മൃഗാശുപത്രിയിൽ കുരങ്ങൻ എത്തി; പരിക്കേറ്റ ഭാഗം ഡോക്ടർക്ക് കാണിച്ചു കൊടുത്തു, ചികിത്സ നൽകി തിരിച്ചുവിട്ടു -വൈറലായി വിഡിയോ
text_fieldsബംഗളൂരു: കുരങ്ങ് സ്വയം മൃഗാശുപത്രിയിൽ എത്തി ചികിത്സ നേടി മടങ്ങിയെന്ന കൗതുകകരമായ വാർത്തയാണ് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മൃഗാശുപത്രിയിൽ നിന്നുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലാണ്.
ഇൽക്കൽ താലൂക്കിൽ ഗുഡൂരിലെ എസ്.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം. മൃഗാശുപത്രിക്കുള്ളിൽ അപ്രതീക്ഷിതമായി കുരങ്ങ് എത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു.
കുരങ്ങിന്റെ ഗുദഭാഗത്തിന് പരിക്കേറ്റിരുന്നെന്നും കുരങ്ങ് ഇത് ആംഗ്യം കാണിച്ചതായും വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ പറഞ്ഞു. ഉടൻ തന്നെ ഡോക്ടർ ചികിത്സ ആരംഭിച്ചു. ചികിത്സ കഴിഞ്ഞ് അൽപം വിശ്രമിച്ച് ശാന്തനായാണ് കുരങ്ങ് ആശുപത്രി വിട്ടുതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
അപകടത്തിൽ പെടുമ്പോഴോ പരിക്കേൽക്കുമ്പോഴോ വന്യജീവികൾ മനുഷ്യന്റെ സഹായം തേടുന്നത് അപൂർവതയല്ലെന്ന് കർണാടക വെറ്ററിനറി സർവകലാശാല റിസർച് ഡയറക്ടർ ബി.വി. ശിവപ്രകാശ് പറഞ്ഞു. എന്നാൽ, ഒരു കുരങ്ങ് മൃഗാശുപത്രിയിൽ കടന്ന് ചെന്ന് ഡോക്ടറുടെ അടുത്തെത്തി പരിക്കേറ്റ ഭാഗം കാണിക്കുന്നത് കൗതുകകരമാണ്. വന്യമൃഗങ്ങൾ സ്വായത്തമാക്കുന്ന ബുദ്ധിശക്തിയുടെ ഉദാഹരണമായി ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

