വിലക്കിന്റെ അരനൂറ്റാണ്ട്; മാത്യൂസിന് ഇനി ഒളിമ്പിക്സ് വേദിയിലെത്താം
text_fieldsമെഡൽ പോഡിയത്തിൽ ദേശീയഗാനത്തെ ഗൗനിക്കാതെ നിൽക്കുന്ന കോളെറ്റും മാത്യൂസും
ന്യൂയോർക്: വംശവെറിക്കെതിരെ 1972ലെ മ്യൂണിക് ഒളിമ്പിക്സ് മെഡൽദാന ചടങ്ങിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തപ്പെട്ട അമേരിക്കൻ സ്പ്രിന്റർ വിൻസ് മാത്യൂസിന് ഇനി ഒളിമ്പിക്സ് വേദികളിലെത്താം. 75കാരനായ മാത്യൂസിന്റെ വിലക്ക് നീക്കിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി യു.എസ് ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റിയെ അറിയിച്ചു. മ്യൂണിക് ഒളിമ്പിക്സ് 400 മീറ്ററിൽ യഥാക്രമം സ്വർണവും വെള്ളിയും നേടിയ അമേരിക്കൻ താരങ്ങളായ മാത്യൂസും വെയ്ൻ കോളെറ്റുമാണ് വംശീയതക്കെതിരെ മെഡൽദാന ചടങ്ങിൽ പ്രതിഷേധിച്ചത്. കറുത്തവർഗക്കാരാണ് ഇരുവരും.
മാത്യൂസും കോളെറ്റും പോഡിയത്തിൽ കയറി മെഡൽ സ്വീകരിച്ചശേഷം യു.എസ് ദേശീയഗാനം ഉയർന്നപ്പോൾ ഇരുവരും ഇടുപ്പിൽ കൈവെച്ച് അലസരായി നിന്നാണ് പ്രതിഷേധിച്ചത്. പോഡിയത്തിൽ നിന്നിറങ്ങിയശേഷം മെഡൽ കൈയിലെടുത്ത് കറക്കുകയും ചെയ്തു. ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരും അറ്റൻഷനിൽ നിൽക്കുന്നുവെന്നും മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ചുറ്റിലും നടക്കുന്ന യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടക്കാനാവില്ലെന്നുമാണ് മാത്യൂസും കോളെറ്റും പിന്നീട് പ്രതികരിച്ചത്. കോളെറ്റ് 2010ൽ അന്തരിച്ചു.