ലഖ്നൗ: ഇന്ത്യൻ ടീമിൽ ഇപ്പോൾ മികച്ച ഫീൽഡർമാർ ഉണ്ടെങ്കിലും തന്നെപ്പോലെയോ യുവരാജ് സിങ്ങിനെ പോലെയോ ഉള്ള സമ്പൂർണ്ണ ഫീൽഡർമാരുടെ അഭാവമുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2002ൽ ഇംഗ്ലണ്ടിനെതിരായ നാറ്റ്വെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ഹീറോയായി മാറിയ കൈഫ് ഇതുവരെ 100 ഏകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. പ്രധാനമായും ഗംഭീര ഫീൽഡിങ് മികവ് കൊണ്ടായിരുന്നു താരത്തിന് നിരന്തരം അവസരങ്ങൾ ലഭിച്ചിരുന്നത്.
യുവരാജിെൻറയും കൈഫിെൻറയും കാലത്തെ ഇന്ത്യയുടെ ഫീൽഡിങ് മികവ് ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കൈഫ് സ്പോർട്സ് സക്രീൻ എന്ന യൂട്യൂബ് ചാനലിനോട് മനസുതുറന്നത്.
ഒരു സമ്പൂർണ്ണ ഫീൽഡിങ് പാക്കേജ് ആവണമെങ്കിൽ നിങ്ങൾ ഒരു മികച്ച ക്യാച്ചർ ആയിരിക്കണം. നിങ്ങൾക്ക് എല്ലായ്പ്പോഴും നന്നായി ഒാടാനും ബോൾ സ്റ്റംപ് ചെയ്യാനും സാധിക്കണം. അതിവേഗതയിൽ സഞ്ചരിക്കുന്ന ബാൾ കൈയ്യിലൊതുക്കാനുള്ള ടെക്നിക് വശമായിരിക്കണം. -കൈഫ് പറഞ്ഞു. ഞാനും യുവരാജുമൊക്കെ കളിച്ചിരുന്ന സമയത്ത് ഞങ്ങൾ രണ്ടുപേരും ഏറ്റവും മികച്ച ഫീൽഡർമാർ എന്ന പേര് സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ ഇന്ത്യൻ ടീമിൽ നിങ്ങൾക്ക് മികച്ച ഫീൽഡർമാരെ കാണാൻ സാധിച്ചേക്കും. എന്നാൽ ഒരു ‘കംപ്ലീറ്റ് ഫീൽഡർ’ ആയിട്ടുള്ള ഒരാളെ ചൂണ്ടിക്കാണിക്കാനില്ല. സ്ലിപ്പിൽ നിന്നുകൊണ്ടും ഷോർട്ട് ലെഗിലും ക്യാച്ചെടുക്കാൻ സാധിക്കുന്ന, ലോങ് ബൗണ്ടറി പായിക്കുന്ന പന്ത് ഒാടിപ്പിടിക്കാൻ കഴിയുന്ന, തരത്തിലുള്ള ഫീൽഡർമാർ ഇപ്പോൾ ഇല്ല. -ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീൽഡറായി അറിയപ്പെടുന്ന കൈഫ് കൂട്ടിച്ചേർത്തു. രവീന്ദ്ര ജഡേജ മികച്ച ഫീൽഡറാണ്. വർഷങ്ങൾ കഴിയുന്തോറും അദ്ദേഹത്തിെൻറ മികവ് വർധിച്ച് വരുന്നുണ്ട്. എന്നാൽ സ്ലിപ് ഫീൽഡിങ് മേഖലയിൽ ഇന്ത്യയിപ്പോഴും മികവ് പുലർത്തുന്നില്ലെന്നാണ് കൈഫിെൻറ പക്ഷം.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിൽ ആരാണ് മികച്ചതെന്ന കാര്യത്തിലും കൈഫ് മനസ് തുറന്നു. ഇരു താരങ്ങളും രണ്ട് ടീമുകളിൽ കളിക്കുകയാണെങ്കിൽ രോഹിതിെൻറ ബാറ്റിങ്ങുള്ള മത്സരമായിരിക്കും ഞാൻ കാണുക. കോഹ്ലിക്ക് ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോർഡുകൾ ഉണ്ടായിരിക്കാം. എന്നാൽ, രോഹിതിെൻറ ബാറ്റിങ്ങിന് ഒരു പ്രത്യേക ഭംഗിയുണ്ട്. താൻ ആക്രമണ മൂഡിലാണെന്ന് തനിക്കെതിരെ പന്തെറിയുന്ന ബൗളറെ പോലും അറിയിക്കാതെ അടിച്ചുതകർക്കാൻ കഴിവുള്ള ബാറ്റ്സ്മാനാണ് രോഹിത്. -കൈഫ് വ്യക്തമാക്കി.