19ാമത് ഏഷ്യൻ ഗെയിംസ്; ഓടിനേടി രണ്ടാം സ്വർണം
text_fieldsസ്വർണമെഡൽ ജേതാവായ കുവൈത്തിന്റെ യാക്കൂബ് അൽ യൂഹ മത്സരത്തിനിടെ
കുവൈത്ത് സിറ്റി: ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് വിഭാഗത്തിൽ കുവൈത്തിന് സ്വർണനേട്ടം. 110 മീറ്റർ ഹർഡിൽസിൽ യാക്കൂബ് അൽ യൂഹയാണ് കുവൈത്തിന് വേണ്ടി ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിലെ 110 മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സ്വർണം നേടുന്ന ആദ്യ കുവൈത്ത് പൗരനാണ് യാക്കൂബ് അൽ യൂഹ. ജപ്പാന്റെ ശുന്യ തകയാമയും ചൈനയുടെ ഷുവോയി സുയും മികച്ച മത്സരം സമ്മാനിച്ച റേസിൽ 13.41 സെക്കൻഡിലായിരുന്നു യാക്കൂബ് അൽ യൂഹയുടെ ഫിനിഷിങ്.
അൽ-യൂഹയുടെ പ്രകടനത്തിൽ കുവൈത്ത് ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ഫഹദ് അൽ-നാസർ അൽ-സബാഹ് അഭിനന്ദനമറിയിച്ചു. യാക്കൂബ് അൽ യൂഹയുടെ നേട്ടം രാജ്യത്തിന് അഭിമാനമാണെന്നും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിന്തുണയും കായികതാരങ്ങളുടെ പരിശ്രമവുമാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്നും ഷെയ്ഖ് അൽ നാസർ പറഞ്ഞു. യാക്കൂബ് അൽ-യൂഹയുടെ നേട്ടത്തിൽ കുവൈത്ത് ദേശീയ അത്ലറ്റിക്സ് പരിശീലകൻ ബദർ അബ്ബാസ് അഭിമാനം പങ്കുവെച്ചു. നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മെഡലുമായി യാക്കൂബ് അൽ യൂഹയുടെ ആഹ്ലാദം
ഡിസ്കസ്ത്രോയിൽ രാജ്യത്തെ പ്രതിനിധാനംചെയ്ത് ഇസ്സ അൽ-സങ്കവി 60.13 മീറ്റർ ദൂരം എറിഞ്ഞെങ്കിലും അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കുവൈത്ത് സ്ക്വാഷ് ടീം നിന്നുള്ള അബ്ദുല്ല അൽ മുസൈൻ 3-2 എന്ന സ്കോറിന് പാകിസ്താന്റെ എതിരാളിയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ കടന്നു. കഴിഞ്ഞ ബുധനാഴ്ച ഷൂട്ടിങ്ങിൽ അബ്ദുല്ല റാഷിദിയിലൂടെയായിരുന്നു കുവൈത്തിന്റെ ആദ്യ വ്യക്തിഗത സ്വർണം രാജ്യത്തെത്തിയത്. ലോകറെക്കോഡിനൊപ്പമെത്തിയ പ്രകടനമായിരുന്നു റാഷിദിയുടേത്. യാക്കൂബ് അൽ യൂഹയുടെ രണ്ടാം സ്വർണം രാജ്യത്തെത്തുമ്പോൾ കുവൈത്തിന്റെ ആകെ മെഡൽനേട്ടം ആറായി ഉയര്ന്നു. രണ്ട് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് മെഡൽനേട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.