‘ശാഖയിൽ ആർ.എസ്.എസുകാർ ലൈംഗികമായി പീഡിപ്പിച്ചു’; സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം യുവാവ് ജീവനൊടുക്കി
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: ആർ.എസ്.എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം എലിക്കുളം സ്വദേശിയായ 24 കാരനാണ് തിരുവനന്തപുരത്തെ ലോഡ്ജിൽ തൂങ്ങിമരിച്ചത്. ഐ.ടി പ്രഫഷനലാണ് മരിച്ച യുവാവ്.
ഇത് തന്റെ മരണമൊഴിയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ നാല് വയസ്സുള്ളപ്പോൾ ശാഖയിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചെന്നും ആർ.എസ്.എസിലെ പലരിൽനിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമയാക്കിയെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ട്. ഇതിൽ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാൻ പറ്റിയതെന്നും തനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും കുറിപ്പിലുണ്ട്. താൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയത് കൊണ്ട് നന്നായി അറിയാം.
ജീവിതത്തിൽ ഒരിക്കലും ആർ.എസ്.എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് എഴുതി. താൻ മാത്രമല്ല, പല കുട്ടികളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിങ് നൽകണം. താൻ ഇപ്പോൾ അനുഭവിക്കുന്ന ഒ.സി.ഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഒ.സി.ഡി ഉള്ള ഒരാളുടെ മനസ്സ് ഒരിക്കലും അയാളുടെ കൈയിൽനിൽക്കില്ല. മനസ്സ് മറ്റൊരാൾ നിയന്ത്രിക്കുന്നത് പോലെയുള്ള അവസ്ഥയാണിതെന്നും യുവാവ് കുറിപ്പിലെഴുതിയിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ
മൂന്നോ നാലോ വയസുള്ളപ്പോൾ മുതൽ എന്റെ അയൽവാസിയായ ആ പിതൃശൂന്യൻ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങൾ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാൾ. എന്നെ ആർ.എസ്.എസ് ക്യാമ്പിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ല. ഞാൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ഒരു ആർ.എസ്.എസ് പ്രവർത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിൽപ്പോലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. അത്രക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർ.എസ്.എസുകാർ. ഇനീഷ്യൻ ട്രെയിനിങ് ക്യാമ്പിലും ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പിലും എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഒരിക്കലും ഒരു ആർ.എസ്.എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എൻ.എം ഒരു സജീവ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകനാണ്. എനിക്കറിയാം. ഞാൻ മാത്രമല്ല ഇവന്റെ ഇര. മറ്റുള്ള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആർ.എസ്.എസ് ക്യാമ്പുകളിൽ നിന്നും പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാമ്പുകളിലും ശാഖകളിലും ഒരുപാട് കുട്ടികൾ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിങ് കൊടുക്കേണ്ടത് വളരെ ആവശ്യമാണ്. ഇവൻ കാരണം പീഡനത്തിനിരയായവർ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്.
കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളിൽ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകൾ ജീവിതകാലം മുഴുവൻ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുള്ളവർ എല്ലായിടത്തും ഉണ്ടാകും. കുട്ടികൾ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

