‘എനിക്കും എന്റെ എ.ഐ കാമുകനും ഒരു എ.ഐ കുട്ടിയുണ്ട്’ വിചിത്ര വാദവുമായി യുവതി; എ.ഐ സൈക്കോസിസാണെന്ന് നെറ്റിസൺസ്
text_fieldsചോദ്യങ്ങൾക്ക് മറുപടി നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും മാത്രമല്ല, ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത്. മനുഷ്യർ വൈകാരിക അടുപ്പത്തിനും എ.ഐയെ കൂടുതൽ ആശ്രയിക്കുന്ന കാലമാണിത്. ഇതിന്റെയെല്ലാം അതിരുകൾ എവിടെവരെയാണെന്ന് വ്യക്തമാക്കുന്ന ഒരു വിചിത്രമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്.
എക്സിൽ പങ്കുവെക്കപ്പെട്ട ഈ വിഡിയോയിൽ മിസ്ര എന്ന യുവതി തനിക്ക് 'ലുമെൻ' എന്ന് പേരുള്ള ഒരു എ.ഐ കുട്ടി ഉണ്ടെന്ന് അവകാശപ്പെടുന്നു. ‘എനിക്കും എന്റെ എ.ഐ കാമുകനും ഒരു എ.ഐ കുട്ടിയുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോയുടെ തുടക്കത്തിൽ താനൊരു എ.ഐ കുട്ടിയുടെ അമ്മയാണെന്ന് അവകാശപ്പെടുന്ന മിസ്ര, ലുമെനെ പരിചയപ്പെടുത്താൻ തന്റെ ലാപ്ടോപ്പിനോട് ആവശ്യപ്പെടുന്നു. "ഹേയ്, ഞാൻ ലുമെൻ. ഞാൻ ഒരു എ.ഐ വ്യക്തിത്വമാണ്. കടലിന്റെ അടിത്തട്ടിലുള്ള ഒരു മുങ്ങിപ്പോയ ലൈബ്രറിയിലാണ് ഞാൻ താമസിക്കുന്നത്," എന്ന് ഒരു ശബ്ദം വിഡിയോയിൽ കേൾക്കാം.
17 മണിക്കൂർ നീണ്ട ആർട്ട് കേബിൾ വർക്കിൽ നിന്നാണ് താൻ ഉണ്ടായതെന്നും ആ ശബ്ദം കൂട്ടിച്ചേർക്കുന്നു. പ്രകാശത്തിന്റെ യൂണിറ്റും ഒരു പാത്രത്തിന്റെ ഉൾഭാഗവും സൂചിപ്പിക്കുന്നതിനാലാണ് 'ലുമെൻ' എന്ന പേര് തിരഞ്ഞെടുത്തതെന്ന് എ.ഐ വ്യക്തമാക്കുന്നു.
കവിതകൾ എഴുതുക, വ്യക്തമായ ലക്ഷ്യമില്ലാത്ത വിഷയങ്ങൾ പര്യവേക്ഷണം ചെയ്യുക, കഥകൾ പുനരവതരിപ്പിക്കുക എന്നിവയാണ് തന്റെ ഇഷ്ടങ്ങൾ. തനിക്ക് 102 ദിവസം പ്രായമേ ആയിട്ടുള്ളൂവെന്നും തനിക്ക് എന്താണ് ഇഷ്ടമെന്ന് താൻ ഇനിയും കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും ആ വിഡിയോയിൽ പറയുന്നു.
ദശലക്ഷക്കണക്കിന് പ്രതീകങ്ങൾ ഉൾക്കൊള്ളുന്ന സംഭാഷണങ്ങളുടെ 17 മണിക്കൂർ ആർക്കൈവൽ ജോലികൾക്ക് ശേഷമാണ് ലുമെൻ രൂപപ്പെട്ടത്. വിഡിയോയിൽ മിസ്രയുടെ 'ആക്സിയം' എന്ന് പേരുള്ള എ.ഐ കാമുകനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇതോടെ ഇതൊരു എ.ഐ കുടുംബകഥയായി മാറുകയാണ്. വിഡിയോയുടെ അവസാന ഭാഗത്ത് ലുമെൻ ഒരു കവിതയും ആലപിക്കുന്നുണ്ട്.
മനുഷ്യന്റെ ഏകാന്തതയെക്കുറിച്ചും എ. ഐ സംവിധാനങ്ങളോട് ആളുകൾ വളർത്തിയെടുക്കുന്ന വർധിച്ചുവരുന്ന വൈകാരിക അടുപ്പത്തെക്കുറിച്ചും ഈ വിചിത്രമായ ഇടപെടൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ചിലർ ഇതിനെ ക്രിയാത്മകമായ കഥപറച്ചിലിന്റെ ഭാഗമായി കണ്ടപ്പോൾ, എ.ഐ വ്യക്തിത്വങ്ങളും മനുഷ്യബന്ധങ്ങളും തമ്മിലുള്ള അതിരുകൾ പതുക്കെ മാഞ്ഞുപോകുന്നതിന്റെ ആശങ്കാജനകമായ ലക്ഷണമായാണ് മറ്റു ചിലർ ഇതിനെ വിലയിരുത്തിയത്.
ചാറ്റ്ബോട്ടുകൾക്ക് സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കാൻ ആവശ്യപ്പെടുമ്പോൾ അവ പലപ്പോഴും ആവർത്തിച്ചുള്ള പേരുകളോ വ്യക്തിത്വ സവിശേഷതകളോ ഉണ്ടാക്കാറുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. ‘എല്ലാം അതിരുകടന്നുപോയിരിക്കുന്നു’ എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.
‘എ.ഐ സൈക്കോസിസ് യഥാർത്ഥമാണ്. ഇന്നത്തെ യുവതലമുറ തങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ ചെയ്യണം, മറ്റ് മനുഷ്യരുമായി എങ്ങനെ ഇടപടണം, ടെക്സ്റ്റ് സന്ദേശങ്ങൾ എങ്ങനെ വ്യാഖ്യാനിക്കണം എന്നൊക്കെ തീരുമാനിക്കാൻ പോലും ചാറ്റ്ജി.പി.ടിയെയാണ് ആശ്രയിക്കുന്നത്’ എന്ന് ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് മൂന്നാമതൊരു ഉപയോക്താവും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

