റിയോ ഡി ജനീറോ: കണ്ണുകൊണ്ട് കാണുന്നതെല്ലാം വിശ്വസിക്കാമോ? വിശ്വസിക്കരുതെന്ന് തെളിക്കുന്നതാണ് ബ്രസീലിൽനിന്നുള്ള ഒരു 'നായ്'യുടെ വിഡിയോ. റിയോ ഡി ജനീറോയിലെ ദമ്പതികളാണ് ഈ വൈറൽ വിഡിയോ പകർത്തിയത്.
അയൽവാസിയുടെ ടെറസിന് മുകളിൽ പതിവില്ലാതെ ഒരു നായ്യുടെ തല ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്നാൽ, പങ്കാളികളിൽ ഒരാൾ അതൊരു പൂച്ചയാണെന്ന് പറഞ്ഞു. യുവതിയുടെ മാതാവും അതുതന്നെ ആവർത്തിച്ചു. ഇതോടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തി ഇരുവരും സൂം ചെയ്യാൻ തുടങ്ങി. ഇതോടെ നായ്യുടെ തല പൂച്ചയാകുകയായിരുന്നു.
കറുപ്പും വെളുപ്പും നിറമുള്ള നായ് ആണെന്നാണ് കരുതിയത്. കാമറയിൽ സൂം ചെയ്തപ്പോഴും നായ്യുടെ തലപോലെ ആയിരുന്നു. എന്നാൽ അതിന്‍റെ തല ചെരിച്ചതോടെയാണ് നായ് അല്ല പൂച്ചയാണെന്ന് മനസിലായതെന്നും ദമ്പതികളിലൊരാൾ പറഞ്ഞു.
ഡിസംബർ 23നാണ് ഇരുവരും രസകരമായ ഈ വിഡിയോ പകർത്തിയത്. ജനുവരി നാലിന് വൈറൽഹോഗ് യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു. യുട്യൂബിൽ നിരവധിപേരാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്.