സരിൻ സംഘപരിവാർ സ്ഥാനാർഥിയാകാൻ ശ്രമിച്ചുവെന്ന അടക്കം പറച്ചിലിന് വ്യക്തതയായി -വി.ആർ. അനൂപ്; ‘മരണാനന്തരം സ്വർഗം എന്നത് മുസ്ലിമിൻറെ വിശ്വാസം, സരിൻ അമ്പലത്തിൽ പ്രാർഥിക്കുന്നത് പോലുള്ള വിശ്വാസം’
text_fieldsകൊച്ചി: മുസ്ലിം ലീഗിനെതിരെ സി.പി.എം നേതാവ് പി. സരിൻ നടത്തിയ വിവാദ വർഗീയ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ആർ. അനൂപ്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരായല്ല, മുസ്ലിം വിശ്വാസത്തിനെതിരെ തന്നെയാണ് സരിൻ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘മരണാനന്തരം സ്വർഗം എന്നത് ഒരു മുസ്ലിമിൻറെ പ്രാർഥനയും വിശ്വാസവും ആണ്. സരിൻ അമ്പലത്തിൽ പോയി പ്രാർഥിക്കുന്നത് പോലെ തന്നെയുള്ള വിശ്വാസം. അതിൻറെ പേരിൽ എങ്ങനെയാണ് ഭൂമിയിൽ നരകം ഉണ്ടാകുന്നത് എന്ന് പറയേണ്ടത് സരിൻ തന്നെയാണ്. ഇനി ആരോപണം മുസ്ലിം ലീഗിൻറെ പേരിലാണെങ്കിൽ, മരണാനന്തരം ആഗ്രഹിക്കുന്ന സ്വർഗത്തിൻറെ പേരിൽ ലീഗ് ഇവിടെ വർഗീയ കലാപങ്ങൾ നടത്തിയിട്ടുണ്ടോ? വംശഹത്യങ്ങൾ നടത്തിയിട്ടുണ്ടോ? വ്യക്തമാക്കേണ്ടത് സരിൻറെ രാഷ്ട്രീയ കക്ഷി സിപിഎം തന്നെയാണ്. കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ, സരിൻ സംഘപരിവാറിൻറെ സ്ഥാനാർഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കം പറച്ചിലിന് ഇപ്പോൾ വ്യക്തത ലഭിച്ചിരിക്കുകയാണ്. ഇനി അത് വരുന്ന തെരഞ്ഞെടുപ്പിൽ തന്നെയുണ്ടാകുമോ, വൈകുമോ എന്നുള്ള കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. അതും കാത്തിരുന്ന് കാണാം.’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗത്തിലേക്കുള്ള വഴിവെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാർ എന്നായിരുന്നു സരിന്റെ ആരോപണം. യു.ഡി.എഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധത്തിനിടെയാണ് സരിൻ വിവാദപരാമർശം നടത്തിയത്.
‘മലപ്പുറം ജില്ലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ സെക്യുലർ രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ച്കൊണ്ട് ലീഗ് ചൊൽപ്പടിക്ക് നിർത്തുന്നു. കേരളത്തിൽ മുസ്ലിം ലീഗ് യുഡിഎഫിനൊപ്പമാണ്, ഡൽഹിയിൽ ഇന്ഡ്യ മുന്നണിയുടെ ഭാഗവുമാണ്. തിരുവേഗപ്പുറയിലെ ലീഗുകാർക്ക് മതഭ്രാന്താണ്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർ.എസ്.എസിന് നൽകുന്നതിന് തുല്യമാണ്. മുസ്ലിം ലീഗ് സമം മുസ്ലിം എന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി സമം ഹിന്ദു എന്ന പ്രചരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ബി.ജെ.പിക്കാര്ക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നത്’ -സരിന് പറഞ്ഞു.
അനൂപിന്റെ കുറിപ്പിന്റെ പൂർണരൂപം:
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരായല്ലാ, മുസ്ലിം വിശ്വാസത്തിനെതിരെ തന്നെയാണ് സരിൻ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത്. മരണാനന്തരം സ്വർഗം എന്നത് ഒരു മുസ്ലിമിൻറെ പ്രാർഥനയും വിശ്വാസവും ആണ്. സരിൻ അമ്പലത്തിൽ പോയി പ്രാർഥിക്കുന്നത് പോലെ തന്നെയുള്ള വിശ്വാസം. അതിൻറെ പേരിൽ എങ്ങനെയാണ് ഭൂമിയിൽ നരകം ഉണ്ടാകുന്നത് എന്ന് പറയേണ്ടത് സരിൻ തന്നെയാണ്.
ഇനി ആരോപണം മുസ്ലിം ലീഗിൻറെ പേരിലാണെങ്കിൽ, മരണാനന്തരം ആഗ്രഹിക്കുന്ന സ്വർഗത്തിൻറെ പേരിൽ ലീഗ് ഇവിടെ വർഗീയ കലാപങ്ങൾ നടത്തിയിട്ടുണ്ടോ? വംശഹത്യങ്ങൾ നടത്തിയിട്ടുണ്ടോ? വ്യക്തമാക്കേണ്ടത് സരിൻറെ രാഷ്ട്രീയ കക്ഷി സിപിഎം തന്നെയാണ്. കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ, സരിൻ സംഘപരിവാറിൻറെ സ്ഥാനാർഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കം പറച്ചിലിന് ഇപ്പോൾ വ്യക്തത ലഭിച്ചിരിക്കുകയാണ്. ഇനി അത് വരുന്ന തെരഞ്ഞെടുപ്പിൽ തന്നെയുണ്ടാകുമോ, വൈകുമോ എന്നുള്ള കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. അതും കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

