്വല ഹാട്രിക്, മൊറോക്കോയെ വീഴ്ത്തിയ ഗോള്‍. വണ്‍ മാന്‍ ആര്‍മി എന്ന സങ്കല്‍പം തന്നെ യുക്തിയെ ചോദ്യം ചെയ്യുന്നതാണ്. ഫുട്ബോള്‍ ഒരു ടീം ഗെയിമാണ്. ഗ്രൗണ്ടില്‍ വ്യക്തിക്കല്ല ടീം എന്ന യാഥാര്‍ത്ഥ്യത്തിനാണ് പ്രാധാന്യം എന്നത് അംഗീകരിച്ചേ മതിയാകൂ.

റഷ്യക്ക് കൌണ്ടറില്‍ കൂടെ എതിരാളിയെ ഹേര്‍ട്ട് ചെയ്യാനുള്ള കഴിവില്ലായിരുന്നു എന്നത് കൊണ്ട് മാത്രമാണു കളി പെനാല്‍റ്റി ഷൂട്ട്‌ ഔട്ട്‌ വരെ നീണ്ടത് എന്നത് വ്യക്തമാണു. കളി ജയിക്കാന്‍ റഷ്യക്കുള്ള ഒരേയൊരു മാര്‍ഗം സ്പെയിനെ ഗോളടിക്കാതെ തടയുക എന്നതായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ സ്പെയിന്‍ നേരിട്ട ഹോളണ്ടോ ചിലിയോ പോലൊരു ടീമായിരുന്നെങ്കില്‍ സ്പെയിന്‍ വല നിറയെ ഗോളുമായി മടങ്ങുമായിരുന്നു, കാരണം സ്പെയിന്റെ കേളീശൈലി തല്‍ക്കാലം predictable എന്നതിനുമപ്പുറം കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നത് എന്ന തലത്തിലേക്ക് നീങ്ങുകയാണ്.

മത്സരശേഷം വികാരഭരിതമായി കളം വിടുന്ന ഇനിയസ്റ്റയും സഹതാരങ്ങളും
 


പ്രതാപകാലത്തെ സാവിയും ഇനിയസ്റ്റയും കളിച്ചിരുന്ന ടീമുമായി എന്താണ് വ്യത്യാസം എന്ന് ചോദിക്കുന്നത് തന്നെ ബുദ്ധിശൂന്യതയാണ്. ഷോര്‍ട്ട് പാസ്സുകളുടെ സിംഫണി എന്നതിലുപരി കളിയുടെ വിധി നിര്‍ണയിക്കുന്ന കില്ലര്‍ പാസ്സുകള്‍ നല്‍കാനുള്ള കഴിവുമായി സാവിയും ഇനിയസ്റ്റയും നിയന്ത്രിച്ച ആ ടീമുമായി ഒരു തുലനം പോലും ഈയൊരു ടീം അര്‍ഹിക്കുന്നില്ല . ഡേവിഡ് വിയയെ പോലൊരു സ്കോറര്‍ കൂടെ അവരുടെ നിരയില്‍ ഉണ്ടായിരുന്നു. എത്ര മികച്ച പാസ്സിങ് ഗെയിം കളിക്കുന്ന ടീമിനും ഫിനിഷിങ് എന്ന ഘടകമില്ലാതെ മുന്നോട്ടു പോകാനാകില്ല. സാവിയും ഇനിയസ്റ്റയും എതിര്‍ പ്രതിരോധത്തിലെ ചെറിയ പിഴവുകള്‍ പോലും മുതലെടുക്കുന്ന സാധ്യതകള്‍ അന്വേഷിച്ചു കൊണ്ടാണ് പന്ത് അസാമാന്യ നിയന്ത്രണത്തോടെ ചെറിയ പാസ്സുകളുടെ വല നെയ്തു എതിര്‍ ഗോള്‍ മുഖത്ത് ഒഴുകി നടന്നിരുന്നത്. ഇന്നത് വലിയ ലക്ഷ്യബോധമില്ലാത്ത പാസ്സുകളുടെ സമ്മേളനം മാത്രമായിരിക്കുന്നു. ഡിഫന്‍ഡര്‍മാര്‍ തമ്മിലുള്ള ടിക്കി ടാക്ക സമയം കളയുക എന്ന ഗുണം മാത്രമേ ചെയ്തുള്ളൂ. പാഴായ ആ സമയം സ്പെയിനിൻെറ വിധി നിര്‍ണയിക്കുകയും ചെയ്തു. ഇസ്കോയെ പോലൊരു മിഡ് ഫീല്‍ഡര്‍ക്ക് ഈയൊരു ടീമില്‍ തന്‍റെ സ്വാഭാവിക ഗെയിം പലപ്പോഴും പുറത്തെടുക്കാന്‍ കഴിയുന്നുമില്ല .


ദ ഇല്ല്യുഷനിസ്റ്റ് എന്ന പേരില്‍ വിഖ്യാതനായ ഒരേയൊരു ഇനിയസ്റ്റ തന്‍റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം മറക്കാനാഗ്രഹിക്കുന്ന വ്യക്തിയായിരിക്കും. ലോകഫുട്ബോളില്‍ അയാളുടെ പേര് മായാത്ത വിധത്തില്‍ പതിപ്പിച്ചു വച്ച മിഡ് ഫീല്‍ഡര്‍. അപാരമായ വിഷന്‍, പാസ്സിങ് മികവ് എന്നതിനൊക്കെ അപ്പുറം അയാളെ എങ്ങനെ വിശദീകരിക്കും എന്ന സംശയമുണ്ടെങ്കില്‍ പെപ് സഹായിക്കും. പെപ് ഗാര്‍ഡിയോള സാവിയോടു " "You're going to retire me, but he's going to retire us all."

റഷ്യക്ക് സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഓരോ റൌണ്ടും എങ്ങനെയും കടന്നു കൂടുകയാണ് ലക്ഷ്യം. ഇറാനെയും ഈജിപ്തിനെയും ഗോള്‍മഴയില്‍ മുക്കി വിട്ട അവരെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉറുഗ്വെ നിലത്തിറക്കി നിര്‍ത്തിയിരുന്നു. തങ്ങളുടെ അവസ്ഥ പെട്ടെന്ന് തിരിച്ചറിഞ്ഞ പോലെ സ്പെയിനെതിരേ പെനാല്‍റ്റി ഷൂട്ട്‌ ഔട്ട്‌ തന്നെയായിരുന്നു അവരുടെ ലക്ഷ്യവും. ഗ്രീസ് യൂറോ കപ്പില്‍ കാട്ടിയ പോലൊരു അട്ടിമറികള്‍ക്കുതകുന്ന ഒരു പ്രതിരോധമോ ,സെറ്റ് പീസില്‍ നിന്ന് ഗോളടിക്കാനുള്ള വൈദഗ്ദ്ധ്യമോ ഇല്ലാത്തത് കൊണ്ട് റഷ്യന്‍ വിപ്ലവം അടുത്ത റൌണ്ടില്‍ അവസാനിക്കാനാണ് സാധ്യതയും .


ക്രൊയേഷ്യ -ഡെന്മാര്‍ക്ക്‌ (54-46). പൊസിഷന്‍ യാതൊരു തരത്തിലും എഫക്റ്റ് ചെയ്യാതിരുന്ന മത്സരം. രണ്ടു ടീമുകളും ഒരേപോലെ നിര്‍ജീവമായ കളിയാണ് കളിച്ചത്. മോദ്രിച്, എറിക്സന്‍ ,റാക്കിട്ടിച്, മൂന്ന് ലോക നിലവാരമുള്ള മിഡ് ഫീല്‍ഡര്‍മാര്‍ കളിച്ച കളിയാണെന്ന് തോന്നാത്ത രീതിയില്‍ ലക്ഷ്യബോധമില്ലാത്ത കളി. ആദ്യത്തെ രണ്ടു ഗോളുകള്‍ക്ക് ശേഷം ക്രിയേറ്റീവായ നീക്കങ്ങളോ ഗോള്‍ ശ്രമങ്ങളോ ഇല്ലാതെ വിരസതയിലേക്ക് നീങ്ങിയ മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ ഒന്ന് മോദ്രിച്ച് നഷ്ടമാക്കിയ പെനാല്‍റ്റിയാണ്. 

കാസ്പര്‍ ഷ്മിക്കലിന്റെ സേവ് ലൂക്കാ മോദ്രിച്ചിനെ ഒരു നിമിഷം കൊണ്ട് ദുരന്തനായകൻെറ തലത്തിലേക്ക് പറഞ്ഞയച്ചെനെ. പക്ഷെ അധികമാര്‍ക്കും കിട്ടാത്ത ആ രണ്ടാമത്തെ അവസരം അയാള്‍ക്ക് ലഭിച്ചു . മുഴുവന്‍ സമയവും അധിക സമയവും പിടിച്ചു നിന്ന സ്കാന്‍ഡിനെവിയന്‍ രാജ്യത്തിനു കളിയില്‍ മൊത്തം നാല് പെനാല്‍റ്റി രക്ഷപ്പെടുത്തിയ ഗോളി ഉണ്ടായിട്ടു പോലും രക്ഷപ്പെടാന്‍ സാധിച്ചില്ല. പെനാല്‍റ്റി ഷൂട്ട്‌ ഔട്ട്‌ ഗോളികള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി മോശം പെനാല്‍റ്റികളുടെ ഘോഷയാത്രയായിരുന്നു. മൊത്തം അഞ്ച് പെനാല്‍ട്ടികള്‍ രക്ഷപ്പെടുത്തപ്പെട്ട ഷൂട്ട്‌ ഔട്ടില്‍ ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ മൂന്ന് എണ്ണമാണ് രക്ഷപ്പെടുത്തിയത്. റാക്കിറ്റിച് അവസാന കിക്ക് അനായാസം വലയിലെത്തിച്ചു കൊണ്ട് ക്രോയെഷ്യയെ കടത്തിവിടുകയും ചെയ്തു. ഫ്രാന്‍സുമായി സൌകര്യപൂര്‍വ്വം "ഗോള്‍രഹിത സമനില" കളിച്ചു ലോകകപ്പിലെ തന്നെ മോശം മത്സരങ്ങളില്‍ ഒന്നിന്റെ ഭാഗമായ ഡെന്മാര്‍ക്കിന് കാര്യമായി നിരാശപ്പെടേണ്ട കാര്യമില്ല .


ബ്രസീല്‍ ജയിക്കാനുള്ള ഫുട്ബോള്‍ കളിച്ചു തുടങ്ങിയിരിക്കുന്നു. സ്ഥിരതയുള്ള ഒരു ഇലവന്‍, സ്ഥിരതയുള്ള ഫുട്ബോള്‍ . പ്രതിഭാശാലിയുള്ള ഒട്ടേറെ കളിക്കാരെ വച്ചവര്‍ക്ക് അനായാസം മനോഹരമായ ആക്രമണ ഫുട്ബോള്‍ കളിക്കാന്‍ കഴിയാഞ്ഞിട്ടല്ല ,4 -4 -2ല്‍ അവര്‍ പെട്ടെന്ന് എക്സ്പോസ്ഡ് ആകാത്ത രീതിയാണ് പ്രിഫര്‍ ചെയ്യുന്നത്, 4 -2 -3-1ല്‍ ജര്‍മനി അവരെ പറത്തി കളഞ്ഞ സെമിഫൈനല്‍ ഓര്‍മയുള്ളത് കൊണ്ട് തന്നെ ബ്രസീല്‍ സേഫ്റ്റി ഫസ്റ്റ് അപ്പ്രോച്ച് തന്നെയാണ് സ്വീകരിക്കുന്നതും. അവര്‍ എതിരാളികളുടെ മേല്‍ സ്വയം ഇമ്പോസ് ചെയ്യുന്നില്ല, തങ്ങള്‍ തോല്‍പ്പിക്കപ്പെടാന്‍ കഴിയാത്തവരാണ് എന്ന തോന്നലും പ്രകടമായി ഉണ്ടാക്കുന്നില്ല. പക്ഷെ തീര്‍ച്ചയായും ഈ ബ്രസീല്‍ ടീം തന്നെയാണ് ഈ ടൂര്‍ണമെന്റില്‍ മറ്റു ടീമുകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ടീം.

ബ്രസീല്‍ കളിയുടെ വേഗം കുറക്കുകയും കൂട്ടുകയും ചെയ്യുന്ന രീതി ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വില്ലിയന്‍ തുടര്‍ച്ചയായി ഫസ്റ്റ് ഇലവനില്‍ കളിക്കുന്നു എന്നതിനു പ്രാധാന്യം കൂടുകയാണ്. ലിവര്‍പൂളിൻെറ ഫിര്‍മിഞ്ഞോ ജീസസിന് പകരം ആദ്യ ഇലവനില്‍ എന്നൊരു മാറ്റം സ്വപ്ന തുല്യമാകും. അസാധാരണമാം വിധം ആക്രമണത്തില്‍ സ്പേസ് സ്ര്യഷ്ടിക്കുന്നതിലും വര്‍ക്ക് റേറ്റിലും മുന്നിട്ടു നില്‍ക്കുന്ന ഫിര്‍മിഞോ നിരന്തരം പ്രസ് ചെയ്തു കൊണ്ടേയിരിക്കുന്ന കളിക്കാരനാണ്. ക്ലോപ്പിൻെറ സിസ്റ്റത്തില്‍ സലാഹ് -മാനെ സഖ്യം ഗോളുകള്‍ കൊണ്ട് കൂടുതല്‍ വിസിബിള്‍ ആണെങ്കില്‍ കൂടെ മികച്ച ഗെയിം റീഡര്‍ കൂടെയായ ഫിര്‍മിഞ്ഞോ തന്നെയാണ് ക്രൂഷ്യല്‍ ഫാക്ടര്‍. ലിവര്‍പൂളിൻെറ കാറ്റലിസ്റ്റിനെ എത്ര കളികളില്‍ സൂപ്പര്‍ സാബെന്ന രീതിയിലേക്ക് മാറ്റി നിര്‍ത്തുമെന്ന് നോക്കാം. ഒന്ന് മാത്രം പറയാം, ഈയൊരു ബ്രസീല്‍ ടീമിനെ ഏഴ് ഗോളുകള്‍ കൊണ്ട് നാണം കെടുത്താന്‍ കഴിഞ്ഞ ലോകകപ്പില്‍ ആയാലും ജര്‍മനിക്ക് കഴിയുമായിരുന്നില്ല.

ബ്രസീലിൻറെ രണ്ടാമത്തെ ഗോളിനായി ഫെർമിനോക്ക് പാസ് നൽകുന്ന നെയ്മർ
 


നെയ്മര്‍ തന്‍റെ സമകാലികരായ രണ്ട് ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയരുന്നതിന് സാക്ഷ്യം വഹിക്കുന്ന ലോകകപ്പായെക്കാം ഇത്. അയാളുടെ തീര്‍ത്തും അനാവശ്യവും സഹതാപജനകവുമായ ഡൈവുകള്‍ കളിയുടെ ഒഴുക്കിനെ പലപ്പോഴും തടസ്സപ്പെടുത്തുന്നു എന്നതു മാറ്റി നിര്‍ത്തിയാല്‍ നെയ്മര്‍ ടീമിന്‍റെ പ്രകടനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ബ്രസീലിനു വേണ്ടതും അതാണ്‌. പൌളിഞ്ഞോ ,കൗട്ടിന്യോ ,വില്ലിയന്‍, ജീസസ് പ്രതിഭകളുടെ ഈ സംഗമത്തിന്‍റെ പിന്‍ബലമുണ്ടെങ്കിലും ടീമെന്ന നിലയില്‍ ബ്രസീല്‍ ശരാശരിക്കും താഴെ പോകുന്ന ഒരു ദിവസം പോലും രണ്ടു ടീമുകള്‍ തമ്മിലുള്ള വ്യത്യാസമാകാന്‍ പോന്ന പ്രതിഭയുള്ള കളിക്കാരന്‍...

വീണ്ടുമൊരിക്കല്‍ കൂടെ പൊസിഷനിലെ മേല്‍ക്കോയ്മ (52-48) തുണക്കെത്തുന്നില്ല. എതിരാളികള്‍ ബ്രസീലായി പോയി എന്നത് മാത്രമാണു മെക്സിക്കൊയുടെ ദൗര്‍ഭാഗ്യം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്വീഡനെതിരെ ഏറ്റ തോല്‍വി അവരെ രണ്ടാം സ്ഥാനക്കാരാക്കി, ഏതൊരു ദിവസവും അവര്‍ ബ്രസീലിനു പകരം സ്വിസ് പടയെ സ്വീകരിക്കുമായിരുന്നു. ജര്‍മനിയെ ഒരു ഗോളിന് മറിച്ചിട്ട്‌ ആദ്യത്തെ അട്ടിമറി സ്ര്യഷ്ടിച്ച മെക്സിക്കോ സ്വിറ്റ്സര്‍ലന്‍ഡിന് തീര്‍ച്ചയായും ഒരു കടുത്ത പോരാട്ടം നല്‍കിയേനെ.


ജര്‍മനിക്കൊക്കെ സാധ്യമാകുന്ന രീതിയില്‍ ബെല്‍ജിയം തിരിച്ചു വന്നത് ഒപ്പോസിഷനെ ക്ര്യത്യമായി റീഡ് ചെയ്തു കൊണ്ടുള്ള കളിയിലൂടെയായിരുന്നു. പൊസഷനില്‍ അഭിരമിച്ചു കൊണ്ട് അലസമായി കളിച്ച ആദ്യപകുതി തിരിച്ചടിയായ ഉടനെ തന്നെ മറുമരുന്നു കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു. പ്രീ ക്വാര്‍ട്ടറിലെ ഏറ്റവും മികച്ച രണ്ടാം പകുതി, ഫ്രീ ഫ്ലോയിംഗ് അറ്റാക്കിങ് ഫുട്ബോള്‍. ജപ്പാനെ അല്പം നിസ്സാരമായി കണ്ട ബെല്‍ജിയത്തിനെ നാല് മിനുറ്റിന്നിടയില്‍ രണ്ട് ഗോള്‍ ലീഡ് എടുത്താണ് ജപ്പാന്‍ ഞെട്ടിച്ചത്. സാകിയുടെ ത്രൂ ബോള്‍ ,വെട്രോഗൻെറ പിഴവ്(പിഴവെന്നു തന്നെ പറയണം ,അയാളെ പോലൊരു ഡിഫന്‍ഡര്‍ ഇന്റര്‍സപ്റ്റ് ചെയ്യേണ്ട പന്ത് തന്നെയായിരുന്നു അത്.), ഹരാഗുച്ചി അപ്രതീക്ഷിതമായി സാധ്യമായിരുന്ന ഒരേയൊരു ആംഗിളില്‍ നല്ലൊരു ഷോട്ട് .അടുത്ത മിനുട്ടില്‍ തന്നെ ബെല്‍ജിയം ഹസാര്‍ഡിലൂടെ നടത്തുന്ന ശ്രമം പോസ്റ്റില്‍ ഇടിച്ചു മടങ്ങുന്നതോടെ കളി അപ്രതീക്ഷിതമാം വിധം ചൂട് പിടിക്കുകയും ബോക്സിനു പുറത്തു നിന്നുള്ള ഇനുയിയുടെ തകര്‍പ്പന്‍ ഷോട്ടില്‍ ജപ്പാന്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തതിനു ശേഷം ബല്‍ജിയം രണ്ടു ചേഞ്ചുകളിലൂടെ ജപ്പാനെ ആക്രമിക്കുകയാണ്. 

ജപ്പാന്‍റെ ഫിസിക്കിനെ വെല്ലുവിളിക്കാന്‍ മാത്രമാണു ഫെല്ലയിനി എത്തുന്നത്. അല്പം റഫായി നീക്കങ്ങളുടെ മുനയൊടിക്കാന്‍ കഴിവുള്ള ഫെല്ലയിനി ലുക്കാക്കുവിനൊപ്പം ബോക്സില്‍ നിറഞ്ഞതോടെ തങ്ങള്‍ക്കുണ്ടായിരുന്ന ഫിസിക്കല്‍ എഡ്ജ് ബെല്‍ജിയം ക്ര്യത്യമായി ചൂഷണം ചെയ്തു. വെട്രോഗനും ഫെല്ലയിനിയും ഗോളുകള്‍ നേടിയിട്ടും ജപ്പാന്‍ സമീപനം മാറ്റിയുമില്ല. അവസാന മിനുട്ടില്‍ തുറന്നു കിടന്ന മധ്യനിരയിലൂടെ ഡിബ്രുയന കുതിച്ചെത്തി നല്‍കിയ പാസ്സിലൂടെ തുടങ്ങിയ നീക്കം ബോക്സില്‍ ലുക്കാക്കുവിന്റെ ബ്രില്ല്യന്റ് ഡമ്മിയിലും വിജയഗോളിലും അവസാനിക്കുകയും ചെയ്തു.


ജപ്പാന്‍ ചെറിയ ടീമുകളുടെ സ്ഥിരം തന്ത്രമായ പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമണം തുടര്‍ന്നതാണ് ഇതൊരു ഓപ്പണ്‍ ഗെയിമാക്കി ബല്‍ജിയത്തിന്റെ സാധ്യതകള്‍ തുറന്നത്. ജപ്പാന്‍ ഹ്ര്യദയങ്ങള്‍ കീഴടക്കി കൊണ്ടാണ് മടങ്ങിയതെങ്കിലും ആത്യന്തികമായി അവര്‍ ജയിക്കേണ്ട മത്സരത്തെ ടാക്ട്ടികലി സമീപിക്കാതെ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. അറ്റ്‌ ലീസ്റ്റ് എക്സ്ട്രാ ടൈമിലേക്ക് പോകേണ്ട മത്സരത്തെ വിവേകമില്ലാത്ത ആക്രമണ രീതിയിലൂടെ അവസാന മിനുട്ടില്‍ മധ്യനിര മലര്‍ക്കെ തുറന്നിട്ട്‌ ഡിബ്രുയനെ അതിലൂടെ കയറി പോകാന്‍ അനുവദിച്ചു കൊണ്ടവര്‍ പുറത്തേക്കുള്ള വഴി തുറന്നു. മനോഹരമായ ആക്രമണ ഫുട്ബോള്‍ കാണികള്‍ക്ക് ആനന്ദമാണ്. അത് കളിക്കാത്തവരെ അവര്‍ വിമര്‍ശിച്ചു കൊണ്ടേയിരിക്കും. ഇത്തരം വമ്പന്‍ ടൂര്‍ണമെന്റുകളില്‍ മുന്നോട്ടു പോകാന്‍ അല്പം ടാക്ട്ടിക്സ്‌ ആവശ്യമാണ്‌. വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന്‍ കളിച്ച മനോഹരമായ ഫുട്ബോള്‍ ആരും ഓര്‍ത്തിരിക്കണം എന്നില്ല . പോളണ്ടിനെതിരെ അവസാന മിനുട്ടുകളില്‍ കളി ഒച്ചിഴയുന്ന വേഗത്തിലാക്കി അടുത്ത റൌണ്ടിലേക്ക് ടിക്കറ്റ് വാങ്ങിയ ജപ്പാന് അതറിയാഞ്ഞിട്ടല്ല. ശാരീരിക ന്യുനതകള്‍ മാത്രം മുതലെടുത്താണ് ബലത്തിലാണ് ബെല്‍ജിയം ജപ്പാനെ മറികടന്നത് എന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിച്ചെങ്കിലും പൂര്‍ണമായും അതങ്ങനെയായിരുന്നില്ല..ജപ്പാന് അവസരങ്ങള്‍ ലഭിച്ചിരുന്നു.

ഹസാര്‍ഡ്‌ നയിക്കുന്ന മധ്യനിരയിലെയും ആക്രമണത്തിലെയും ഏതാണ്ടെല്ലാ കളിക്കാരും ഉള്‍പ്പെടുന്ന ഒരു വിങ്, കെവിന്‍ ഡിബ്ര്യുയന്‍ ഒറ്റയാനെ പോലെ മറ്റൊരു വിങ്. ബെല്‍ജിയത്തിലെ ഏറ്റവും പ്രതിഭാശാലിയായ അറ്റാക്കിങ് മിഡ് ഫീല്‍ഡറെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ടുള്ള ഒരു ശൈലിയുമായി എത്ര ദൂരം പോകുമെന്ന് കണ്ടറിയണം. ദിബ്രുയന ഫ്രീയായി ഗോള്‍മുഖത്ത് അലയുമ്പൊഴും അയാളിലേക്ക് പാസ്സുകള്‍ കൊടുക്കപ്പെടുന്നില്ല എന്നത് ദുഖകരമാണ്. ബെല്‍ജിയത്തിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടണമെങ്കില്‍ രീതികള്‍ മാറ്റിയെ മതിയാകൂ. ബ്രസീല്‍ ഈസ്‌ വെയിറ്റിങ്..

കൊളംബിയ ടീമിൻറെ നിരാശ
 


അവസാന ദിവസത്തെ രണ്ടു മത്സരങ്ങളും നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. പരുക്കന്‍ കളി ഫുട്ബോള്‍ എന്ന ഗെയിമിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനു മറ്റൊരു ഉദാഹരണം. എട്ട് മഞ്ഞകാര്‍ഡുകള്‍ കണ്ട കളിയില്‍ കൊളംബിയന്‍ കളിക്കാരുടെ പെരുമാറ്റം അപലപനീയമായിരുന്നു. പ്രകോപനങ്ങളെ അതിജീവിച്ചു അക്ഷോഭ്യനായി നിലകൊണ്ട ഇംഗ്ലീഷ് നായകന്‍ ഹാരി കെയിന്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ഇംഗ്ലണ്ട് ഇന്ജുറി ടൈമിന്റെ അവസാന മിനുട്ട് വരെ ലീഡ് നിലനിര്‍ത്തിയെങ്കിലും 94 ആം മിനുറ്റില്‍ കൊളംബിയന്‍ ഡിഫന്‍ഡര്‍ യെറി മിന തന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ ഗോള്‍ നേടിക്കൊണ്ട് കൊളംബിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു. മൂന്ന് മികച്ച ഹെഡ്ഡറുകളില്‍ മൂന്ന് ഗോള്‍ നേടിയ മിന കൊളംബിയയുടെ ഈ ലോകകപ്പിലെ താരമാണ്. ഹാമിഷ് റോഡ്രിഗസിന്റെ അഭാവത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച കൊളംബിയക്ക് ഈ ഗോള്‍ ആവേശം പകര്‍ന്നെങ്കിലും എക്സ്ട്രാ ടൈമില്‍ ഗോള്‍ അകന്നു നിന്നു. ഒടുവില്‍ ഷൂട്ട്‌ ഔട്ടില്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക് ഫോര്‍ഡ് നിര്‍ണായക സേവിലൂടെ അവരെ ക്വാര്‍ട്ടറിലേക്ക് കടത്തി വിട്ടു .

ഇംഗ്ലണ്ട് ടീമിൻറെ ആഹ്ലാദം
 


ഒരു ലോകകപ്പ് നോക്ക് ഔട്ട്‌ റൌണ്ട് ഇതുവരെ ജയിക്കാത്ത ദൗര്‍ഭാഗ്യം തിരുത്തിയെഴുതാനെത്തിയ സ്വിസ് പട വീണ്ടും നിരാശരായി തന്നെ മടങ്ങുന്നു. 68-32 എന്ന രീതിയില്‍ പൊസിഷന്‍ കയ്യടക്കി കളിച്ച സ്വിറ്റ്സര്‍ലന്‍ഡ് വീണതും നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ വന്ന ഗോളിലൂടെയായിരുന്നു. ഫോസ് ബര്‍ഗിന്റെ ഷോട്ട് സ്വിസ്സ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് ജര്‍മനിയും മെക്സിക്കോയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്. തങ്ങളുടെ നിലവാരത്തിനൊത്ത കളി സ്വീഡനെതിരെ പുറത്തെടുക്കാന്‍ കഴിയാതെ പോയ സ്വിറ്റ്സര്‍ലന്‍ഡ് ഏഴാമത്തെ നോക്ക് ഔട്ട്‌ മത്സരവും പരാജയപ്പെട്ടു കണ്ണീരോടെ മടങ്ങി. നെതര്‍ലന്‍ഡ്‌സിനെ പുറന്തള്ളി പ്ലേ ഓഫില്‍ ഇറ്റലിയെ കീഴടക്കിയെത്തിയ സ്വീഡന് ഇനിയൊരുപാടു ദൂരം പോകാന്‍ സാധിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story