ഇന്ത്യയിൽ ഒരു കുട്ടിയെ വളർത്താൻ 1.39 കോടി രൂപ ചെലവ് വരുമെന്ന് യുവാവ്; വൈറലായി വിഡിയോ
text_fieldsഇന്ത്യയിൽ ഒരു കുട്ടിയെ 18 വയസുവരെയെത്തിക്കാൻ ഏകദേശം 1.39 കോടി രൂപ ചെലവ് വരുമെന്ന ഒരു കണ്ടന്റ് ക്രിയേറ്ററുടെ അവകാശവാദം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് വിഖ്യാത് സിങ് എന്ന യുവാവ് ഗർഭകാലം മുതൽ സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യം, ഗാഡ്ജെറ്റുകൾ, യാത്രകൾ തുടങ്ങി മാതാപിതാക്കൾ വഹിക്കേണ്ട പ്രധാന ചെലവുകൾ കണക്ക് കൂട്ടൽ നിരത്തിയത്.
വിഖ്യാത് പറയുന്ന കണക്ക് ഇങ്ങനെ
ഗർഭകാല ചെലവുകൾ: ഡോക്ടർ കൺസൾട്ടേഷൻ, മെഡിക്കൽ പരിശോധനകൾ, മരുന്നുകൾ, പ്രസവകാല വസ്ത്രങ്ങൾ, സ്വകാര്യ ആശുപത്രിയിലെ പ്രസവം എന്നിവക്കായി ഏകദേശം 3 ലക്ഷം രൂപ വരെ ചെലവാകാം എന്ന് സിങ് പറയുന്നു.
ആദ്യ രണ്ട് വർഷങ്ങൾ: ഡയപ്പറുകൾ, ഭക്ഷണം, വാക്സിനേഷനുകൾ, മറ്റ് അത്യാവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ കുട്ടിയുടെ ആദ്യ രണ്ട് വർഷത്തെ ചെലവ് ഏകദേശം 6 ലക്ഷം രൂപ വരുമെന്ന് അദ്ദേഹം കണക്കാക്കി.
ഭക്ഷണം: രണ്ടിനും 18 വയസിനും ഇടയിൽ ഭക്ഷണത്തിനായി മാത്രം മാതാപിതാക്കൾക്ക് ഏകദേശം 15 ലക്ഷം രൂപ ചെലവാകും.
വിദ്യാഭ്യാസം: പ്ലേ സ്കൂൾ, വാർഷിക സ്കൂൾ ഫീസ്, പുസ്തകങ്ങൾ, യൂണിഫോം, സ്കൂൾ യാത്രകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ഏകദേശം 33 ലക്ഷം രൂപ ചിലവരുന്ന ഏറ്റവും വലിയ ചെലവായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റ് പ്രധാന ചെലവുകൾ:
- ട്യൂഷൻ: 9 ലക്ഷം രൂപ
- ആരോഗ്യ സംരക്ഷണം: 5.4 ലക്ഷം രൂപ
- വിനോദം: 9 ലക്ഷം രൂപ
- വസ്ത്രങ്ങൾ: 7.2 ലക്ഷം രൂപ
- ഗാഡ്ജെറ്റുകൾ: 4 ലക്ഷം രൂപ
- കായികം, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ: 8 ലക്ഷം രൂപ
- ഗതാഗതം: 8 ലക്ഷം രൂപ
- കുട്ടിക്ക് താമസിക്കാൻ വലിയ വീട് വാടകയ്ക്കെടുക്കുന്നതിന്റെ അധിക ചെലവ്: 32.4 ലക്ഷം രൂപ
ഈ തുകകളെല്ലാം കൂട്ടിയപ്പോൾ ആകെ തുക 1.39 കോടി രൂപയായി. കോളജ് ഫീസ്, പണപ്പെരുപ്പം അല്ലെങ്കിൽ ഈ പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചാൽ ലഭിക്കുന്ന ലാഭം എന്നിവ തന്റെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ യഥാർഥ ചെലവ് ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് വിഡിയോയിൽ സിങ് വാദിക്കുന്നു. ഇത് ഒരു ബി.എം.ഡബ്ല്യു എം4 കോമ്പറ്റീഷൻ കാറിന്റെ ഓൺ-റോഡ് വിലക്ക് തുല്യമാണെന്ന് തമാശ രൂപേണ പറയുന്നുണ്ട്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായതോടെ കുട്ടികളെ വളർത്തുന്നതിന്റെ സാമ്പത്തിക ഭാരം രക്ഷാകർതൃത്വം നൽകുന്ന വൈകാരിക സന്തോഷത്തേക്കാൾ വലുതാണോ എന്നതിനെക്കുറിച്ച് ഉപയോക്താക്കൾക്കിടയിൽ ചർച്ച വന്നു.
"നമ്മളെല്ലാം ഇവിടെ ജോലി ചെയ്യാനും സമ്പാദിക്കാനും ജീവിതം കെട്ടിപ്പടുക്കാനും ഉള്ളവരാണ്. പണം വന്നു കൊണ്ടേയിരിക്കും, പോയിക്കൊണ്ടേയിരിക്കും, ജീവിതകാലം മുഴുവൻ നമ്മൾ അതിനായി ജോലി ചെയ്തുകൊണ്ടേയിരിക്കും. എന്നാൽ ഒരു കുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷവും സ്നേഹവും ലക്ഷ്യബോധവും തുല്യതയില്ലാത്തതാണ്. ജീവിതത്തിലെ ചില കാര്യങ്ങൾ പണത്തിൽ അളക്കാനാകില്ല, ആ കൊച്ചു ആലിംഗനങ്ങൾ അവയിലൊന്നാണ്." ഒരാൾ അഭിപ്രായപ്പെട്ടു. "ഒരു കുട്ടിയെ വളർത്തുക എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്" എന്ന് മറ്റൊരു കമന്റ്.
"ശരിയായ ആസൂത്രണമില്ലാതെയോ സാമൂഹിക സമ്മർദ്ദം കൊണ്ടോ മാത്രം കുട്ടികളെക്കുറിച്ച് ചിന്തിക്കുന്ന പല ദമ്പതികൾക്കും ഇതൊരു കണ്ണ് തുറപ്പിക്കുന്ന അനുഭവമാണ്. ആളുകൾ യോജിച്ചാലും ഇല്ലെങ്കിലും, ചിന്തനീയമായ ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്ന വിജ്ഞാനപ്രദമായ ഒരു കണ്ടന്റാണിത്," ഒരു ഉപയോക്താവ് എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

