കളിക്കുന്നതും ദൈവം; വില്‍ക്കുന്നതും ദൈവം
text_fieldsഎത്ര കുടഞ്ഞെറിഞ്ഞാലും പോകാത്ത ചില ബിംബങ്ങളുണ്ട്. ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ അത്തരമൊരു വിഗ്രഹമാണ്. ഈ മനോഭാവം തീര്‍ക്കുന്ന അപകടം അത്ര ചെറുതല്ല. തങ്ങളുടെ മൂര്‍ത്തി പറയുന്നതൊക്കെ ശരിയാണെന്ന തോന്നല്‍ വിശ്വാസികളില്‍ രുഢമൂലമാകും. അയാളെ വിമര്‍ശിക്കുക പോയിട്ട് ഒന്ന് പുരികം വളച്ച് നോക്കാന്‍ പോലും അവര്‍ക്കാകില്ല. വിമര്‍ശിക്കുന്നവര്‍ അക്രമിക്കപ്പെട്ടേക്കാം, ചിലപ്പോള്‍ രാജ്യദ്രോഹികളെന്ന പഴി കേള്‍ക്കേണ്ടിയും വരും. ഇതോക്കെ നന്നായറിയുന്ന വിപണി രാക്ഷസന്മാര്‍ ഈ വിഗ്രഹങ്ങളെ വച്ച് കച്ചവടം കൊഴുപ്പിക്കും. വിഷം കുടിപ്പിക്കാനും ഇന്‍ഷുറന്‍സ് എടുപ്പിക്കാനും കാറ് വാങ്ങിപ്പിക്കാനും ഇവര്‍ വന്ന് മധുരമായി പറയും. ഓടിക്കളിക്കുമ്പോള്‍ വീഴുന്ന കുട്ടികള്‍ പൊടി തട്ടി പോകുന്നതിന് പകരം ബാന്‍ഡ് എയ്ഡ് വേണമെന്ന് പറഞ്ഞ് നിലവിളിക്കും. എനര്‍ജി കൂടുമെന്ന് കരുതി അമ്മമാര്‍ കുട്ടികള്‍ക്ക് നാലുനേരം ബൂസ്റ്റ് കലക്കിക്കൊടുക്കും. ഇതിഹാസ മാനങ്ങളുള്ള ഒരു താരം വിപണി വിശാരദന്മാര്‍ക്കൊപ്പം ഏറെ നാളായി സഞ്ചരിക്കുന്നു. അരുതെന്ന് പറയാന്‍ കാര്യമായ ശ്രമം ഇനിയും ഉണ്ടായിട്ടില്ളെന്നത് നമ്മുടെ ജാഗ്രതകളെ തന്നെ പരിഹസിക്കുന്നതാണ്.
.jpg)
സച്ചിനും കച്ചവടവും
തന്‍െറ വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ ഓര്‍മ്മച്ചെപ്പ് തുറന്ന് ധാരാളം പേരുകള്‍ പറയുന്നുണ്ട്. വിനോദ് കാംബ്ളിയെപ്പോലുള്ളവരെ മനപ്പൂര്‍വ്വം ഒഴിവാക്കുമ്പോഴും മാര്‍ക്ക് മസ്കരാനസ് എന്ന പേര് കൃത്യമായി ഓര്‍ത്തെടുക്കുന്നു. ആരാണ് മാര്‍ക്ക്, സച്ചിനും മാര്‍ക്കും തമ്മിലെന്താണ്. അതറിയണമെങ്കില്‍ പിന്നിലേക്ക് പോണം. അപ്പോള്‍ 1995 എന്ന കാലരാശിയിലത്തെും നാം. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കുഞ്ഞ് സച്ചിന്‍ കാലെടുത്ത് വച്ചിട്ട് ആറ് വര്‍ഷം. കളിക്കുന്നതിനൊപ്പം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍െറ ബാന്‍ഡ് എയ്ഡിലും ബൂസ്റ്റിലും ഒക്കെ അഭിനയിച്ച് നടക്കുകയാണ് പയ്യന്‍. അപ്പോഴാണ് ആറടി രണ്ടിഞ്ചുകാരന്‍ മാര്‍ക്ക് മസ്കരാനസും വേള്‍ഡ് ടെല്‍ എന്ന കമ്പനിയും സച്ചിന്‍െറ തൊഴിലിടത്തിലേക്ക് കടന്നുവരുന്നത്. അതുവരെ സച്ചിന്‍െറ വാര്‍ഷിക പരസ്യ കരാര്‍ 16 ലക്ഷത്തിന്‍േറതായിരുന്നു. എന്നാല്‍ വേള്‍ഡ് ടെല്ലുമായി ഒപ്പിട്ട അഞ്ച് വര്‍ഷത്തെ പുതിയ കരാര്‍ തുക 25കോടി. ഈ വാര്‍ത്ത സ്വയം വിപണിയിലുണ്ടാക്കിയ ഓളം വിവരണാതീതമായിരുന്നു. പിന്നീടങ്ങോട്ട് സെഞ്ചുറികളും സച്ചിന്‍െറ പരസ്യ വരുമാനവും കുത്തനെ ഉയര്‍ന്നു. അത് ശത കോടികള്‍ കടന്ന് പോയി. 2013ല്‍ ഫോബ്സിന്‍െറ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളില്‍ 51ാം സ്ഥാനത്തായിരുന്നു മാസ്റ്റര്‍ ബ്ളാസ്റ്ററുടെ സ്ഥാനം. പെപ്സിയെന്ന ആഗോള ഭീമന്‍െറ ഇന്ത്യയിലെ ഏറ്റവും വലിയ തുറുപ്പായിരുന്നു സച്ചിന്‍. ഒപ്പം അഡിഡാസ്, ബ്രിട്ടാനിയ, ഫിയറ്റ്, എം.ആര്‍.എഫ്, തോഷിബ, എയര്‍ടെല്‍, കാസ്ട്രേള്‍, അവിവ, ബി.എം.ഡബ്ള്യു തുടങ്ങി നിരവധി അനവധി കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും സച്ചിന്‍ മോഡലായി.

വിമര്‍ശനങ്ങള്‍
സച്ചിന്‍െറ കച്ചവട താല്‍പ്പര്യങ്ങള്‍ക്കെതിരെ ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായത് ഭാരത രത്മമെന്ന ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി നേടിയപ്പോഴായിരുന്നു. ധാരാളം പേര്‍ തുറന്ന കത്തുകളെഴുതി. കുറഞ്ഞ പക്ഷം നമ്മുടെ ജലമൂറ്റി വിഷം ചേര്‍ത്ത് നമുക്ക് തന്നെ വില്‍ക്കുന്ന പെപ്സിയുടെ പരസ്യമെങ്കിലും ഒഴിവാക്കണമെന്ന അഭിപ്രായം ഉണ്ടായി. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ പി.സി.ജി.ടി മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ജൂലിയോ റൊബീറോയുടെ നേതൃത്വത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്തെഴുതി. ഇതിനെല്ലാം മൗനമായിരുന്നു സച്ചിന്‍െറ മറുപടി.
.jpg)
വിരമിക്കലും തുടര്‍ പ്രവര്‍ത്തനങ്ങളും
തന്‍െറ ആത്മാന്‍െറ ഭാഗമായിരുന്ന ക്രിക്കറ്റിനോട് സച്ചിന്‍ വിട പറഞ്ഞത് ഏറെ വൈകാരികത അവശേഷിപ്പിച്ചായിരുന്നു. അപ്പോള്‍ നമ്മളെല്ലാം കരുതി. ഐ.പി.എല്ലിലോ ആഭ്യന്തര ക്രിക്കറ്റിലോ ദൈവത്തെ കാണാമെന്ന്. ചിലര്‍ പറഞ്ഞു കുരുന്ന് പ്രതിഭകളെ വാത്തെടുക്കാന്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങുമെന്ന്. സംഭവിച്ചത് അതൊന്നുമല്ല. ഐ.പി.എല്ലിന്‍െറ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍െറ ഐക്കണ്‍ പ്ളേയറായിരുന്നു സച്ചിന്‍. നിലവില്‍ അവരുടെ പ്രധാന ഉപദേശകനും. അംബാനിയെ വെറുത്തവരും ദൈവം പറയുന്നത് കേട്ട് ഇന്ത്യന്‍സിന്‍െറ കളി കണ്ടു. അവര്‍ അവിടേയും ലാഭം വാരിക്കൂട്ടി. സച്ചിനും ലഭിച്ചു അതിന്‍െറ പങ്ക്. പിന്നീട് എല്ലാവരേയും അമ്പരപ്പിച്ച് സച്ചിന്‍ ഐ.എസ്.എല്‍ എന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വന്നു. ക്രിക്കറ്റ് ദൈവം ഫുട്ബോള്‍ കളിച്ചപ്പോഴും വാഴ്ത്താനാളുണ്ടായി. തന്‍െറ കളിച്ചങ്ങാതികളെല്ലാം ക്രിക്കറ്റിന്‍െറ വിവിധ ലാവണങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ സച്ചിന്‍ വ്യത്യസ്തനായി വിലസി. ഗാംഗുലി കമന്‍ററിയിലും ദ്രാവിഡ് പുതിയ താരങ്ങള്‍ക്കൊപ്പവും 22 അടി പിച്ചിനൊപ്പം വെയില് കൊണ്ടപ്പോള്‍ സച്ചിന്‍ കച്ചവടം കൊഴുപ്പിച്ചങ്ങിനെ നടന്നു.

കേരളവും സച്ചിനും
മാസ്റ്റര്‍ ബ്ളാസ്റ്ററുടെ കേരളത്തിലേക്കുള്ള വരവ് ആഘോഷമാക്കിയിരുന്നു നാം. നമ്മുടെ എല്ലാ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടുമെന്ന ഭാവം ന്യൂസ് റൂമുകളില്‍ നിറഞ്ഞു. കേരളാ ബ്ളാസ്റ്റേഴ്സിനായി ആര്‍ത്തുവിളിക്കാന്‍ ആരാധക ലക്ഷങ്ങളുണ്ടായി. കടുത്ത ക്രിക്കറ്റ് പ്രേമികള്‍ അല്‍പ്പം ആശയക്കുഴപ്പത്തിലായെങ്കിലും പെട്ടെന്ന് എല്ലാവരും പെലേയും മറഡോണയുമായി വേഷം മാറി. പറയുന്നത് ദൈവമായതിനാല്‍ തൊണ്ട തൊടാതെ ഇറക്കുക എന്നതായിരുന്നു എല്ലാവരുടേയും നയം. എന്തിനാകും ഫുട്ബോളുമായി സച്ചിന്‍ കേരളത്തിലേക്ക് വന്നത്. ക്രിക്കറ്റിന്‍െറ ഇടിയുന്ന ജനപ്രിയതയും കാല്‍പ്പന്തിന്‍െറ മാസ്മരികതയും തിരിച്ചറിയാവുന്നവര്‍ക്ക് ഉറപ്പുണ്ടാകും. ഇന്ത്യന്‍ കായിക ഭാവി ഫുട്ബോളിലാണെന്ന്. കേരളമെന്നത് ഇന്ത്യന്‍ കായിക ചരിത്രത്തിലെ വെറുമൊരു സ്ഥല നാമമല്ല. ഇതിഹാസ മാനമുള്ള ഉഷയുടെ നാടാണിത്. ഇന്ത്യയുടെ ജൂനിയര്‍ സീനിയര്‍ അത് ലറ്റിക് മീറ്റുകളിലെ വിജയങ്ങളെല്ലാം കുത്തകയാക്കിയ സ്ഥലം. വിജയനും അഞ്ചേരിയും പന്ത് തട്ടിപ്പഠിച്ചതും നമ്മുടെ തെരുവുകളിലാണ്. ബ്രസീല്‍ ജയിക്കുമ്പോള്‍ മാറക്കാനയിലേതിനേക്കാള്‍ വലിയ ആരവങ്ങള്‍ മലപ്പുറത്ത് കേള്‍ക്കാം. മറഡോണയെ കൊണ്ട് വന്നത് ജുവല്ലറി മുതലാളിയാണെങ്കിലും നാം വാര്‍ത്തകളും സിനിമകളും നിര്‍ത്തി ലൈവ് കവറേജ് നല്‍കും. ഇത്തരമൊരിടത്തേക്ക് സച്ചിനെ മുതലാളിമാര്‍ കയറ്റി നിര്‍ത്തുന്നത് പന്തുരുളുന്നിടത്തെല്ലാം പണമൊഴുകുമെന്ന തിരിച്ചറിവ് കൊണ്ട് തന്നെയാണ്. ഇത് നമുക്ക് തിരിച്ചറിയാനാകാത്തത് സച്ചിന്‍ എന്ന താരം പലിയ പുകയായത് കൊണ്ടാണ്. പുകയടങ്ങുമ്പോഴാണല്ളോ കാര്യങ്ങള്‍ വ്യക്തമായി വരുന്നത്.
ബാക്കിവച്ചത്.
.jpg)
സച്ചിന്‍ കൊച്ചിയില്‍ വീട് വാങ്ങുന്നെന്ന് കേട്ടപ്പോള്‍ മുതല്‍ ചിലര്‍ക്ക് രോമാഞ്ചമാണ്. അതടങ്ങാതിങ്ങനെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ചില ന്യൂസ്റും ഗഡികളും റിപ്പോര്‍ട്ടര്‍ പുങ്കവന്‍മാരും വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ട് സച്ചിന്‍ തന്നെ ചോദിക്കാന്‍ സാധ്യതയുണ്ട്. കേരളമെന്നത് ഭ്രാന്താലയമാണല്ളേ എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
