യോഗ്യതക്കരികിൽ വീണ ഖത്തറിന്റെ ഓർമയിൽ ആദിൽ ഖമീസ്
text_fieldsആദിൽ ഖമീസ്
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ ഒരിക്കലെങ്കിലും ബൂട്ടണിയുകയെന്നത് ഓരോ കളിക്കാരന്റെയും ചിരകാലാഭിലാഷമായിരിക്കും. എന്നാൽ, ചിലർക്ക് മാത്രമേ അത് നിറവേറ്റാനുള്ള ഭാഗ്യം സിദ്ധിക്കുകയുള്ളൂ. മറ്റു ചിലർക്കത് ഒരിക്കലും നേടാൻ കഴിഞ്ഞെന്നു വരില്ല. അതേസമയം ചിലരുണ്ട്, യോഗ്യതക്ക് തൊട്ടരികിലെത്തി സ്വപ്നഭാരങ്ങളെ ഇറക്കിവെക്കേണ്ടി വന്നവർ. ഖത്തർ ദേശീയ ടീമിന്റെ മുൻ മധ്യനിര താരമായിരുന്ന ആദിൽ ഖമീസ് അവരിലൊരാളാണ്. തന്റെ കരിയറിൽ രണ്ടു തവണയാണ് ലോകകപ്പിന്റെ പടിവാതിൽക്കലെത്തി പിൻവാങ്ങേണ്ടി വന്നത്. 1990ലും 1998ലും. 1990ൽ ഇറ്റലിയിലേക്കുള്ള ലോകകപ്പ് ഒരു പോയൻറ് വ്യത്യാസത്തിനാണ് ഖത്തറിന് നഷ്ടമായതെങ്കിൽ 1998ൽ യോഗ്യത റൗണ്ടിൽ സൗദി അറേബ്യയുമായി ജയിക്കേണ്ട മത്സരം പരാജയപ്പെട്ടാണ് ഖത്തർ പുറത്തായത്.
ഫ്രാൻസിലേക്കുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. അവസാന നിമിഷത്തിൽ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. ആ ദിവസം ഞങ്ങളെല്ലാവരും കരയുകയായിരുന്നു -ആദിൽ ഖമീസ് ഓർക്കുന്നു.
'1998 ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലെ അവസാന മത്സരം എനിക്ക് നഷ്ടമായി. മുൻ റൗണ്ടുകളിൽ രണ്ട് മഞ്ഞ കാർഡുകൾ ലഭിച്ചതിനാൽ സസ്പെൻഷനിലാവുകയായിരുന്നു. 61ാം മിനിറ്റിൽ ഞങ്ങളുടെ ഹൃദയം പിളർത്തി സൗദിയുടെ ഇബ്റാഹിം അൽ ഷഹ്റാനി ഗോൾ നേടി. ഞാനും സഹതാരങ്ങളും മാത്രമല്ല, ഖത്തർ എന്ന രാജ്യം ഒന്നടങ്കം ആ പരാജയത്തിൽ വിതുമ്പി' -ആദിൽ ഖമീസ് മനസ്സ് തുറന്നു.
തോൽവിയെ തുടർന്ന് ഞാൻ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കാൻ തീരുമാനിച്ചു. എന്നാൽ, ഈ പിഴവുകൾ രാജ്യത്തിന്റെ നിശ്ചയദാർഢ്യത്തെ ശക്തിപ്പെടുത്തുകയും പിന്നീട് ഉയിർത്തെഴുന്നേറ്റ ഞങ്ങളുടെ പുതുതലമുറ ഏഷ്യൻ ചാമ്പ്യന്മാരാവുകയും ചെയ്തു. ഇപ്പോഴിതാ ഒരു മാസത്തിനുള്ളിൽ അവർ ലോക ഫുട്ബാളിൽ പന്തുതട്ടാനിറങ്ങുകയാണ്. ലോകകപ്പ് കളിക്കുകയെന്ന ഖത്തരി കളിക്കാരുടെ സ്വപ്നങ്ങളാണിവിടെ സാക്ഷാത്കരിക്കപ്പെടാൻ പോകുന്നത് -ഖമീസ് കൂട്ടിച്ചേർത്തു.
1998ലെ ഫ്രാൻസ് വളരെ അടുത്തായിരുന്നെങ്കിലും ഞങ്ങൾക്കത് വളരെ അകലെയായിരുന്നു. സൗദി അറേബ്യക്കെതിരായ ഒരു ജയം. അതായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നതെന്ന ആത്മവിശ്വാസവും ഞങ്ങൾക്കുണ്ടായിരുന്നു. എന്നിട്ടും കൈവിട്ടു പോയി. ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു അവസ്ഥയിൽനിന്നുമാണ് യോഗ്യതക്കരികിലെത്തിയത്. ഡച്ച് പരിശീലകൻ ജോ ബോൺഫ്രെക്ക് കീഴിൽ യോഗ്യത റൗണ്ടിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു സമനിലയും. ഇതോടെ ബോൺഫ്രെയെ പുറത്താക്കി. പിന്നീട് വന്നത് ബോസ്നിയക്കാരനായ ജമാൽ ഹാജി. ഖത്തർ ആഭ്യന്തര ലീഗിലെ മികച്ച ട്രാക്ക് റെക്കോർഡാണ് ഗറാഫ പരിശീലകനായിരുന്ന ജമാൽ ഹാജിയെ തിരഞ്ഞെടുക്കാൻ കാരണം. ഖത്തർ ദേശീയ ടീമിന്റെ കളിരീതിയെ തന്നെ അദ്ദേഹം മാറ്റിമറിച്ചു. അതോടൊപ്പം ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ഹാജിക്ക് കീഴിലുള്ള ആദ്യ മത്സരം കുവൈത്തിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ് തുടങ്ങിയത്. പിന്നീട് ചൈനക്കെതിരെ 3-2ന് അവരുടെ നാട്ടിൽ ജയം. ശേഷം ദോഹയിൽ ഇറാനെതിരെ 2-0ന്റെ മികച്ച ജയം. അതോടെ യോഗ്യത സമവാക്യങ്ങളിൽ മാറ്റം വന്നു. മറ്റു മത്സരങ്ങളിൽ അനുകൂലമായ ഫലങ്ങൾകൂടി വന്നതോടെ ഒരിക്കൽ ഉപേക്ഷിച്ച 1998 ഫ്രാൻസ് ലോകകപ്പിലേക്കുള്ള യോഗ്യതയെന്ന കണക്കുകൂട്ടലിലേക്ക് ഞങ്ങൾ വീണ്ടുമെത്തി. സൗദി അറേബ്യക്കെതിരായി സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിലെ ഒരു ജയം മാത്രം മതിയായിരുന്നു ഞങ്ങൾക്ക്. എന്നാൽ, സസ്പെൻഷൻ കാരണം പ്രധാനപ്പെട്ട മൂന്ന്-നാല് താരങ്ങൾക്ക് മത്സരം നഷ്ടമായത് ഞങ്ങളെ പ്രതികൂലമായി ബാധിച്ചു.
സൗദിക്കെതിരായ മത്സരം ഞാൻ സ്റ്റാൻഡിലിരുന്നാണ് കണ്ടത്. ആദ്യപകുതിയിൽ ഞങ്ങൾ നന്നായി കളിച്ചു. ഗോളവസരങ്ങൾ മുതലെടുക്കാൻ കഴിയാത്തത് തിരിച്ചടിയായി. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുകയെന്നത് ആത്മവിശ്വാസം നൽകുന്നതോടൊപ്പം സമ്മർദവും കൂടിയാണ് സമ്മാനിക്കുന്നത്. 61ാം മിനിറ്റിൽ അവർ ഗോളടിച്ചതോടെ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞതും ഞങ്ങൾക്ക് തിരിച്ചടിയായി.
മത്സര ശേഷം ഡ്രസ്സിങ് റൂമിൽ ഞങ്ങളെല്ലാവരും കരയുകയായിരുന്നു. ലോകകപ്പ് യോഗ്യതയെന്ന സുവർണാവസരം കൈയെത്തും ദൂരെ നഷ്ടമായിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു.
ഖത്തറിന്റെ ഫുട്ബാൾ ചരിത്രം ഓരോ ഫുട്ബാൾ പ്രേമിക്കും ഏറെ അഭിമാനകരമാണെന്നും ആദിൽ ഖമീസ് പറഞ്ഞു. 1981 യൂത്ത് ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഞങ്ങൾ. ബാഴ്സലോണ ഒളിമ്പിക്സിൽ ക്വാർട്ടറിൽ പ്രവേശിച്ച ടീം, 2014ലെ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ് നേടുകയും ചെയ്തു.
2019ൽ ഏഷ്യൻ ചാമ്പ്യന്മാരായി ചരിത്രം രചിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഭരണാധികാരികളിൽനിന്നും നേതാക്കളിൽനിന്നുമുള്ള പൂർണ പിന്തുണയിൽ ഭാഗ്യവാന്മാരാണ്. ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അധിക ദിവസങ്ങളിലും ഞങ്ങളുടെ പരിശീലന സെഷനുകളിൽ പങ്കെടുക്കാറുള്ളത് ഇപ്പോഴും ഓർക്കുന്നു. ഇപ്പോൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ശൈഖ് ജാസിം ആൽഥാനി, ശൈഖ് ജൂആൻ ആൽഥാനി എന്നിവരും അകമഴിഞ്ഞ പിന്തുണയാണ് ടീമിന് നൽകുന്നത്.
ഇവിടെ ഞങ്ങൾക്കുള്ള ലോകോത്തര സൗകര്യങ്ങൾ നോക്കൂ, ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഉറപ്പുണ്ട്.
ആദിൽ ഖമീസ് ദേശീയ ടീം ജഴ്സിയിൽ
ജയത്തോടെ തുടങ്ങിയാൽ നോക്കൗട്ട് ഉറപ്പ്
നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് കഠിനമാണ്. എന്നാൽ, വിജയത്തോടെ തുടങ്ങുകയാണെങ്കിൽ നോക്കൗണ്ട് റൗണ്ടിലേക്ക് പ്രവേശിക്കാൻ എളുപ്പമായിരിക്കും -ആദിൽ ഖമീസ് പറഞ്ഞു. മികച്ച താരങ്ങളാണ് ടീമിനുള്ളത്. അബ്ദുൽ കരീം ഹസനും അക്രം അഫീഫും ഏറെ മികച്ച താരങ്ങളാണ്. ഏതൊരു ടീമിനും കരുത്തുറ്റ മധ്യനിര അത്യന്താപേക്ഷിതമാണ്. ഹസൻ അൽ ഹൈദൂസും കരീം ബൂദിയാഫും 30 പിന്നിട്ടു. അത് പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും ഇരുവരും നല്ല പോരാളികളാണ് എന്നത് ആശ്വാസം പകരുന്നു -ആദിൽ ഖമീസ് പറഞ്ഞവസാനിപ്പിച്ചു.