ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കുമോ ഈ 70കാരൻ! ഓട്ടംകണ്ട് കണ്ണുതള്ളി സോഷ്യൽമീഡിയ
text_fieldsവാഷിങ്ടൺ: വേഗ രാജാവ് എന്നതിന് ഉസൈൻ ബോൾട്ട് എന്ന ഒറ്റ ഉത്തരമായിരിക്കും ആദ്യം നമ്മുടെ മനസ്സിൽ വരിക. ബോൾട്ടും അസഫ പവലുമൊക്കെ വേഗത്തിൽ റെക്കോർഡിട്ടത് പക്ഷേ അവരുടെ 'നല്ല കാലത്താണ്'. എന്നാൽ വേഗത്തിന് പ്രായം ഒരു തടസ്സമാവുകയേ ഇല്ല എന്ന് തെളിയിക്കുകയാണ് അമേരിക്കയിലെ ഈ 70കാരൻ.
മൈക്കേൽ കിഷ് ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരം. വെറും 14 സെക്കൻഡ് കൊണ്ട് 100 മീറ്റർ ഓടി ഫിനിഷ് ചെയ്ത കിഷിന്റെ വിഡിയോ ഇപ്പോൾ തരംഗമാവുകയാണ്. ശരിക്കും പറഞ്ഞാൽ 14 സെക്കൻഡ് പോലും എടുത്തിട്ടില്ല കിഷ്.
ഫിനിഷിങ് ടൈം 13:47 എന്നാണ് വിഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഫ്ലോട്രാക്ക്' എന്ന ട്വിറ്റർ പേജിലൂടെയാണ് വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വിവിധ പ്ലാറ്റ്ഫോമുകളിൽ വിഡിയോ വൈറലാവുകയും ചെയ്തു. ലക്ഷക്കണക്കിനുപേരാണ് വിഡിയോ ഷെയർ ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്.
ചെറുപ്പക്കാർ പോലും 14 സെക്കൻഡിനുള്ളിലെല്ലാം 100 മീറ്റർ ഓടി ഫിനിഷ് ചെയ്യാൻ കഷ്ടപ്പെടുമ്പോഴാണ് മത്സരത്തിൽ കിഷ് പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചത്. അതേ സമയം ഈ ഓട്ടത്തിൽ കിഷിന് റെക്കോഡ് ഒന്നും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല. 70 വയസ്സുള്ള മറ്റൊരു അമേരിക്കക്കാരൻ ബോബി വിൽഡൻ എന്നയാളുടെ പേരിലാണ് 70ാം വയസ്സിൽ 12.77 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്ത റെക്കോഡ്. എന്നിരുന്നാലും കിഷ് ആണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം.