'ആർ.സി.ബി ജയിക്കാതെ വിവാഹമില്ല': വൈറലായി പ്ലക്കാർഡ്
text_fieldsഉയരം കൂടും തോറും ചായയുടെ സ്വാദ് കൂടുമെന്ന് പറയുന്നത് പോലെയാണ് ഐ.പി.എല്ലിൽ കാമറക്കാരുടെ കാര്യവും. പ്ലക്കാർഡുകൾ ക്രിയേറ്റീവാണോ, നിങ്ങൾ വൈറലാകും.
ഇത്തരത്തിൽ പ്ലക്കാർഡിലെ വാചകങ്ങൾ കാരണം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഒരു പെൺകുട്ടി. എന്താണ് ആ ക്രിയേറ്റീവ് വരികൾ എന്നല്ലേ? 'ഐ.പി.എൽ ട്രോഫി ആർ.സി.ബി (റോയൽ ചാലഞ്ചേഴ്സ് ബാഗ്ലൂർ) നേടുന്നത് വരെ വിവാഹം കഴിക്കില്ല'.

ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് വിചിത്രമായ പ്ലക്ക് കാർഡുമായി യുവതി എത്തിയത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
ഐ.പി.എല്ലിൽ ഇതുവരെ ആർ.സി.ബി ട്രോഫി നേടിയിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെ പെൺകുട്ടിയോട് കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നാണ് സമൂഹ മാധ്യമങ്ങളുടെ അഭ്യർഥന.
രസകരമായ മീമുകളും കമന്‍റുകളുമാണ് പേരറിയാത്ത പെൺകുട്ടിയുടെ ചിത്രത്തിന് ലഭിക്കുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് ആശങ്ക തോന്നുന്നു എന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരമായ അമിത് മിശ്രയുടെ അഭിപ്രായം.