കാറിന്റെ ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്; ഞെട്ടിപ്പിക്കുന്ന വിഡിയോ
text_fieldsഓരോ ദിവസവും നിരവധി റോഡപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ചെറിയൊരു അശ്രദ്ധ പോലും അപകടങ്ങൾക്ക് കാരണമാകാം. കർണാടക റോഡ് സുരക്ഷാ അതോറിറ്റി പങ്കുവെച്ച റോഡപകടത്തിന്റെ നടുക്കുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
കാർ യാത്രക്കാർ അശ്രദ്ധമായി കാറിന്റെ ഡോർ തുറക്കുന്നതും ഡോറിലിടിച്ച് മോട്ടോർ സൈക്കിൾ യാത്രികർ തെറിച്ച് വീഴുന്നതും വിഡിയോയിൽ കാണാം. റോഡിലേക്ക് തെറിച്ച് വീഴുന്ന സ്ത്രീയുടെ മേലേക്ക് പിന്നാലെ വരുന്ന കാർ കയറുന്നതു വിഡിയോയിലുണ്ട്.
'ഇത്തരം അപകടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ റോഡുകളിൽ വെച്ച് കാറിന്റെ ഡോർ തുറക്കുന്നതിന് മുമ്പ് പുറകിൽ നിന്നും വണ്ടി വരുന്നത് ശ്രദ്ധിക്കണം.' -വിഡിയോ പങ്കുവെച്ചുകൊണ്ട് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ട്വീറ്റ് ചെയ്തു. സെപ്റ്റംബർ ഒമ്പതിന് നടന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യമാണിത്.
വിഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. കൃത്യമായ ടെസ്റ്റുകൾ നടത്താതെ ലൈസൻസ് നൽകുന്നതിനാലാണ് ഇത്തരം അപകടങ്ങളുണ്ടാവുന്നതെന്നും നിയമങ്ങൾ കർശനമാക്കണമെന്നും ചിലർ കമന്റു ചെയ്തു.

