You are here

പിർലോ: കാൽപന്തുകളിയിലെ കാൽപനികൻ

ഹരികുമാർ സി
21:36 PM
08/01/2020

2004ൽ കളിക്കാരൻ എന്ന നിലയിൽ വിരമിക്കുമ്പോൾ, സമകാലീന ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച കോച്ചുകളിൽ ഒരാളായ പെപ്  ഗോർഡിയോള, താൻ കളിച്ചിരുന്ന പൊസിഷൻ ഇനി ഫുട്ബോളിൽ അന്യം നിന്നുപോവുമെന്ന് സങ്കടത്തോടെ ലോകത്തെ ഓർമിപ്പിച്ചു. മധ്യനിരയ്ക്ക് പിന്നിൽ നിന്നും കളിമെനയുന്ന കലാകാരൻമാർ ഇനി ഫുട്ബോളിൽ ഉണ്ടാവില്ലെന്നും, മറിച്ച്, നഷ്ടപെട്ട പന്ത് റാഞ്ചുകയും പ്രതിരോധം തീർക്കുകയും മാത്രം ഒരേയൊരു ലക്ഷ്യമായി കാണുന്ന മധ്യനിരക്കാരുടെ കാലമാവും ഇനി വരാനുള്ളത് എന്നും പെപ് വിലപിച്ചു... എന്നാൽ, ഏതുകാലം വന്നാലും, ഫുട്ബാൾ ഉള്ളിടത്തോളം കാലം മൂല്യമുള്ള ഒരാൾ, കാൽപന്ത് കളിയിലെ അവസാനത്തെ കലാകാരൻ; അയാളുണ്ടാവും, വംശനാശം വന്നേക്കാവുന്ന തന്നെപോലുള്ള അനേകായിരം കളിമെനയലുകാരെ ഓർമിപ്പിക്കാൻ എന്നും പെപ് ഗോർഡിയോള പറഞ്ഞു. 

സാവിയും ഇനിയേസ്റ്റയും തങ്ങളോടൊപ്പം ബാഴ്‌സലോണയിൽ കളിക്കാനുണ്ടാവണം എന്ന് മോഹിച്ച ഒരാൾ, ബ്രസീലുകാർ ബ്രസീലിയൻ ഫുട്ബാൾ കളിക്കാരെ പോലെ സ്നേഹിച്ചൊരാൾ, ഇറ്റലിക്കാരുടെ ദി പ്രഫസർ, ലോകമെങ്ങും ഫുട്ബാളിനെ സ്നേഹിക്കുന്നവരിൽ ഭൂതകാലത്തിന്‍റെ നഷ്ടവാസന്തത്തെ ഓർമിപ്പിക്കുന്നൊരാൾ, കാൽപന്തുകളിയിലെ തത്വചിന്തകൻ, കളിക്കളത്തിലെ മൊസാർട്... ആന്ദ്രേ പിർലോ... അയാളായിരുന്നു ഗോർഡിയോള പറഞ്ഞ ആ അവസാനത്തെ കലാകാരൻ... 2017ൽ ആയാളും ഒടുക്കം തന്‍റെ പിൻനടത്തം തീരുമാനിച്ചു. പറഞ്ഞു തീർക്കാത്ത അനേകമനേകം തത്വചിന്തകളും, ഈണങ്ങളും ബാക്കിവെച്ചു കൊണ്ട്, നീണ്ടകാലമായി പരാതിപറയുന്ന, ബലമില്ലാത്ത മുട്ടുകാലിനെ ഓർത്തുകൊണ്ട്, ആന്ദ്രേ പിർലോ എന്ന കളിക്കാരൻ ബൂട്ടഴിച്ചു. പക്ഷേ, ചിലതു ബാക്കി വെച്ചുകൊണ്ട് തന്നെയാണ്. അതുപക്ഷേ പിർലോ എന്ന ആശയം, പ്രത്യയശാസ്ത്രത്തെ ആണ്... 

പിർലോ എന്ന കളിക്കാരനും ആശയവും രണ്ടും അതിമനോഹരമായിരുന്നു. ജോർജ് വാൽടാനോ ഒരിക്കൽ പറഞ്ഞത് പോലെ വേറെയേതോ കാലഘട്ടത്തിന്‍റെ ചേതനയായിരുന്നു അയാളിൽ പരിലസിച്ചത്. അയാളുടെ കാൽപന്തുകളി യഥാർഥത്തിൽ പഴയ കാലത്തേക്കുള്ള തിരിച്ചുപോക്ക് തന്നെയായിരുന്നു. സെപ്പിയ ടോണിൽ ചിത്രങ്ങൾ കാണുന്നത് പോലെ, പിർലോ ഫുട്ബാൾ ആസ്വാദകരെ തിരക്കുകളില്ലാത്ത, ഗൃഹാതുരമായ ഓർമകൾ തരുന്ന മറിഞ്ഞുപോയ കലണ്ടർ കള്ളികളിലേക്കു തിരിച്ചുവിട്ടു.

ഒരു തനത് ഇറ്റാലിയൻ കാൽപന്തുകളിക്കാരൻ എന്തൊക്കയാണോ അതൊന്നും പിർലോയിൽ ഇല്ലായിരുന്നു. വേഗവും,കരുത്തും, സ്റ്റാമിനയും, എന്തിന് ഉയരം പോലുമയാൾക്കില്ലായിരുന്നു. യൂറോപ്യൻ ഫുട്ബാളിനെ അടയാളപെടുത്തുന്ന അഗ്രസീവ് ആയ സമീപനം, പവർ, പുറമേക്ക് കാണിക്കുന്ന അടങ്ങാത്ത വിജയതൃഷ്ണ ഒന്നും അയാൾക്കില്ലായിരുന്നു... പക്ഷേ, അയാൾക്കൊരു താളമുണ്ടായിരുന്നു, പതിഞ്ഞ ഇറ്റാലിയൻ സംഗീതത്തിന്‍റെ താളം.

ബെൽ പാസെ എന്നാൽ ഇറ്റലിയെ വിളിക്കുന്ന പേരാണ്. മനോഹരമായ രാജ്യം എന്നർഥം. പിർലോ കളിച്ച ഫുട്ബാൾ യഥാർഥത്തിൽ തന്‍റെ രാജ്യത്തെ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു. മനോഹാരിതമായിരുന്നു അത്. ആ രാജ്യത്തിന്‍റെ ചാരുതയും, അനായാസ സൗന്ദര്യവും, ഡിസൈനും, കാല്പനികതയും, കല്പനാചാതുര്യവും, പുതുവഴി കണ്ടെത്തുവാനുള്ള അടങ്ങാത്ത ആഗ്രഹവും, കലയും, ഭംഗിയിലേക്കുമുള്ള അവസാനിക്കാത്ത യാത്രയോടുള്ള പ്രണയവും ഉണ്ടായിരുന്നു. കാലുകൊണ്ട് മൈതാനത്തു ചിത്രം വരഞ്ഞ മൈക്കലാഞ്ചലോ ആയിരുന്നു പിർലോ. 

ശാരീരികമായ സവിശേഷതകൾ പറയാനായി ഒന്നുമില്ലങ്കിലും അയാൾക്കുള്ളത് ചിന്തിക്കുന്ന ഒരു തലച്ചോറായിരുന്നു. മറ്റാരും കാണാത്ത  കളിവഴികൾ അയാൾ മുന്നേ കണ്ടു. അതുകൊണ്ട് തന്നെ അയാൾക്കൊരു തിടുക്കവും ഇല്ലായിരുന്നു. അയാളൊന്നു വേഗത്തിൽ ഓടുന്നത് പോലും നാം കണ്ടിട്ടുണ്ടാവില്ല. അപാരമായ ബുദ്ധികൂർമതയും, അതിനെ കവച്ചുവെക്കുന്ന പൊസിഷനിങ് സെൻസുമായിരുന്നു പിർലോയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ മറ്റു കളിക്കാർ അധ്വാനിച്ചു കവർ ചെയ്യുന്നത്രയും ദൂരം അയാൾ അതീവസുന്ദരമായി, അനായാസമായി ചെയ്തു. ഒരു ചെറുകാലനക്കം കൊണ്ടുവരെ എതിർ കളിക്കാർ പിർലോയ്ക്കു മുന്നിൽ കബളിപ്പിക്കപ്പെടുമായിരുന്നു. 

മൈതാനത്തു പന്ത് കിട്ടുന്ന സമയത്ത് തന്നെ മാർക്കു ചെയ്യുന്നവരിൽ നിന്നും അയാൾ കൗശലത്തോടെ ഒഴിഞ്ഞു മാറി. ഒന്നോ രണ്ടോ നിമിഷങ്ങളിൽ അയാളും പന്തും മാത്രമായി വേറെയേതോ ലോകത്തെത്തുമായിരുന്നു. ജെസ്‌പേർ മസ്കെലിനെ പോലെ പിർലോ തനിക്കുമാത്രം ഒരു മരുപ്പച്ച സൃഷ്ടിക്കും, പിന്നെ ശൂന്യതയിൽ നിന്നും തിരികെവരികയും ആരും മനസ്സിൽ കാണാത്ത ഗോൾവഴി തുറക്കുകയും ചെയ്യുമായിരുന്നു. 

മഹാനായ പോളിഷ് ഫുട്ബാളർ ബിഗ്ന്യൂ ബോണിക്ക് ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു, പിർലോയ്ക്ക് പാസ് നൽകുന്നു എന്നാൽ പന്ത് നിങ്ങൾ മൈതാനത്തു ഒളിപ്പിച്ചു വെക്കുന്നു എന്നാണർഥം... ആൻസെലോട്ടിയുടെ അഭിപ്രായത്തിൽ മറ്റുകളിക്കാർക്ക് അവരുടെ ജീവിതകാലം മുഴുവനെടുത്താലും കാണാൻ സാധിക്കാത്ത പാസ്സുകൾ പിർലോ നിമിഷാർധങ്ങളിൽ കാണുമായിരുന്നു. മറ്റുള്ളവർ ഊടുവഴികൾ കണ്ട സ്ഥലങ്ങളിൽ പിർലോ ഹൈവേ തന്നെ കണ്ടെത്തിയിരുന്നു. സ്പീഡ് ഇല്ലായ്മ തന്നെ ഒരർഥത്തിൽ അയാളുടെ കൺകെട്ടായിരുന്നു, കാലുകൾക്കായിരുന്നു വേഗക്കുറവ്, എന്നാൽ മുകളിൽ തലച്ചോറിൽ അയാൾ ചെസ്സ് കളിക്കാരെ ഓർമിപ്പിക്കുംവിധം മൂന്നോ നാലോ നീക്കങ്ങൾക്കു മുന്നിൽ ചിന്തിച്ചിരുന്നു. 

തന്‍റെ നാട്ടിലെ ബ്രേഷ്യാ എന്ന ക്ലബ്ബിലൂടെയായിരുന്നു പിർലോയുടെ ഫുട്ബാൾ യാത്രയുടെ തുടക്കം. ഒട്ടും താമസിയാതെ പിർലോയ്ക്കു വേണ്ടി ഇറ്റാലിയൻ വമ്പന്മാരായ ഇന്‍റർമിലാൻ രംഗത്തെത്തി. ഇന്‍ററിൽ  അയാൾക്ക്‌ പക്ഷേ മറക്കാനാഗ്രഹിക്കുന്ന അനുഭവങ്ങളായിരുന്നു. ടീമിൽ സ്ഥാനം ലഭിക്കാതെയും, മികച്ച പ്രകടനം നടത്താനാകാതെയും പിർലോ വിഷമിച്ചു. അന്നൊക്കെ പിർലോ സ്‌ട്രൈക്കർ ആയിട്ടോ, അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയിട്ടോ ആണ് കളിച്ചിരുന്നത്. 

നിരാശയോടെ പിർലോ വീണ്ടും ബ്രേഷ്യായിലേക്ക് തിരിച്ചെത്തി. റോബർട്ടോ ബാജിയോ അന്ന് ആ ക്ലബ്ബിൽ കളിച്ചിരുന്നു. രണ്ടു കളിക്കാരെയും ടീമിൽ ഉൾപ്പെടുത്താൻ കോച്ച് കാർലോ മസോൺ ഒരു വഴി കണ്ടെത്തി. പിർലോയെ മസോൺ കുറച്ചുകൂടെ താഴേക്കിറക്കി 'രെജിസ്റ്റ' എന്ന കളിമെനയുന്ന പ്രതിരോധക്കാരന്‍റെ റോൾ കൊടുത്തു. ആധുനിക ഫുട്ബാളിനെ മാറ്റിമറിച്ച ഒരു തീരുമാനമായി ഇത് മാറുമെന്ന് ഒരു പക്ഷെ കാർലോ മസോൺ വരെ വിചാരിച്ചു കാണില്ല. 

ഇറ്റാലിയൻ ഭാഷയിൽ രെജിസ്റ്റയുടെ അർഥം ഡയറക്ടർ അഥവാ സംവിധായകൻ, നടത്തിപ്പുകാരൻ എന്നൊക്കെയാണ്...
പിർലോ തന്‍റെ ടീമിനെ തിരശീലയ്ക്കു പിറകിൽ നിന്നുകൊണ്ട് നയിച്ചു. പ്രതിരോധനിരയിൽ നിന്നും പന്ത് വാങ്ങിയും കുറിയതും വലുതുമായ പാസുകൾ കൊടുത്തും, തിരിച്ചു വാങ്ങിയും, പന്ത് കൈവശം വച്ചും, കൃത്യസമയത്ത്, കൃത്യമായ ആളുകൾക്കു പന്തെത്തിച്ചും അയാൾ കളിക്കളത്തെ മൊത്തം നിയന്ത്രിച്ചു... ബ്രേഷ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞു, അതിലേറെ ആ പ്ലേ മേക്കറും ..

പിന്നെയും ഇറ്റാലിയൻ വൻക്ലബ്‌ അയാളെ തേടിയെത്തി. ഇത്തവണ എ.സി മിലാൻ ആയിരുന്നു. ആൻസെലോട്ടിയുടെ കീഴിൽ പിർലോ തന്‍റെ കഴിവു മുഴുവനും പുറത്തെടുത്തു.

രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും (2003, 2007), രണ്ടുവീതം സീരി എ കിരീടവും, (2004, 2011), യൂറോപ്യൻ സൂപ്പർ കപ്പും (2003, 2007), ഒരു കോപ്പ ഇറ്റാലിയയും (2003), സൂപ്പർകോപ്പാ ഇറ്റാലിയനായും (2004) പിന്നെ ക്ലബ് വേൾഡ് കപ്പും പിർലോ എ.സി മിലാനിലേക്കെത്തിച്ചു. ഹൃദയംകൊണ്ട് പന്ത് കളിക്കുന്ന ഗട്ടൂസോ ഒരു വശത്തും, അംബ്രോസിനി മറ്റേ വശത്തും പിർലോയ്ക്കു കോട്ടകെട്ടിയപ്പോൾ പന്ത് ലഭിച്ചപ്പോഴൊക്കെയും അയാൾ തന്‍റേതായ ലോകത്തേക്കിറങ്ങി ചെന്നു. എത്രയോ സമയം ആ ലോകത്തയാൾ  ഏകാകിയായി നിലകൊണ്ടു. ആ മായിക ലോകത്തു നിന്നുകൊണ്ട് അയാൾ ആകാശത്തോളം വലുതായി. കളിക്കളത്തെ മൊത്തമായി അങ്ങനെ അയാൾ നിയന്ത്രിച്ചു. അയാളുടെ ലോങ്ങ് പാസ്സുകളും, ഫേക്ക്കളും, ടേണുകളും, ചൂഴ്ന്നിറങ്ങുന്ന ഫ്രീകിക്കുകളും കണ്ടു ലോകം വാഴ്ത്തുപാട്ട് പാടി. 

ആൻസെലോട്ടി ചെൽസിയിലേക്ക് മാറിയപ്പോൾ പിർലോയുടെ പ്രാധാന്യം മനസിലാക്കുവാൻ പുതിയ കോച്ച് തയ്യാറായില്ല. പിർലോ വയസ്സനായെന്നും അയാളെ മിലാന് ആവശ്യമില്ലെന്നും ക്ലബ് പറയാതെ പറഞ്ഞു. ഫ്രീ ട്രാൻസ്ഫറിൽ ഒരവസരം കിട്ടിയപ്പോൾ യുവന്‍റസ് അയാളെ പൊന്നുംവിലയ്ക്ക് വാങ്ങി. എടുക്കാച്ചരക്കാണ്, യുവന്‍റസിന് അബദ്ധം പറ്റിയെന്നു വരെ പലരും എഴുതി.

കാലം പക്ഷേ തിരിച്ചാണ് ഉത്തരം നൽകിയത്. സീരി എ കിരീടമുയർത്താൻ വഴിയൊന്നുമില്ലാതെ മുട്ടിത്തടഞ്ഞു നിന്ന യുവന്‍റസിലേക്ക് ആറ് വർഷങ്ങൾക്കിപ്പുറം ആ വിലപ്പെട്ട കിരീടമെത്തി. പിന്നീടയാൾ അവിടെ കളിച്ചപ്പോഴൊക്കെയും യുവന്‍റസിലേക്ക് തന്നെ കിരീടമെത്തി. പോഗ്ബയും വിദാലും പിർലോയുടെ ഇടം-വലം നിന്ന് കളിച്ചപ്പോൾ യുവന്‍റസ് നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് കുതിച്ചു. എ.സി മിലാൻ തകർന്നു നാമാവശേഷമായി. 

ഇതിനിടയിൽ നടന്ന 2006 ലോകകപ്പിൽ വാഴ്ത്തപ്പെടാതെ പോയത് പിർലോ ആയിരുന്നു. ഒട്ടുമിക്ക കളിയിലും പ്ലെയർ ഓഫ് ദി മാച്ച് അയാളായിരുന്നു. നിർണായകമായ സമയത്തു പാസുകൾ നൽകിയും, ആക്രമണങ്ങൾക്കു തുടക്കമിട്ടും, പ്രതിരോധത്തിനു ബലം കൊടുത്തും ഇറ്റലിയുടെ കളി നിയന്ത്രിച്ചത് പിർലോ ആയിരുന്നു. ഘാനക്കെതിരെ നേടിയ ഗോളും, സെമി ഫൈനലിൽ ഗോൾ നേടാൻ സഹായിച്ച നോ-ലുക്ക് പാസും, ഫൈനലിലെ അനായാസ സുന്ദരമായ പെനാൽറ്റിയും ചിലത് മാത്രം.

പിർലോ വിടപറഞ്ഞപ്പോൾ ഒരു വസന്തമാണ് നമ്മെ വിട്ടുപോയത്. തിരികെകിട്ടാത്ത ഏതോ ആനന്ദമാണ് നമ്മളിൽ നിന്നുമയാൾ നുള്ളിമാറ്റിയത്. പിർലോ ആദ്യത്തെ രെജിസ്റ്റ അല്ല, അവസാനത്തേതുമാവില്ല, പക്ഷേ പിർലോയുടെ കളി കാണുമ്പോൾ കിട്ടുന്ന എന്തെന്നില്ലാത്ത ഉന്മാദം, ശാന്തത, സന്തോഷം, സമാധാനം അതേതു സ്വർഗ്ഗത്തിലാവാം കിട്ടുക ??

റൊണാൾഡൊമാരും, നെയ്മർ മെസ്സികളും അതിതീവ്രമായ കരുത്തിനാലോ വേഗത്തിനാലോ വാഴ്ത്തപ്പെടുന്നവരാണ്, ക്യാമറകണ്ണുകൾക്കു മാത്രം ഒപ്പിയെടുക്കാവുന്ന നിമിഷാർധ നേരങ്ങളിലാണവർ അത്ഭുതങ്ങൾ സൃഷ്ടിച്ചതെങ്കിൽ, പിർലോ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിവന്ന യവനദേവൻ ആയിരുന്നു. അയാളുടെ ഇന്ദ്രജാലങ്ങൾ കാണികൾക്ക് മനസിലാവും വിധം സാവധാനത്തിലായിരുന്നു. തെളിമയോടെ ആയിരുന്നു. മറ്റുകളിക്കാർ കരുത്തോടെ പ്രകാശവേഗതയിൽ കുതിച്ചപ്പോഴും, ട്രാഫിക് ജാമിൽ അകപ്പെട്ടു കുരുങ്ങുമ്പോഴും, തെല്ലൊന്നു പുഞ്ചിരിച്ചും, വർത്തമാനം പറഞ്ഞും തിടുക്കമില്ലാതെ നടന്നു നീങ്ങുന്ന കാൽനടക്കാരനായിരുന്നു പിർലോ... യഥാർഥത്തിൽ ഒരിക്കലുമില്ലാതിരുന്ന, അതിസുന്ദരമായ, തിടുക്കമില്ലാത്ത, നന്മയുടെ പഴയകാലത്തിന്‍റെ നൊസ്റ്റാൾജിയ നമ്മളിൽ ഉണർത്തിയെടുക്കാൻ പിർലോക്ക് സാധിച്ചു എന്നുള്ളത് തന്നെയാണ് അയാളുടെ കളിജീവിതത്തിന്‍റെ സത്ത... 

Loading...
COMMENTS