"വിശാൽ ഞാൻ നിങ്ങളെ കാത്തിരിക്കുന്നു" - വൈറലായി പത്തുരൂപ നോട്ടിലെ കത്ത്; വിശാലിനെ തേടി ട്വിറ്റർ
text_fieldsസാധനങ്ങൾ വാങ്ങാൻ മാത്രമല്ല. ചിലപ്പോൾ, അത്യാവശ്യമാമെങ്കിൽ, കത്തെഴുതാനും നോട്ടുകൾ ഉപയോഗിക്കാം. ഇത്തരത്തിൽ കാമുകന് കാമുകിയെഴുതിയ കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്‍റെ വിവാഹമാണെന്നും എത്രയും പെട്ടെന്ന് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് വിശാൽ എന്ന തന്‍റെ പ്രിയതമന് കുസുമം എഴുതിയ കത്താണ് ട്വിറ്ററിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
"വിശാൽ, ഏപ്രിൽ 26ന് എന്‍റെ വിവാഹമാണ്. ദയവുചെയ്ത് എന്നെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകണം. എന്ന് നിന്‍റെ കുസുമം"- വൈറൽ ചിത്രത്തിലെ പത്തുരൂപ നോട്ടിലെഴുതിയ വരികളാണിത്. വിപുൽ എന്ന യുവാവാണ് ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. എങ്ങനെയെങ്കിലും ഈ കത്ത് വിശാലിന് എത്തിക്കാൻ ട്വിറ്റർ ഒന്നടങ്കം ശ്രമിക്കണമെന്നാണ് വിപുലിന്‍റെ ആവശ്യം. ഏതായാലും ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത്. നിങ്ങൾക്കറിയാവുന്ന വിശാൽ എന്ന് പേരുള്ള എല്ലാവരേയും ടാഗ് ചെയ്യണമെന്നുമുള്ള അടിക്കുറിപ്പോടെയാണ് വിപുൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചത്.
വിശാൽ താങ്കളുടെ പ്രിയതമ കാത്തിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഉപഭോക്താക്കളിൽ ഒരാൾ ചിത്രം പങ്കുവച്ചത്. വിവാഹത്തിന്‍റെ സമയത്ത് വിശാൽ എന്ന പേരുള്ള ഒരുപാട് പേർ എത്തിയാൽ കുസുമം ആരോടൊപ്പം പോകുമെന്നതാണ് ഒരു വിരുതന്‍റെ സംശയം. ഏതായാലും കുസുമം വിശാലിന്‍റെ കൈകളിലെത്തുന്നത് വരെ ചിത്രം പങ്കുവെക്കാനാണ് ട്വിറ്റർ ഉപഭോക്താക്കളുടെ തീരുമാനം.