കച്ചാബദാമിന് പിന്നാലെ വൈറലായി നാരങ്ങ സോഡ കച്ചവടക്കാരൻ
text_fieldsകച്ചവടം നടത്താൻ വ്യത്യസ്തവും രസകരവുമായ രീതികൾ സ്വീകരിക്കുന്നവരാണ് മിക്ക വഴിയോരക്കച്ചവടക്കാരും. വഴിയാത്രക്കാരെ ആകർഷിക്കാൻ വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ നുറുക്കുവിദ്യകൾ ഇക്കൂട്ടരുടെ കയ്യിലുണ്ടാകും. സമീപകാലത്തായി ഇത്തരത്തിൽ വ്യത്യസ്തമായ വിപണന രീതികൾ കൊണ്ട് ലോക ശ്രദ്ധ നേടിയ നിരവധി സാധാരണക്കാരായ കച്ചവടക്കാർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കച്ചാബദം എന്ന പാട്ടിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഭുപൻ ബദ്യാകറിന് പിന്നാലെ വ്യത്യസ്തമായ മറ്റൊരു കച്ചവടരീതിയുമായി എത്തിയിരിക്കുകയാണ് നാരങ്ങ സോഡ വിൽപ്പനക്കാരനായ യുവാവ്. പ്രാസമൊപ്പിച്ചുള്ള പാട്ടും വ്യത്യസ്തമായ സംസാര ശൈലിയും സോഡയുണ്ടാക്കുന്ന വിധവുമെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുന്ന കാഴ്ച്ചക്കാരെയും ദൃശ്യങ്ങളിൽ കാണാം. ആദ്യം നാരങ്ങ ഗ്ലാസിലേക്ക് പിഴിഞ്ഞൊഴിച്ച ശേഷം ഉപ്പ് ചേർത്ത് ഗ്ലാസിൽ സോഡ നിറക്കും. താൻ ചെയ്യുന്ന പ്രവൃത്തികളെ പ്രാസമൊപ്പിച്ച് പാടിയും വിവരിച്ചുമാണ് കച്ചവടക്കാരൻ കാഴ്ച്ചക്കാരുടെ ശ്രദ്ധാകേന്ദ്രമാകകുന്നത്.
ചൂട് കാലത്ത് പാനീയങ്ങൾ കുടിക്കുന്നതിന്‍റെ ഗുണങ്ങളും കച്ചവടക്കാരൻ വ്യക്തമാക്കുന്നുണ്ട്. ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തത്. 9.21ലക്ഷം പേരാണ് വീഡിയോ കണ്ടത്.
ചിലർക്ക് ദൃശ്യങ്ങൾ രസകരമായി തോന്നിയപ്പോൾ മറ്റു ചിലർ കമന്‍റുകളിൽ സഹതാപം അറിയിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മനുഷ്യർ പലം തരം വേഷങ്ങൾ അണിയേണ്ടിവരുമെന്നും അതിൽ ഒന്ന് മാത്രമാണിതെന്നും കാഴ്ച്ചക്കാർ അഭിപ്രായപ്പെട്ടു. അതേസമയം കച്ചാബദാമിന്‍റെ മിനി വേർഷൻ ആണ് ഇദ്ദേഹമെന്നാണ് ചിലരുടെ വാദം. ആദ്യം നാരങ്ങ സോഡ കച്ചവടക്കാരന് തന്നെ കൊടുക്കണമെന്നാണ് ചില വിരുതന്മാരുടെ അഭിപ്രായം