ഇൻസ്റ്റാഗ്രാം പോസ്റ്റിന് 11.45 കോടി പ്രതിഫലം ലഭിക്കുമോ? സത്യാവസ്ഥ വെളിപ്പെടുത്തി വിരാട് കോഹ്ലി
text_fieldsസെലിബ്രിറ്റികളുടെ വരുമാനം സംബന്ധിച്ചുള്ള വാർത്തകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ആരാധകർ. പലപ്പോഴും ഊതിപ്പെരുപ്പിച്ചതും അതിശയോക്തിപരവുമായ വാർത്തകൾ ഇത്തരത്തിൽ പ്രചരിക്കാറുമുണ്ട്. താരങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടിലെ പ്രതിഫലം സംബന്ധിച്ച് നിരവധി വാർത്തകളാണ് മാധ്യമങ്ങൾ നൽകാറുള്ളത്. ഇതിൽ തന്നെപറ്റി പ്രചരിച്ച ഒരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി.
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് കോഹ്ലി ഈടാക്കുന്നത് 11.45 കോടി രൂപയാണെന്നാണ് നേരത്തേ വാർത്തകൾ പ്രചരിച്ചത്. സോഷ്യൽ മീഡിയ മാർക്കറ്റിങ് പ്ലാറ്റ്ഫോമായ ഹോപ്പർ എച്ച്ക്യു ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ഈ വിവരം പ്രധാനവാർത്തകളിൽ ഇടം നേടി. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മൂന്നാമത്തെ കായികതാരമായും ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്തെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് സാക്ഷാൽ വിരാട് കോഹ്ലി. ‘ജീവിതത്തിൽ എനിക്ക് ലഭിച്ച എല്ലാത്തിനും ഞാൻ നന്ദിയുള്ളവനും കടപ്പെട്ടവനുമാണ്. എന്റെ സോഷ്യൽ മീഡിയ വരുമാനത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല’-കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
കോഹ്ലി സോഷ്യൽമീഡിയയിൽ ഒന്നിലധികം ബ്രാൻഡുകളെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. 253 മില്യൺ ഫോളോവേഴ്സുള്ള കോഹ്ലി നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം പിന്തുടരുന്ന കായികതാരങ്ങളിൽ മൂന്നാമത്തെയാളാണ്. കോഹ്ലിയുടെ ആസ്തി 1050 കോടി രൂപയാണെന്നും ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് 11.45 കോടിയും ട്വീറ്റിന് 2.5 കോടിയും ക്രിക്കറ്റ് താരം വാങ്ങുന്നുണ്ടെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

