കുട്ടികൾക്ക് സമൂഹമാധ്യമ നിരോധനം: വിലക്കുകൊണ്ട് സുരക്ഷയൊരുക്കാനാവില്ലെന്ന് ആസ്ട്രേലിയയോട് യൂട്യൂബ്
text_fieldsന്യൂയോർക്ക്: സമൂഹമാധ്യമങ്ങൾ നിരോധിച്ചതുകൊണ്ടുമാത്രം കുട്ടികൾ സുരക്ഷിതരാണെന്ന് കരുതാനാവില്ലെന്ന് ആസ്ട്രേലിയക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. സർക്കാർ നടപടി സദുദ്ദേശ്യപരമെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ലെന്നാണ് യൂട്യൂബിന്റെ മുന്നറിയിപ്പ്.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വിലക്കി 2025ലാണ് ആസ്ട്രേലിയ നടപടി സ്വീകരിച്ചത്. പ്രമുഖ സമൂഹ മാധ്യമ പ്ളാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ടിക് ടോക്, ഇൻസ്റ്റാഗ്രാം എന്നിവക്കൊപ്പം യൂട്യൂബിനും ഇത്തരത്തിൽ വിലക്ക് നേരിടുന്നുണ്ട്. ഇതിനിടെ, നിർദേശം ലംഘിച്ചതിന് ചില സമൂഹമാധ്യമ പ്ളാറ്റ്ഫോമുകൾക്കെതിരെ കനത്ത പിഴയും ചുമത്തിയിരുന്നു.
എന്നാൽ, തങ്ങൾ സമൂഹമാധ്യമങ്ങളുടെ നിർവചനത്തിൽ വരുന്നതല്ലെന്നാണ് യൂട്യൂബിന്റെ നിലപാട്. ഇളവ് വേണമെന്നും പ്ളാറ്റ്ഫോം ആവശ്യപ്പെടുന്നു. സർക്കാർ നിർദേശം സദുദ്ദേശ്യപരമാണെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് യൂട്യൂബ് വക്താവ് റേച്ചൽ ലോർഡ് സെനറ്റ് കമ്മിറ്റിയെ അറിയിച്ചു.
കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് കൃത്യമായി ആസൂത്രണം ചെയ്ത ചട്ടങ്ങൾ ആവശ്യമുണ്ട്. എന്നാൽ, സുരക്ഷ ചൂണ്ടി അവരെ ഓൺലൈനാവുന്നതിൽനിന്ന് പൂർണമായി തടയുന്നത് ഗുണകരമായേക്കില്ലെന്നും യൂട്യൂബ് പറഞ്ഞു.
കുട്ടികളുടെ ഓൺലൈൻ പ്രവേശനം ശക്തമായി നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. നിർദേശങ്ങൾ ലംഘിക്കുന്ന സമൂഹമാധ്യമ കമ്പനികൾക്ക് 32 ദശലക്ഷം യു.എസ് ഡോളർ വരെയാണ് പിഴ. എങ്കിലും, കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വിലക്കി സർക്കാർ നടപ്പാക്കിയ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്നാണ് മെറ്റയും ഗൂഗ്ളുമടക്കമുള്ളവരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

