ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിലേക്ക് വളർത്തുനായയെ കൊണ്ടുപോയ നോയിഡ സ്വദേശിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വികാശ് ത്യാഗി എന്ന 33 കാരനായ ബ്ലോഗറാണ് ചാർ ധാം യാത്രയ്ക്കിടെ വളർത്തു നായയെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്. ഭക്തരുടെ മതവികാരത്തെ മുറിവേൽപ്പിച്ചുവെന്നാണ് കേസ്. വികാശ് പങ്കുവെച്ച നവാബ് എന്നറിയപ്പെടുന്ന തന്‍റെ വളർത്തു നായയുടെത്തിലെ വിഡിയോ നിമിഷ നേരങ്ങൾക്കകം വൈറലാവുകയായിരുന്നു.
വികാശ് നായയുടെ മുൻകാലുകൾ പിടിച്ച് കേദാർനാഥ് ക്ഷേത്രത്തിന്റെ പുറത്തെ 'നന്ദി' പ്രതിഷ്ഠയിൽ തൊടുന്നതും പുരോഹിതൻ നായയുടെ നെറ്റിയിൽ തിലകം ചാർത്തുന്നതും വിഡിയോയിൽ കാണാം. വിഡിയോ ദൃശ്യങ്ങൾ ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി വികാശിനെതിരെ പാരാതി നൽകുകയായിരുന്നു. കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
എന്നാൽ തന്‍റെ വളർത്തു നായ നാല് വർഷമായി ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും ഇപ്പോൾ എന്തിനാണ് പ്രശ്നമുണ്ടാക്കുന്നതെന്നുമായിരുന്നു വികാശിന്‍റെ പ്രതികരണം. നായയും ദൈവത്തിന്റെ സൃഷ്ടിയാണെന്നും യുവാവ് കൂട്ടിച്ചേർത്തു.
വികാശിന്‍റെ പ്രവൃത്തിയെ അനുകൂലിച്ചും നിരവധിയാളുകൾ ഇൻസ്റ്റഗ്രാമിൽ വിഡിയോക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.