വേഗരാജാവിന്റെ ഹെൽമറ്റിൽ സൗദി യുവകലാകാരിയുടെ കലാസൃഷ്ടി
text_fieldsജിദ്ദ: ആസ്റ്റൺ മാർട്ടിന്റെ രണ്ടുതവണ ഫോർമുല 1 ലോക ചാമ്പ്യനായ സ്പാനിഷ് ഡ്രൈവർ ഫെർണാണ്ടോ അലോൺസോ ഈ വാരാവസാനത്തിൽ ജിദ്ദ കോർണീഷ് സർക്ക്യൂട്ടിൽ നടക്കുന്ന സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സിൽ അണിയുന്ന ഹെൽമറ്റിനുമുണ്ട് പ്രത്യേകത. സൗദിയുടെ തനത് സാംസ്കാരിക പൈതൃകങ്ങൾ തന്റെ സൃഷ്ടിയിലൂടെ ഹെൽമറ്റിൽ വരച്ചുചേർത്തിരിക്കുന്നത് സൗദിയിലെ യുവ കലാകാരി സാറാ തുർക്കെസ്താനിയാണ്.
അരാംകോയുടെ ജനറേഷൻ 3 സംരംഭത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിച്ച മത്സരത്തിലൂടെ അലോൺസോ സാറയുടെ സൃഷ്ടി തിരഞ്ഞെടുത്തത്. സൗദി കമ്പനിയാണ് നിലവിൽ ആസ്റ്റൺ മാർട്ടിൻ എഫ് വൺ ടീമിന്റെ പ്രധാന സ്പോൺസർ. സൗദി അറേബ്യയുടെ മണലാരണ്യങ്ങളും മരുഭൂമിയിലെ പ്രകൃതി ദൃശ്യങ്ങളുമാണ് ഹെൽമറ്റിൽ വരച്ചുചേർത്തിരിക്കുന്നത്. ഡാക്കർ റാലിക്കിടയിലെ അനുഭവങ്ങളെ അത് ഓർമിപ്പിക്കുന്നുവെന്ന് അലോൺസോ അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനൊപ്പം കലയോടും ഡിസൈനിനോടുമുള്ള തന്റെ അഭിനിവേശം പ്രകടിപ്പിക്കാൻ മത്സരം അവസരം നൽകിയതായി തുർക്കെസ്താനി പറഞ്ഞു.
ചിത്രത്തിന്റെ അടിസ്ഥാനമായ മരുഭൂമി രാജ്യത്തിന്റെ ചരിത്രത്തെയും പ്രതിരോധത്തെയും ആധുനികതയെയും വെളിവാക്കുന്നതാണെന്ന് സാറാ പറയുന്നു.
‘എന്റെ ഡിസൈൻ പങ്കിടാൻ അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവളാണ്, ഫെർണാണ്ടോ അലോൺസോയുടെ ഹെൽമറ്റിൽ അത് കാണുന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സിനായി അദ്ദേഹം അത് ധരിക്കുമെന്ന് അറിയുന്നത് ഒരു ബഹുമതിയാണ്’. മത്സരത്തിന്റെ ഭാഗമായി, സൗദി സംസ്കാരത്തിൽ നിന്നും ദേശീയ സ്വത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു സവിശേഷ ഡിസൈൻ ഹെൽമറ്റിൽ സൃഷ്ടിക്കാനായത് അരാംകോ സൗദി ഡിസൈനർമാർ, രാജ്യത്തെ കലാകാരന്മാർ, മോട്ടോർസ്പോർട്ട് ആരാധകർ എന്നിവരെയെല്ലാം തൃപ്തിപ്പെടുത്തിയെന്നതിൽ സന്തോഷിക്കുന്നെന്നും തുർക്കെസ്താനി പറഞ്ഞു.
F1 കലണ്ടറിലെ ഒരു പ്രധാന ഘടകമായ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ്, ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗമേറിയതും ദൈർഘ്യമേറിയതുമായ ട്രാക്കുകളിൽ ഒന്നായ ജിദ്ദയിലെ കോർണീഷ് സർക്യൂട്ടിന്റെ തെരുവുകളിലാണ് നടക്കുന്നത്. 2021 ൽ ആദ്യമായി നടന്ന അതിവേഗ കാറോട്ട മത്സരം ഡ്രൈവർമാർക്കും ആരാധകർക്കും ഒരുപോലെ ശ്രദ്ധേയ സംഭവമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

