അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് സ്വർണവുമായി അചിന്തയെത്തി
text_fieldsകൊൽക്കത്ത: കോമൺവെൽത്ത് ഗെയിംസിലെ ആഡംബരപൂർണമായ സാഹചര്യങ്ങൾക്ക് നടുവിലായിരുന്നു കഴിഞ്ഞ കുറച്ചുനാൾ ഭാരോദ്വഹകൻ അചിന്ത ഷിയോലി. 73 കിലോ വിഭാഗത്തിൽ ആകെ 313 കിലോ ഭാരമുയർത്തിയ ഗെയിംസ് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി സ്വർണം നേടിയ 20കാരൻ ചൊവ്വാഴ്ച സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തി.
ദാരിദ്ര്യം നിറഞ്ഞ ജീവിത യാഥാർഥ്യങ്ങളുടെ നേർസാക്ഷ്യമായി പൊളിഞ്ഞുവീഴാറായ വീടിന് മുന്നിൽ നിന്ന് ഫോട്ടോക്കും പോസ് ചെയ്തു അചിന്ത. രാജ്യം നെഞ്ചേറ്റിയൊരു മെഡലും കഴുത്തിലണിഞ്ഞിരുന്നു അചിന്ത. പശ്ചിമബംഗാളിലെ ഹൗറയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്രയുള്ള ദ്യൂവൽപുരാണ് സ്വദേശം. 12-ാം വയസ്സിൽ പിതാവ് പ്രതീക് മരിച്ചു. ശവസംസ്കാരച്ചടങ്ങുകൾ നടത്താൻ പോലുമുള്ള പണം കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നില്ല.
തയ്യൽകാരനായി ജോലി നോക്കിയിരുന്ന അചിന്ത 2011ൽ ഭാരോദ്വഹനം ആരംഭിച്ചു. അച്ഛൻ മരിച്ചതോടെ കുടുംബഭാരം ഏറ്റെടുത്ത സഹോദരൻ അലോകിനെയും അമ്മ പൂർണിമയെയും സഹായിക്കാനായിരുന്നു തയ്യൽകാരനായത്. മുൻ ഭാരോദ്വഹകൻ കൂടിയായ അലോകാണ് അചിന്തയുടെ പ്രചോദനം. 2015ൽ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് കായികരംഗത്തുള്ള തന്റെ കഴിവ് പരിപോഷിപ്പിച്ചു.
അതേ വർഷം തന്നെ ഇന്ത്യൻ ദേശീയ ക്യാമ്പിലേക്കും ക്ഷണം ലഭിച്ചു. 2016ലും 2017ലും ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും പരിശീലനം നേടി. അതിനുശേഷം 2018 മുതൽ ദേശീയ ക്യാമ്പിലായിരുന്നു പരിശീലനം.