20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ ഐച്ചി നഗോയയിൽ ഇന്ന് കൊടിയേറ്റം; മെഡൽ പോരാട്ടം നാളെ മുതൽ
text_fieldsഏഷ്യൻ ഗെയിംസ് ഉദ്ഘാടന-സമാപന ചടങ്ങുകളുടെയും അത്ലറ്റിക്സ് മത്സരങ്ങളുടെയും വേദിയായ പലോമ മിഷുഹോ സ്റ്റേഡിയം
നഗോയ (ജപ്പാൻ): അത്ഭുതങ്ങളും അതിശയങ്ങളും ഏറെ ഒളിപ്പിച്ച ജപ്പാനിലെ ചരിത്ര നഗരിയിൽ വൻകരയുടെ കായിക പോരാട്ടത്തിന് ഇന്ന് തിരിതെളിയും.
ജപ്പാനെന്നാൽ ടോക്യോ, ഫുകോക, ഒസാക നഗരങ്ങൾ മത്രമല്ല. സാമുറായ് ചരിത്രം വിളിച്ചോതുന്ന നഗോയ കോട്ട മുതൽ, ലോകത്തിന്റെ സാരഥിയായ വാഹന നിർമാതാക്കൾ ടൊയോട്ട വരെയുള്ള വിസ്മയങ്ങളുമായി കാത്തിരിക്കുന്ന ഐച്ചി-നഗോയ ഇരട്ട നഗരത്തിലാണ് ഇനിയുള്ള 14 ദിനം ഏഷ്യയുടെ ശ്രദ്ധ. തങ്ങളുടെ മൂന്നാം ഏഷ്യൻ ഗെയിംസിന് ആതിഥേയരാകുന്ന ജപ്പാനിൽ, 46 രാജ്യങ്ങളിലെ 10,840 കായിക താരങ്ങൾ മാറ്റുരക്കുന്ന ഏഷ്യൻ ഗെയിംസിന് ശനിയാഴ്ച തുടക്കം. ക്രിക്കറ്റും ബാസ്കറ്റ് ബാളും ഫുട്ബാളുമെല്ലാമായി കളി നേരത്തെ മുറുകിയെങ്കിലും, ഏഷ്യൻ ഗെയിംസ് ഇന്നാണ് ട്രാക്കിലാവുന്നത്. സാംപിൾ പൂരങ്ങൾക്കൊടുവിൽ കളിയുടെ മഹാമേളക്ക് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളോടെ വർണാഭമായ തുടക്കമാകും.
നഗോയയിലെ പലോമ മിസുഹോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച 2.30 മുതലാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണി. മെഡൽ പോരാട്ടങ്ങൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. ഞായറാഴ്ച നീന്തലിലെ ഏഴ് സ്വർണം ഉൾപ്പെടെ 31 മെഡൽ ഇനങ്ങൾ പൂർത്തിയാകും.
പതാകയേന്താൻ മനു ഭാകിറും തേജീന്ദറും
499 കായിക താരങ്ങളും, 246 സപ്പോർട്ടിങ് സ്റ്റാഫുകളും, 19 ഒഫീഷ്യൽസുമായി ജമ്പോ സംഘവുമായി ജപ്പാനിലെത്തിയ ഇന്ത്യൻ സഘത്തെ ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക്സ് ഷൂട്ടിങ് മെഡൽ ജേതാവ് മനു ഭാകിറും, ഷോട്ട് പുട്ടിൽ രണ്ടുവട്ടം ഏഷ്യൻ ചാമ്പ്യനുമായ തേജീന്ദർ പാൽ സിങ്ങും നയിക്കും. രണ്ട് തലമുറകളിലെ ചാമ്പ്യൻ താരങ്ങൾക്കുകീഴിലാവും വൻകരയുടെ മേളയിൽ ഇന്ത്യ വലിയ പ്രതീക്ഷയുമായി ഇറങ്ങുന്നതെന്ന് ചെഫ് ഡെ മിഷൻ സഹ്ദേവ് യാദവ് പറഞ്ഞു. പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനായി രണ്ട് മെഡലുകൾ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാകിർ. പ്രശസ്ത ജാപ്പനീസ് ചലച്ചിത്രകാരൻ യുകിഹികോ സുത്സുമി ഒരുക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾക്കു പിന്നാലെ, 45 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും അരങ്ങേറും. മനു ഭാകിറിനും തേജീന്ദർ പാലിനും പിന്നിലായാവും ഇന്ത്യയുടെ ജമ്പോ സംഘം മാർച്ച് പാസ്റ്റിൽ അണിനിരക്കുന്നത്.
കല്ലുകടിയോടെ തുടക്കം; പതാക ഉയർത്തലും വൈകി
ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പായി ഗെയിംസ് വില്ലേജിൽ ഇന്ത്യൻ പതാക ഉയർന്നു. കായിക താരങ്ങൾക്കുള്ള താമസം ഒരുക്കിയ കണ്ടെയ്നർ വില്ലേജിനോടുചേർന്ന് ഗാർഡൻ പിയറിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് പതാക ഉയർത്തിയത്. സംഘാടകരുടെ പിഴവിനെ തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ചടങ്ങ് തുടങ്ങിയത്. ഇത് തുടക്കത്തിലേ മേളക്ക് കല്ലുകടിയായി. ഇന്ത്യ ചെഫ് ഡി മിഷൻ സഹദേവ് യാദവ്, ഡെപ്യൂട്ടികളായ ശരത് കമൽ, ലിജോ ഡേവിഡ് തോട്ടാൻ, അളകനന്ദ അശോക്, അഞ്ജലി ഭഗവത് എന്നിവരും ചടങ്ങിനെത്തിയിരുന്നു.മുഖ്യാതിഥിയുടെ താമസത്തെ തുടർന്നാണ് പതാക ഉയർത്തൽ ചടങ്ങ് ആരംഭിക്കാൻ വൈകിയതെന്നാണ് സംഘാടകരുടെ വിശദീകരണം. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ കായിക മന്ത്രി മൻസുഖ് മാൻണ്ഡവ്യ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ എന്നിവരുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

