പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; മുംബൈയിൽ യുവാവ് പിടിയിൽ, വിഡിയോ വൈറൽ
text_fieldsമുംബൈ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും നിയമക്കുരുക്കിലേക്കാണ് ചെന്നെത്തുന്നത്. മുംബൈയിൽ നിന്നുള്ള ഒരു കാർ ഡീലറാണ് ഇപ്പോൾ ഇത്തരത്തിൽ കുടുങ്ങിയിരിക്കുന്നത്. തന്റെ 33ാം ജന്മദിനം ആഘോഷിക്കുന്നതിനായി പൊതുറോഡിൽ പെട്രോൾ ഒഴിച്ച് തീയിട്ട ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. ജോഗേശ്വരി സ്വദേശിയായ ഓട്ടോമൊബൈൽ ഡീലറാണ് ആഘോഷം അതിരുവിട്ടതോടെ പിടിയിലായത്. റോഡിൽ പെട്രോൾ ഒഴിച്ച് 33 എന്ന് എഴുതിയ ശേഷം അതിന് തീയിടുകയായിരുന്നു. കത്തുന്ന തീയ്ക്ക് മുന്നിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ റീൽസായി പോസ്റ്റ് ചെയ്യുകയും ചെയ്തു. സിഗരറ്റ് കത്തിച്ച് കാറിന് മുന്നിൽ നിൽക്കുന്ന ഇയാൾ തീ കൊളുത്തിയ ശേഷം അവിടെനിന്ന് കാറോടിച്ച് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
തിരക്കേറിയ സൺടെക് സിറ്റിക്ക് പുറത്തുള്ള എം.എം.ആർ.ഡി.എ റോഡിലാണ് ഈ സാഹസം നടന്നത്. തീ പടർന്നതോടെ റോഡിന്റെ പലയിടത്തും തീ പടർന്നു. സമീപത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ വലിയൊരു തീപിടുത്തത്തിനുള്ള സാധ്യതയും ഉണ്ടായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗോരേഗാവ് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇത്തരം അപകടകരമായ സാഹസങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

