'മാന്യന്മാരാണ് സോറി പറഞ്ഞല്ലോ'; ബൈക്കിൽ ട്രിപ്പിളടിച്ച് ഫ്രീക്കന്മാർ, പൊട്ടിച്ചിരിപ്പിച്ച് എ.എസ്.ഐയുടെ കമന്റ്
text_fieldsകായംകുളം: 'ന്യൂജെൻ തലമുറയും ലഹരിയും സംബന്ധിച്ച്' ഗൗരവമായ വർത്തമാനങ്ങൾ നടക്കുന്നതിനിടെ വേദിക്ക് മുന്നിൽ ബൈക്കിലെത്തി കുടുങ്ങിപ്പോയ ഫ്രീക്കൻമാർ സദസിനെ പൊട്ടിച്ചിരിപ്പിച്ച് കടന്നുപോയി. വള്ളികുന്നം പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ചൂനാട് ചന്തയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമത്തിനിടെ അരങ്ങേറിയ രസകരമായ സംഭവം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.
വള്ളികുന്നം എ.എസ്.ഐ കെ.ജി. ജവഹർ ലഹരി വിരുദ്ധ ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു. വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ഒരു ഭാഗത്തായിരുന്നു വേദി. ഇതിനിടെയാണ് ഒരു ബൈക്കിൽ മൂന്നു ചെറുപ്പക്കാർ മുന്നിലൂടെ പോയത്. കൃത്യം വേദിക്ക് മുന്നിലെത്തിയതും ബൈക്ക് ഓഫായി. ഇതോടെ പ്രസംഗവും ഒന്നു സ്റ്റോപ്പായി. പിന്നൊന്നും നോക്കിയില്ല, സ്റ്റേജിലേക്ക് നോക്കി 'സോറി' എന്നു പറഞ്ഞു ബൈക്കിലെത്തിയവർ. ഇത് കേട്ട് സദസും പ്രാസംഗികനും ഒരുപോലെ ചിരിച്ചുപോയി. ഇതിനിടയിൽ സ്റ്റാർട്ടായ ബൈക്കിൽ മൂവരും സമയം കളയാതെ സ്ഥലം വിടുകയും ചെയ്തു. ഈ സമയം 'അവർ മാന്യൻമാരാ, സോറി പറഞ്ഞല്ലോ' എന്ന എ.എസ്.ഐ കെ.ജി. ജവഹറിന്റെ മൈക്കിലൂടെയുള്ള കമന്റ് കൂട്ടച്ചിരി പടർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

