വിവേകാനന്ദൻ വൈറലാണ്
text_fieldsവിവേകാനന്ദൻ
വിവേകാനന്ദൻ എം എന്ന പേര് കേട്ടാൽ അത്ര പെട്ടെന്ന് ആർക്കും മനസ്സിലാകാൻ സാധ്യതയില്ല. എന്നാൽ, സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുമ്പോൾ കാടുമൂടി കിടക്കുന്ന സൈൻ ബോർഡുകൾ ക്ലീൻ ചെയ്യുന്നതിലും തകർന്ന ഡിവൈഡർ കട്ടകൾ നേരെയാക്കുന്നതിലും റോഡിലെ കുഴികൾ മൂടുന്നതിലുമൊക്കെ ആനന്ദം കണ്ടെത്തുന്ന ഒരു ചെറുപ്പക്കാരന്റെ വിഡിയോ കണ്ണിലുടക്കിയിട്ടുണ്ടാകും.
അറിഞ്ഞോ അറിയാതെയോ ഒരു ലൈക്കിട്ടിട്ടുണ്ടാകും. ചിലരെങ്കിലും കമന്റിട്ടിട്ടുണ്ടാകും. ചിലപ്പോൾ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യാനും സാധ്യതയുണ്ട്. ആ ചെറുപ്പക്കാരനാണ് വിവേകാനന്ദൻ എം എന്ന കണ്ണൂർ ഇരിട്ടി പടിയൂർ സ്വദേശി.
തുടക്കമിവിടെ
ശ്രീകണ്ഠപുരം മേരിഗിരി ഐ.ടി.ഐയിൽ ഓട്ടോ മൊബൈൽ ഇൻസ്ട്രക്ടറായ വിവേകാനന്ദൻ നിറയെ വളവും തിരിവുമുള്ള ഇരിട്ടി-തളിപ്പറമ്പ് റൂട്ടിലൂടെ കോളജിലേക്ക് പോകുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപെടുന്നത്. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടി നിർമിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളും സൈൻ ബോർഡുകളും കോൺവെക്സ് മിററുകളും നോക്കുകുത്തികളെപ്പോലെ പൊടിപിടിച്ച്, കാടുമൂടി ഉപയോഗശൂന്യമായി കിടക്കുന്നു.
ഒരുദിവസം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ എവിടെനിന്നോ കേട്ട ഉൾവിളിയിൽ ഒരു സൈൻ ബോർഡ് വൃത്തിയാക്കുന്നു. അങ്ങനെയത് പതിവായി. അവസാനം ജീവിതത്തിൽ ഒരാനന്ദമായി. കഴിഞ്ഞ വർഷം അദ്ദേഹം വൃത്തിയാക്കിയത് ഇരുനൂറിലേറെ സൈൻ ബോർഡുകൾ, തെളിയാത്ത നിരവധി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകൾ, റോഡുകൾ. അങ്ങനെ ഓരോരുത്തരും നിസ്സാരമാക്കുന്ന, എന്നാൽ ജീവന്റെ മൂല്യമുള്ള ഒട്ടേറെ കുഞ്ഞുകാര്യങ്ങൾ.
രണ്ടു ലക്ഷ്യങ്ങൾ
എഡ്വിൻ എന്ന സുഹൃത്താണ് എന്നോ ക്രിയേറ്റ് ചെയ്ത വിവേകാനന്ദൻ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലും ഇത്തരത്തിലുള്ള പ്രവൃത്തികൾ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നത്. അങ്ങനെയൊരു സാഹസികതക്ക് മുതിർന്നപ്പോൾ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ തേടിയെത്തിയത് ലക്ഷക്കണക്കിന് പിന്തുണകളാണ്. പ്രശംസകൾ ഒഴുകിയെത്തുമ്പോഴും വിവേകാനന്ദന് രണ്ട് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, താൻ ചെയ്യുന്നത് എന്നെങ്കിലും ഒരാൾക്കെങ്കിലും ഉപകാരപ്പെടണം. ഒരു അപകടത്തിൽനിന്നെങ്കിലും അവരെ രക്ഷിക്കണം.
രണ്ട്, താൻ ചെയ്യുന്നത് കണ്ടോ അറിഞ്ഞോ ഒരാളെങ്കിലും ആകൃഷ്ടനായി ഈ പ്രവർത്തനങ്ങൾ പിന്തുടരണം. അദ്ദേഹത്തിന്റെ ലക്ഷ്യം നല്ലൊരു ശതമാനം വിജയിച്ചു എന്നുപറയാം. ഇത്തരത്തിലുള്ള സോഷ്യൽ വർക്കുകൾ ചെയ്ത് ഒരുപാട് ആളുകൾ ഇദ്ദേഹത്തിന്റെ ഇൻസ്റ്റ പേജിൽ ടാഗ് ചെയ്തിട്ടുണ്ട്. പേജിന് ഒന്നര ലക്ഷത്തിലേറെ ഫോളോവേഴ്സും വിഡിയോകൾക്ക് മില്യൺ കണക്കിന് കാഴ്ചക്കാരുമുണ്ട്.
പറഞ്ഞുവെക്കുന്നത്
വിവേകാനന്ദന് എപ്പോഴും പറയാനുള്ളത് ഒന്നുമാത്രമാണ്. വെറും ചുരുങ്ങിയ സമയമേ ഓരോ പ്രാവശ്യവും തനിക്ക് ആവശ്യം വരുന്നുള്ളൂ. എന്നാൽ, ആ സമയത്തിന് നിരവധിയാളുടെ ജീവന്റെ വിലയുണ്ട്. ജനങ്ങൾ ഇത്തരം സേവനങ്ങളെ ഒരു തൊഴിൽ രൂപത്തിലാണ് കാണുന്നത്. ആ ചിന്ത മാറ്റി ഓരോരുത്തരും ഇറങ്ങി പുറപ്പെട്ടാൽ എന്നെങ്കിലും മിനിമം സ്വന്തം ജീവനെങ്കിലും രക്ഷിക്കാൻ സാധിക്കും. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിനെക്കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ട്. ജനങ്ങൾക്ക് അവബോധം നൽകുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

