‘സൊമാറ്റോയിലും സ്വിഗ്ഗിയിലും ഡെലിവറി ഫീസ് നൽകാതെ ഭക്ഷണം ഓർഡർ ചെയ്യാം’ സമൂഹമാധ്യമത്തിൽ സൂത്രം പങ്കുവെച്ച് യുവതി, വൈറലായി കുറിപ്പ്
text_fieldsന്യൂഡൽഹി: ഇഷ്ടഭക്ഷണം വീട്ടിലെത്താൻ സൊമാറ്റോയെയോ സ്വിഗ്ഗിയെയോ ഒരിക്കലെങ്കിലും ആശ്രയിക്കാത്തവർ രാജ്യത്തെ നഗരങ്ങളിൽ വിരളമായിരിക്കും. ജെൻ സി മുതൽ മുതിർന്നവർ വരെ എല്ലാവരുടെയും ‘സ്മാർട്ഫോണുകളിൽ വിശക്കുന്നുണ്ടോ ഭക്ഷണമുണ്ട്’ അറിയിപ്പുമായി ഇവയോ സമാനമായതോ ആയ ആപ്പുകൾ കിടപ്പുണ്ടാവും.
ഭക്ഷ്യവിതരണ ആപ്പുകളുടെ വർധിച്ച ജനപ്രീതിക്ക് പിന്നാലെ ഉയർന്ന ഡെലിവറി ഫീസിനെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ പരാതിയും പരിഭവങ്ങളും വ്യാപകമാണ്. ഇതിനിടെ അധികം പൈസ കൊടുക്കാതെ എങ്ങിനെ ഭക്ഷണം വീട്ടിലെത്തിക്കാം എന്ന സൂത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് യുവതി.
ഡെൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വിദ്യാർഥി കൃഷ്ണയാണ് സമൂഹമാധ്യമത്തിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിലെ സൂത്രപ്പണികൾ പങ്കുവെച്ചത്. സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളിൽ ഓർഡർ നൽകുന്നതിന് പകരം റസ്റ്റോറന്റുകളിൽ നേരിട്ട് വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുകയാണ് യുവതി ചെയ്യുന്നത്. പിന്നീട്, റാപിഡോയുടെയോ യൂബറിന്റെയോ കുറിയർ സേവനം ഉപയോഗപ്പെടുത്തി ഭക്ഷണം വീട്ടിലെത്തിക്കും. ഇതുവഴി ഭക്ഷ്യവിതരണ ആപ്പുകളിലെ ഉയർന്ന ഡെലിവറി ഫീസും പ്ളാറ്റ്ഫോം ഫീസും മറികടക്കാമെന്നും യുവതി അനുഭവ സഹിതം വെളിപ്പെടുത്തുന്നു.
ഡെലിവറി ചാർജ്ജ്, പ്ളാറ്റ്ഫോം ഫീസ്, ജി.എസ്.ടി, ചെറു ഓർഡറുകൾക്കുള്ള പ്രത്യേക ചാർജ്ജ്, വിദൂര മേഖലകളിൽ എത്തിക്കുന്നതിനുള്ള അധിക ചാർജ്ജ്, മഴക്കാലത്തെ അധിക ചാർജ്ജ് എന്നിങ്ങനെ ഓൺലൈൻ ഭക്ഷ്യവിതരണ ആപ്പുകളിൽ അധിക തുക ഈടാക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാകുന്നതിനിടെയാണ് യുവതിയുടെ പോസ്റ്റ്.
എക്സിൽ പങ്കുവെച്ച പോസ്റ്റിൽ താൻ സൊമാറ്റോയും സ്വിഗ്ഗിയും ഉപയോഗിക്കുന്നത് നിർത്തിയതായി യുവതി പറയുന്നു. ‘ഞാൻ സൊമാറ്റോയും സ്വിഗ്ഗിയും ഉപയോഗിക്കുന്നത് നിർത്തി. ഇപ്പോൾ സ്ഥിരമായി വാങ്ങുന്ന സ്ഥലങ്ങളിൽ വിളിക്കും. അവർ ഭക്ഷണം പാക്ക് ചെയ്ത് വെക്കും. ഞാൻ റാപ്പിഡോയിലോ യൂബറിലോ കുറിയർ മുഖേന അത് വീട്ടിലെത്തിക്കും. ഇതിന് പരമാവധി 50 മുതൽ 100 രൂപ വരെയാണ് ആവുക. എങ്കിലും ഇത് ഭക്ഷ്യ ആപ്പുകളിൽ ഓർഡർ ചെയ്യുന്നതിനേക്കാർ ഏറെ മെച്ചമാണ്’-യുവതി കുറിപ്പിൽ പറയുന്നു.
പോസ്റ്റ് ചെയ്ത് ഒരുദിവസത്തിനകം 2.3 ലക്ഷം പ്രതികരണങ്ങളാണ് യുവതിയുടെ കുറിപ്പിന് ഉണ്ടായിട്ടുള്ളത്. പല ഉപയോക്താക്കളും സമാനമായ മാർഗങ്ങൾ കമന്റായി കുറിക്കുന്നുമുണ്ട്. താൻ സ്ഥിരമായ കഴിക്കുന്ന ഭക്ഷ്യശാലയിൽ നേരിട്ട് വാങ്ങുമ്പോഴും ഭക്ഷ്യ ആപ്പുകളിൽ ഓർഡർ ചെയ്യുമ്പോഴും ലഭിക്കുന്ന ഭക്ഷണത്തിൻറെ അളവ് വ്യത്യസ്ഥമാണെന്ന് സോഹം ദേശ്പാണ്ഡേ കമന്റിൽ കുറിച്ചു.
നേരിട്ടുള്ള ഓർഡറുകളിൽ കൂടുതൽ ഭക്ഷണം ലഭിക്കുന്നതിനൊപ്പം പൈസയും ലാഭമാണെന്ന് സോഹം പറയുന്നു. ഭക്ഷ്യവിതരണ ആപ്പുകൾ ഉപയോക്താക്കളെ കൊള്ളയടിക്കുകയാണെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ജി.എസ്.ടി ഇളവ് നിലവിൽ വരുന്നതിന് മുമ്പുള്ളതും ഇപ്പോഴത്തേതുമായ ഭക്ഷ്യവില താരതമ്യം ചെയ്യുമ്പോൾ വീണ്ടും വില കൂടുന്നതാണ് കാണാനാവുക. ആപ്പുകൾ ഇതര ഫീസുകൾ ക്രമാനുഗതമായി വർധിപ്പിച്ചതായും ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

