'വിദ്വേഷ പ്രസ്താവനകൾക്ക് ഞങ്ങൾ എതിര്, നയങ്ങളിൽ രാഷ്ട്രീയമില്ല'; വിവാദങ്ങൾക്ക് ഫേസ്ബുക്കിന്റെ മറുപടി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്ക് നേരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫേസ്ബുക്. വിദ്വേഷ പ്രസ്താവനകളും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഉള്ളടക്കവും ഞങ്ങൾ നിരോധിച്ചതാണ്. ഈ നയം ആഗോളതലത്തിൽ തന്നെ രാഷ്ട്രീയം നോക്കാതെ നടപ്പാക്കാറുണ്ടെന്ന് ഫേസ്ബുക് വക്താവ് പറഞ്ഞു. ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ഫേസ്ബുക് മടിക്കുന്നതായ ആരോപണം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം.
ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞങ്ങൾക്കറിയാമെങ്കിലും സ്ഥാപനത്തിന്റെ നയങ്ങൾ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ട്. കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ പതിവ് പരിശോധനകൾ നടത്തുന്നുമുണ്ട് -ഫേസ്ബുക് വക്താവ് പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ വാണിജ്യതാല്പര്യങ്ങള് മുൻനിർത്തി ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിദ്വേഷപ്രചാരണങ്ങള്‍ അനുവദിക്കാൻ ജീവനക്കാർക്ക് ഫേസ്ബുക് ഉന്നത ഉദ്യോഗസ്ഥ നിർദേശം നൽകിയതായി അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്. വർഗീയ പരാമർശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി നേതാവ് ടി. രാജാ സിങ്ങിനെതിരെ നടപടിയെടുക്കാത്തത് ഉൾപ്പടെയുള്ള തെളിവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. ഇത് രാജ്യത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു.
ഇന്ത്യയിൽ ഫേസ്ബുക്കിനെയും വാട്സാപ്പിനെയും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

