You are here

ഒന്നാം പ്രതി വാ​ൽ​വ​ർ​ഡേ; ഇത് ക്ലോപ്പ് ബ്രില്യൻസ്

യുർഗൻ ക്ളോപ്പ് കളി മെനയുന്ന ലിവർപൂളിന്റെ ഗ്രൗണ്ടിൽ ഒരു യുദ്ധം മുൻകൂട്ടികാണാത്ത ഏണസ്റ്റോ ഏ​ണ​സ്​​റ്റോ വാ​ൽ​വ​ർ​ഡേയാണ് ബാർസലോണയുടെ ചാമ്പ്യൻസ് ലീഗ് എക്സിറ്റിന്റെ ഒന്നാം പ്രതി. എ.എസ് റോമയിൽ നിന്ന് കിട്ടിയ അടിയുടെ പാട് ബാഴ്സ ആരാധകരുടെ ഹൃദയത്തിൽ നിന്ന് മാഞ്ഞുപോയിട്ടില്ലെങ്കിലും കോച്ച് അതെന്നേ മറന്നുകഴിഞ്ഞു. ഇല്ലെങ്കിൽ, ഇത്ര അലസമായി, തന്ത്രങ്ങളിലും ആത്മവിശ്വാസത്തിലും ദരിദ്രമായി അയാളുടെ ടീം 90 മിനുട്ട് മൈതാനത്ത് ചെലവഴിക്കില്ലായിരുന്നു. രണ്ടു ദിവസം മുമ്പ് ന്യൂകാസിൽ യുണൈറ്റഡ് കാണിച്ച തീയുടെ കാൽഭാഗമെങ്കിലും സ്പാനിഷ് ചാമ്പ്യൻസ് ഉള്ളിലെടുക്കേണ്ടതായിരുന്നു.

ആദ്യപാദത്തിൽ എവേ ഗോൾ വഴങ്ങാതെ 3-0 ജയവുമായി രണ്ടാം കളിക്കിറങ്ങാൻ കഴിയുക എന്നത് ഏതൊരു ടീമിന്റെയും സ്വപ്നമാണ്. എന്നാൽ നേരെ എതിർഭാഗത്ത്, വഴങ്ങിയ മൂന്നു ഗോളുകളുടെ പാപഭാരം എങ്ങനെ സ്വന്തം ടീമിന്റെ വിജയത്തിന് ഉപയോഗിക്കാം എന്ന് കണക്കു കൂട്ടുകയാണ് യുർഗൻ ക്ളോപ്പ് ചെയ്തത്. ഓർക്കണം, മുഹമ്മദ് സലാഹ്, ഫിർമിനോ എന്നീ രണ്ട് വിശ്വസ്തരുടെ സേവനം അയാൾക്ക് നഷ്ടമായി കഴിഞ്ഞിരുന്നു. ശനിയാഴ്ച, ലഭ്യമായ മികച്ച ടീമിനെ തന്നെ ഇടക്കിയിട്ടും പ്രീമിയർ ലീഗിൽ രണ്ടു ഗോൾ വഴങ്ങിയാണ് അയാളുടെ ടീം ജയിച്ചത്. പക്ഷേ, ആദ്യപാദത്തിൽ എതിരാളികളിൽ താൻ കണ്ട ദൗർബല്യങ്ങളെ മുഴുക്കെയും മുന്നിൽ വെച്ച് ക്ളോപ്പ് ഗൃഹപാഠം ചെയ്തു. പന്തുരുണ്ടു തുടങ്ങിയ നിമിഷം മുതൽ അതിന്റെ പ്രതിഫലനം മൈതാനത്തുണ്ടായിരുന്നു. ആദ്യഗോൾ സ്വന്തം പോസ്റ്റിൽ വീണപ്പോൾ ബാഴ്സ കളിക്കാരും ആരാധകരും അപകടം തിരിച്ചറിഞ്ഞിരിക്കണം. പക്ഷെ വാ​ൽ​വ​ർ​ഡേവർദേ മാത്രം അങ്ങേയറ്റം ശുഭാപ്തി വിശ്വാസം പുലർത്തി.


വിനാൽദമിനെ ബെഞ്ചിലിരുത്തി ഷെർദൻ ശാഖിരിയെയും ഡിവോക് ഒറിഗിയെയും സ്റ്റർട്ടിങ് ഇലവനിൽ കളിപ്പിക്കുക വഴി ക്ളോപ്പ് ബാഴ്സക്ക് നൽകിയ സന്ദേശം ആദ്യന്തം ഹൈ-പ്രസ്സ് ഗെയിം നേരിടാൻ ഒരുങ്ങിക്കൊള്ളുക എന്നായിരുന്നു. വാ​ൽ​വ​ർ​ഡേ ആകട്ടെ, കഴിഞ്ഞ മത്സരത്തിലെ ഇലവനെ തന്നെ ആണ് ഇറക്കിയത്. റൈറ്റ് ബാക്ക് വിങ്ങിൽ സമഡോ തുടക്കം മുതലുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. ഡിഫൻഡ് ചെയ്യാനുള്ള ഒരു മത്സരത്തിൽ പാതിവെന്ത സെർജി റോബർട്ടോയെ തന്നെ എന്തുകൊണ്ട് പരീക്ഷിച്ചു എന്ന് മനസ്സിലായില്ല. ഹൈബോൾ നിരന്തരം കളിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു കളിയിൽ, ഫുട് വർക്കിലും ഡ്രിബ്ലിങ്ങിലും ക്രോസുകളിലുമെല്ലാം അസാമാന്യ മികവുള്ള മാനേയെ തളയ്ക്കാൻ ഒരു പ്രോപ്പർ വിങ് ബാക്ക് തന്നെ വേണമായിരുന്നു.

എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടും മുമ്പുതന്നെ ബാഴ്സയുടെ വലകുലുങ്ങി. ജോർഡി ആൽബ പിഴവുവരുത്തുമെന്ന് മുൻകൂട്ടിക്കണ്ട സാദിയോ മാനേക്കാണ് ആ ഗോളിൻെറ ക്രെഡിറ്റ്. ഹെൻഡേഴ്സൻെറ ഷോട്ട് ടെർസ്റ്റഗൻ പണിപ്പെട്ടു തടഞ്ഞപ്പോൾ ഒറിഗി സർവ സ്വതന്തനായി നിൽപ്പുണ്ടായിരുന്നു. അപ്പോൾ തന്നെ വാ​ൽ​വ​ർ​ഡേ ചിലത് തിരിച്ചറിയേണ്ടതായിരുന്നു.


ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ വേണ്ടി താൻ എന്തും നൽകാൻ തയ്യാറാണെന്നാണ് കഴിഞ്ഞയാഴ്‌ച വിജയത്തിനു ശേഷം അർത്തുറോ വിദാൽ പറഞ്ഞത്. ആദ്യപകുതിയിൽ ബാഴ്സ കൂടുതൽ ഗോൾ വഴങ്ങാതിരുന്നതിനു പിന്നിൽ ആ പ്ലെയറുടെ സംഭാവന പ്രകടമായിരുന്നു. അതേസമയം, സെറ്റിൽ ചെയ്യാനുള്ള ബാഴ്സയുടെ ശ്രമങ്ങളെ മാറ്റിപ്പ്-വാൻ ഡൈക്-ഫാബിഞ്ഞോ ത്രയം അനായാസമെന്നോണം വിഫലമാക്കി. ഒരു വശത്ത് റോബർട്സണും മറുവശത്ത് അലക്‌സാണ്ടർ അർനോൾഡും ചടുലമായി കളിച്ചപ്പോൾ ലിവർപൂളിന്റെ ആക്രമണവും ശക്തമായി.

ആദ്യപകുതിയിൽ നന്നായി കളിച്ച റോബർട്സനെ പിൻവലിച്ചു വിനാൽഡമിനെ ഇറക്കാനുള്ള ക്ളോപ്പിൻെറ തീരുമാനമാണ് രണ്ടാം പകുതിയിൽ നിർണായകമായത്. അതുപോലെ ശാഖിരിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യവും കോച്ച് നൽകി. മിൽനർക്ക് പിന്നിലേക്കിറങ്ങേണ്ടി വന്നെങ്കിലും ഡച് താരത്തിൻെറ വരവും ശാഖിരിക്ക് ലഭിച്ച അധിക സ്‌പേസും കളി മാറ്റി. ബാഴ്സയുടെ പ്രതിരോധ ദൗർബല്യം തുറന്നുകാട്ടി ഉടൻ തന്നെ ഗോളുകൾ വന്നു. അൽബയുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയ അർണോൾഡ് ബോക്സിലേക്ക് ക്രോസ് തൊടുത്തപ്പോൾ വഴിയിലെങ്ങും ആരുമുണ്ടായിരുന്നില്ല. വിദാലിനെ ശരീരം കൊണ്ട് കീഴടക്കിയ വിനാൽഡം തൊടുത്ത ക്ളോസ് റേഞ്ച്‌ ഷോട്ട് വലകുലുക്കി.


അപ്പോഴെങ്കിലും വാ​ൽ​വ​ർ​ഡേ ഉണരേണ്ടതായിരുന്നു. പക്ഷേ, നിർണായകമായ അടുത്ത ഗോളും സ്വന്തം വലയിൽ പതിക്കേണ്ടി വന്നു അയാളുടെ തപസ്സിളകാൻ. ഇടത്തുവശത്തു നിന്ന് ശാഖിരി തൊടുത്തുവിട്ട പന്ത് ബോക്സിന്റെ മധ്യത്തിൽ എത്തുമ്പോഴാണ് ബാഴ്സ പ്രതിരോധം അപകടം തിരിച്ചറിയുന്നത്. പക്ഷെ, വൈകിപ്പോയിരുന്നു. യഥാർത്ഥത്തിൽ യുർഗൻ ക്ളോപ്പിന്റെ കയ്യൊപ്പ് പതിഞ്ഞ മനോഹര ഗോളായിരുന്നു ഇത്. ഒറിഗിയുടെ വലതുഭാഗത്തു നിന്നുള്ള ക്രോസിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കിലും മിൽനറും ശാഖിരിയും ചേർന്ന് നടത്തിയ ആസൂത്രമാണ് ബാഴ്സയുടെ താളം തെറ്റിച്ചത്.

മൂന്ന് ഗോൾ പിന്നിലായ ശേഷമുള്ള സമഡോയുടെ വരവ് ബാഴ്സയുടെ നീക്കങ്ങളിൽ പ്രതിഫലിച്ചെങ്കിലും അപ്പോഴേക്ക് കളി ലിവർപൂൾ ജയിച്ചു കഴിഞ്ഞിരുന്നു. ജേതാക്കളെ പോലെ അവർ പന്തുതട്ടി. തലങ്ങും വിലങ്ങുമുള്ള ആക്രമണങ്ങളിൽ വശംകെട്ട ബാഴ്സ കളിക്കാർ ആലസ്യം കാട്ടിയ നിമിഷത്തിൽ അർണോൾഡ് അടുത്ത ഗോളിന് ചരടുവലിക്കുകയും ചെയ്തു.


പൂർണമായും ലിവർപൂൾ അർഹിച്ച ജയമായിരുന്നു ഇത്. അവർ ആദ്യാന്തം ഇതിനു വേണ്ടിമാത്രം കളിച്ചു. അന്തിമ നിമിഷങ്ങളിൽ പോലും അവർ നടത്തിയ പ്രെസ്സിങ് ആ മനോഭാവം പ്രതിഫലിപ്പിച്ചു. ഒരു ഗോളെങ്കിലും നേടിയിരുന്നെങ്കിൽ നില സുരക്ഷിതമാക്കാമായിരുന്ന ബാഴ്സയാകട്ടെ ആക്രമണ തന്ത്രങ്ങളൊന്നുമില്ലാതെ ഉഴറി. മെസ്സി മൈതാനത്ത് ഒറ്റപ്പെട്ടു നിന്നപ്പോൾ സുവാരസും കുട്ടിഞ്ഞോയും ദുരന്തമായി. രണ്ടാം പകുതി തുടങ്ങുമ്പോൾ സെർജി റോബർട്ടോക്ക് പകരം സമഡോയും കുട്ടിഞ്ഞോക്ക് പകരം ആർത്തുറും വന്നിരുന്നെങ്കിൽ കളിയുടെ ഫലം മറ്റൊന്നായേനെ എന്നു വിശ്വസിക്കുന്നു. ഒരുപക്ഷേ 2-0 നെങ്കിലും കളി തീർന്നേനെ. ശാരീരിക മികവിലും വേഗതയിലും ലിവർപൂളിൻെറ മൂർച്ച തടയാനുള്ള വിഭവങ്ങൾ ഇപ്പോഴത്തെ ബാഴ്സയിൽ ഇല്ല എന്നു വ്യക്തമാക്കിയ മത്സരമായിരുന്നു ഇത്.

Loading...
COMMENTS