രാത്രി വൈകി ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാൻ കസ്റ്റമർ രണ്ടാംനിലയിൽ നിന്ന് ഇറങ്ങിവന്നില്ല; ഭക്ഷണം കഴിച്ച് സൊമാറ്റോ ഏജന്റ് മടങ്ങി
text_fieldsരാത്രി വൈകി ഓർഡർ ചെയ്ത ഭക്ഷണപ്പൊതി വാങ്ങാൻ കസ്റ്റമർ സ്റ്റെപ്പിറങ്ങി വരാൻ തയാറായില്ല. തുടർന്ന് ആ ഭക്ഷണം സൊമാറ്റോ ഏജന്റ് തന്നെ കഴിച്ചു. അതിന്റെ വിഡിയോ ഡെലിവറി ഏജന്റായ അങ്കൂർ താക്കൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കസ്റ്റമറോട് താഴോട്ടിറങ്ങി വരാൻ ആവശ്യപ്പെട്ടിട്ടും തയാറായില്ല. അയാൾ ബാൽക്കണിയിൽ നിന്ന് തന്നോട് കയർത്തതായും അങ്കൂർ പറഞ്ഞു. പണം മൂൻകൂർ നൽകിയായിരുന്നു അയാൾ ഭക്ഷണത്തിന് ഓർഡർ ചെയ്തത്. സൊമാറ്റോ ഡെലിവറി ഏജന്റ് അയാളുടെ താമസസ്ഥലത്ത് ഭക്ഷണം എത്തിച്ച ശേഷമാണ് ഇങ്ങനെയുള്ള സംഭവങ്ങൾ അരങ്ങേറിയത്.
പുലർച്ചെ 2.30നാണ് കസ്റ്റമർ ഭക്ഷണം ഓർഡർ ചെയ്തത്. വീടിനു മുകളിലേക്ക് കയറി ഭക്ഷണം കൊണ്ടുചെല്ലുന്ന സമയം ആരെങ്കിലും തന്റെ ബൈക്ക് മോഷ്ടിച്ചാലോ എന്ന് ഭയം മൂലമാണ് മുകളിലേക്ക് പോവാതിരുന്നത് എന്നാണ് അങ്കൂർ പറയുന്നത്. കൊടുംതണുപ്പ് സഹിച്ചാണ് ഇത്രയും ദൂരം യാത്ര ചെയ്തതെന്നും ഡെലിവറി ഏജൻറ് കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളെല്ലാം കസ്റ്റമേഴ്സും പരിഗണിക്കണമെന്നും അങ്കൂർ സൂചിപ്പിച്ചു.
ഓർഡർ ചെയ്ത ഭക്ഷണം മുകളിലേക്ക് കൊണ്ടുവരിക അല്ലെങ്കിൽ കാൻസൽ ചെയ്യുക എന്നീ ഉപാധികളാണ് കസ്റ്റമർ മുന്നോട്ടുവെച്ചത്. തുടർന്ന് ഓർഡർ കാൻസൽ ചെയ്തതിന് ശേഷം ഡെലിവറി ഏജന്റ് അത് കഴിക്കുകയും ചെയ്തു. ബിരിയാണിയും ഗുലാബ് ജാമുനുമാണ് കസ്റ്റമർ ഓർഡർ ചെയ്തിരുന്നത്.
ജനുവരി ഒന്നിനാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതുവരെ 1.2 മില്യൺ പേരാണ് ഇതുകണ്ടത്. ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പലരും ആശങ്ക പ്രകടിപ്പിച്ചത്. വീട്ടുവാതിൽക്കൽ സാധനം എത്തിക്കുന്നവർക്ക് അധിക വേതനം നൽകണമെന്ന ആവശ്യവും പലരും ഉന്നയിച്ചു. സൊമാറ്റോയിലെ നിയമങ്ങളെ കുറിച്ച് ചേരുന്നതിനു മുമ്പേ പഠിക്കണമെന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. ഭക്ഷണം താഴത്തെ നിലയിലെ സ്റ്റെപ്പിൽ വെച്ച് മടങ്ങുകയായിരുന്നു വേണ്ടത് എന്ന് പറഞ്ഞവരും കുറവല്ല. ഡെലിവറി ഏജന്റിന്റെ നടപടിയെ പിന്തുണച്ചവരാണ് കൂടുതലും. ഒരിക്കലും അർധരാത്രി മറ്റൊരു വീടിന്റെ മുകൾ നിലയിലേക്ക് പോകാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് ഉപയോക്താവ് കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

