സോഷ്യൽ മീഡിയ പേജ് ബ്ലോക്ക് ചെയ്യുമ്പോൾ കാരണം വ്യക്തമാക്കണം; സർക്കാർ ഉത്തരവ് ഉപയോക്താവിനും ലഭിക്കണമെന്ന് ഹൈകോടതി
text_fieldsചണ്ഡിഗഡ്: സാമൂഹിക മാധ്യമങ്ങളിലെ ഏതെങ്കിലും അക്കൗണ്ടോ പേജോ ചാനലോ ബ്ലോക്ക് ചെയ്യാനോ നീക്കം ചെയ്യാനോ സർക്കാർ ആവശ്യപ്പെടുമ്പോൾ അതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് പ്രസ്തുത പ്ലാറ്റ്ഫോമിന് നൽകുന്നതോടൊപ്പം ബാധിതനായ ഉപയോക്താവിനും നിർബന്ധമായും അയച്ചു നൽകണമെന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ത്രിഭുവൻ ദാഹിയയുടെ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്.
ഹരിയാനയിലെ വാർത്താ പ്ലാറ്റ്ഫോമായ 'ഹരിയാന 24 ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ്' നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം ഹരിയാന പൊലീസിന്റെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 21-നാണ് മെറ്റ കമ്പനി ഈ പ്ലാറ്റ്ഫോമിന്റെ പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത്. തങ്ങളുടെ പേജ് എന്തിനാണ് ബ്ലോക്ക് ചെയ്തത് എന്നതിനെക്കുറിച്ചോ അതിന് കാരണമായ രേഖകളെക്കുറിച്ചോ അറിയാൻ ഉപയോക്താവിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ ഉത്തരവിന്റെ പകർപ്പ് ലഭിക്കാത്തപക്ഷം ഉപയോക്താവിന് തനിക്കെതിരെയുള്ള നടപടിയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ഇത് നിയമപ്രകാരമുള്ള പരാതി പരിഹാര സംവിധാനത്തെത്തന്നെ നിർവീര്യമാക്കുമെന്നും കോടതി വിലയിരുത്തി.
ഐ.ടി ചട്ടങ്ങൾ പ്രകാരം സോഷ്യൽ മീഡിയ പേജ് ബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പദവിയിൽ താഴെയുള്ള ആളായിരിക്കാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. എന്നാൽ ഈ കേസിൽ യമുനാനഗറിലെ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ആണ് പേജ് ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി അധികാരം വികേന്ദ്രീകരിച്ച് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കാർ വാദം തള്ളിക്കളഞ്ഞു.
തുടർന്ന് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച് 24 മണിക്കൂറിനകം പ്രസ്തുത സോഷ്യൽ മീഡിയ പേജ് പുനഃസ്ഥാപിക്കാൻ ഉത്തരവിട്ട കോടതി ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യവും പ്രതിരോധിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

