Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅളവുതെറ്റിത്തുന്നിയ...

അളവുതെറ്റിത്തുന്നിയ സ്വപ്നങ്ങള്‍

text_fields
bookmark_border
അളവുതെറ്റിത്തുന്നിയ സ്വപ്നങ്ങള്‍
cancel

ടൂറിനിലെ സ്റ്റേഡിയോ ഡെല്ളെ ആല്‍പിയില്‍ 2000 നവംബര്‍ 15ന് ഇറ്റലിക്കെതിരെ സൗഹൃദ മത്സരത്തില്‍ മാറ്റുരച്ച ഇംഗ്ളണ്ട് ടീമിന്‍െറ പരിശീലകനായിരുന്നു പീറ്റര്‍ ജോണ്‍ ടെയ്ലര്‍. ആ ഒരൊറ്റ മത്സരത്തിനു മാത്രമായി കെയര്‍ടേക്കര്‍ കോച്ചിന്‍െറ റോളായിരുന്നു ടെയ്ലറിന്. ആ കളിയിലാണ് ഡേവിഡ് ബെക്കാം ആദ്യമായി ഇംഗ്ളണ്ട് ദേശീയ ടീമിന്‍െറ നായകവേഷമിടുന്നത്. ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ ബെക്കാമിന് ക്യാപ്റ്റന്‍െറ ആംബാന്‍ഡ് നല്‍കുന്നതിന് എതിരായിരുന്നുവത്രെ. എന്നാല്‍, ഈ തീരുമാനം നാളേക്ക് കൂടിയുള്ളതാണെന്ന് ടെയ്ലര്‍ മറുപടി നല്‍കി. ഇംഗ്ളണ്ട് കണ്ട വിഖ്യാത താരങ്ങളിലൊരാളായി മാറിയ ബെക്കാം മികച്ച ക്യാപ്റ്റനുമായത് പിന്നീടുള്ള കഥ.
***
വിങ്ങറുടെ കുപ്പായത്തില്‍ കളത്തില്‍ തിളങ്ങിയ ടെയ്ലറുടെ പരിശീലക കാലവും മോശമായിരുന്നില്ല. രണ്ടുതവണ ഇംഗ്ളണ്ട് അണ്ടര്‍ 21 കോച്ചായപ്പോള്‍ വിജയശരാശരി കേമമായിരുന്നു. പുതു ടീമിനെ വാര്‍ത്തെടുക്കാന്‍ കെല്‍പുള്ളയാളെന്ന സല്‍പേരു പതിഞ്ഞ എസക്സുകാരനില്‍ കേരള ബ്ളാസ്റ്റേഴ്സ് നോട്ടമിട്ടത് സ്വാഭാവികം. കഴിഞ്ഞ സീസണില്‍ ഫൈനലിലത്തെി അതിശയം കാട്ടിയ ടീമിനെ അടിമുടി മാറ്റിമറിച്ച ബ്ളാസ്റ്റേഴ്സ്, ടെയ്ലറെ കോച്ചായി നിയമിക്കുമ്പോള്‍ ഐ.എസ്.എല്‍ പ്രഥമ സീസണിന്‍െറ ആവര്‍ത്തനമാണ് സ്വപ്നം കണ്ടിരുന്നത്.
മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നങ്ങള്‍പോലെ മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ മൈതാനത്ത് വീണുടയുമ്പോള്‍ സമ്പന്നമായ ട്രാക് റെക്കോഡിന് ഉടമയായിട്ടും ടെയ്ലര്‍ക്ക് മടക്കയാത്രയായിരിക്കുന്നു. അതും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ ചരിത്രത്തില്‍ പുറത്താക്കപ്പെടുന്ന ആദ്യ കോച്ചെന്ന മായ്ക്കാനാവാത്ത ചീത്തപ്പേരുമായി. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം കുറിച്ച ടീം പിന്നീട് തോറ്റുതോറ്റ് പിന്നോട്ടടിക്കുമ്പോള്‍ ടെയ്ലറുടെ തന്ത്രങ്ങളും വിമര്‍ശിക്കപ്പെടുകയായിരുന്നു.
കളത്തില്‍ ബ്ളാസ്റ്റേഴ്സ് വലിയ മോശമൊന്നുമായിരുന്നില്ല. നോര്‍ത് ഈസ്റ്റിനെതിരായ ആദ്യ കളി തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍, പരിഹരിക്കപ്പെടേണ്ട പല പിഴവുകളും ഓരോ മത്സരങ്ങളിലും ‘പൂര്‍വാധികം ഭംഗിയായി’ ആവര്‍ത്തിക്കപ്പെട്ടതോടെ തോല്‍വികള്‍ ഇരന്നുവാങ്ങി. ഓരോ കളിയിലും പുതിയ പരീക്ഷണങ്ങളുമായി ടീം മാനേജ്മെന്‍റ് രംഗത്തുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പരിതാപകരമായി. സബ്സ്റ്റിറ്റ്യൂഷനുകള്‍ പലതും വിപരീത ഫലം ചെയ്തപ്പോള്‍ അനിവാര്യമായ സബ്സ്റ്റിറ്റ്യൂഷനുകള്‍ പലതും ഉണ്ടായതുമില്ല.
കോച്ചിനെ കുറ്റംപറയുന്നതിനു മുമ്പേ ആദ്യം പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത് ടീമിന്‍െറ അണിയറക്കാരെയാണ്. വമ്പന്‍ താരങ്ങളൊന്നുമില്ലാതെ പ്രഥമ സീസണില്‍ കാണികളുടെ മനസ്സു കീഴടങ്ങിയ ടീമിന്‍െറ ആസ്തി അധ്വാനിച്ചു കളിക്കാനുള്ള പ്രതിബദ്ധതയും വിജയതൃഷ്ണയുമായിരുന്നു. പരിശീലകനായി പരിചയ സമ്പത്തില്ലാതിരുന്നിട്ടും ഡേവിഡ് ജെയിംസ് ടീമിന് വലിയ പ്രചോദനമായി. ഈവിധം വിയര്‍പ്പൊഴുക്കി മിടുക്കുകാട്ടിയ താരങ്ങളോടും ആര്‍ത്തലച്ച് പിന്തുണച്ച കാണികളോടും ടീം അധികൃതര്‍ നന്ദികേടു കാട്ടുകയായിരുന്നു. കളമറിഞ്ഞു കളിച്ച ഇയാന്‍ ഹ്യൂമിനെയും പിന്‍നിരയില്‍ കോട്ടകെട്ടിയ സെഡ്രിച് ഹെങ്ബര്‍ട്ടിനെയുമെങ്കിലും കേരളത്തില്‍ പിടിച്ചുനിര്‍ത്തേണ്ടിയിരുന്നു. അവരെ നിലനിര്‍ത്തുന്നതിനുപകരം പുതിയ താരങ്ങളെ റിക്രൂട്ട് ചെയ്ത് വീണ്ടും അതിശയം കാട്ടാമെന്ന അതിമോഹമായിരുന്നു ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റിന്.
പിന്നീട് ടീം സെലക്ഷന്‍ മുഴുവന്‍ ടെയ്ലര്‍ക്ക് വിട്ടത് അടുത്ത അബദ്ധം. ഹ്യൂമിന് പകരം ടെയ്ലര്‍ കൊണ്ടുവന്ന ക്രിസ് ഡഗ്നലിന്‍െറ സമീപകാല റെക്കോഡ് ഒന്നു പരിശോധിക്കുന്നതിനു പകരം കണ്ണടച്ച് അതിന് അംഗീകാരം നല്‍കി. പറന്നു കളിക്കേണ്ട പ്രായത്തില്‍ (24 മുതല്‍ 28 വയസ്സുവരെ) സ്കന്‍തോര്‍പ് യുനൈറ്റഡിനായി 60 മത്സരങ്ങളില്‍ ഒമ്പതും ബാണ്‍സ്ലിക്കായി 53 മത്സരങ്ങളില്‍ ആറും ഗോളുകള്‍ മാത്രമാണ് ഡഗ്നലിന്‍െറ സമ്പാദ്യം. 2013-15ല്‍ കോള്‍ചെസ്റ്റര്‍ യുനൈറ്റഡിന് കളിച്ച് 44 കളികളില്‍ ആറു ഗോള്‍ നേടിയ സാഞ്ചസ് വാട്ടായിരുന്നു മുന്‍നിരയില്‍ അടുത്ത റിക്രൂട്ട്മെന്‍റ്. എല്ലാ ടീമുകളും വിദേശത്ത് പരിശീലനത്തിനിറങ്ങിയപ്പോള്‍ ബ്ളാസ്റ്റേഴ്സ് നാട്ടിലൊതുങ്ങി. എസ്.ബി.ടി, കെ.എസ്.ഇ.ബി, ഏജീസ് ഓഫിസ് തുടങ്ങിയ നാട്ടിന്‍പുറത്തുകാര്‍ക്കെതിരെ ഗോളടിച്ചുകൂട്ടി ഞെളിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ വിദേശത്ത് ശക്തരുമായി ഏറ്റുമുട്ടി  തന്ത്രങ്ങളാവിഷ്കരിച്ചു.
കളിക്കാനറിയുന്നവരും കൂട്ടത്തിലുണ്ടെന്നു തോന്നിച്ചത് ആദ്യ കളിയില്‍ ഹൊസു പ്രീറ്റോയുടെ കളി കണ്ടപ്പോഴാണ്. ബ്ളാസ്റ്റേഴ്സ് 3-1ന് ജയിച്ച കളിയില്‍ മാന്‍ ഓഫ് ദ മാച്ചായ പ്രീറ്റോയെ, അടുത്ത മത്സരത്തില്‍ പകരക്കാരനായിപ്പോലും കളത്തിലിറക്കിയില്ല. അപ്പോഴും ഡഗ്നല്‍ മുന്‍നിരയില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. മധ്യനിരയില്‍ ഭാവനാ സമ്പന്നനായ ഒരു കളിക്കാരന്‍െറ അഭാവം തെളിഞ്ഞുനിന്നു. ഓരോ മത്സരത്തിലും തെളിഞ്ഞുനിന്നു. മാര്‍ക്വീ താരമായി കാര്‍ലോസ് മര്‍ച്ചേന നല്ല സെലക്ഷനായിരുന്നില്ല. പരിക്കു മാറിയത്തെിയ മര്‍ച്ചേനയെ ഡിഫന്‍സിലോ മിഡ്്ഫീല്‍ഡിലോ കളിപ്പിക്കേണ്ടതെന്നതില്‍പോലും കൃത്യമായ ധാരണയുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
Next Story