‘ഏറ്റവും ശക്തനായ വ്യക്തി പോലും തന്റെ കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുമ്പോൾ വിറക്കുന്നു’; വൈറലായി വിഡിയോ
text_fieldsചെന്നൈ: നവജാത ശിശുവിനെ ആദ്യമായി കൈകളിലെടുക്കുന്ന ഒരു പിതാവിന്റെ വികാരനിർഭരമായ നിമിഷം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 200 ദശലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. സുഗന്യ ശരവണകുമാർ ആണ് ഈ മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ഡോ. സുഗന്യ കുഞ്ഞിനെ പിതാവിന്റെ കൈകളിലേക്ക് മെല്ലെ കൈമാറുമ്പോൾ ആ പിതാവ് വികാരഭരിതനാകുന്നത് വിഡിയോയിൽ കാണാം. കുഞ്ഞിനെ വാങ്ങി പിടിക്കാൻ ഒരുങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഡോക്ടർ സമാധാനപ്പെടുത്തിയ ശേഷമാണ് അദ്ദേഹം കുഞ്ഞിനെ ശ്രദ്ധയോടെ ചേർത്തുവെച്ചത്. തന്റെ കുഞ്ഞിനെ കൈകളിൽ വഹിക്കാൻ കഴിയാതെ അദ്ദേഹം ശ്വാസം മുട്ടുന്നതുപോലെ കാണപ്പെട്ടപ്പോൾ, അല്പം ശാന്തനാകാൻ ഡോക്ടർ നിർദേശിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
വിഡിയോ പങ്കുവെച്ചുകൊണ്ട് ഡോക്ടർ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഏറ്റവും ശക്തനായ വ്യക്തി പോലും തന്റെ കുഞ്ഞിനെ ആദ്യമായി കൈകളിലെടുക്കുമ്പോൾ വിറക്കുന്നു. പുതിയൊരു ജീവൻ കുടുംബത്തിലേക്ക് എത്തുമ്പോൾ, ഓരോ നിമിഷവും ഓർമകളായി സൂക്ഷിക്കപ്പെടുന്നു’.
അച്ഛനും കുഞ്ഞും തമ്മിലുള്ള വൈകാരികമായ ഈ ബന്ധത്തെക്കുറിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. കുഞ്ഞിനെ ആദ്യമായി എടുക്കുമ്പോൾ അയാൾ ഭയപ്പെടുന്നതും, കുട്ടി ഉണരാതിരിക്കാൻ ശ്വാസം പോലും അടക്കിപ്പിടിച്ച് പിടിക്കുന്നതും കാണാൻ വളരെ മനോഹരമാണ്. ഏറ്റവും മികച്ച നിമിഷം!" എന്നാണ് ഒരാൾ കുറിച്ചത്.
ജിമ്മിൽ ഭാരമുള്ള പലതും ഉയർത്താറുള്ള ഒരാളായിരിക്കും അദ്ദേഹം, എന്നിട്ടും സ്വന്തം കുഞ്ഞിനെ എടുക്കാൻ പേടിക്കുന്നു. ഒരാളെ അത്രയധികം സ്നേഹിക്കുമ്പോൾ ഒരു പുരുഷൻ എത്രത്തോളം കരുതലുള്ളവനാകുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അദ്ദേഹം ഇതിനുമുമ്പ് ഒരിക്കലും ഒരു കുഞ്ഞിനെ എടുത്തിട്ടില്ലായിരിക്കാം. വളരെ മനോഹരമായ നിമിഷം. ആശംസകൾ അച്ഛാ, നിങ്ങൾ ഒരു മികച്ച പിതാവായിരിക്കും! എന്നും വിഡിയോക്ക് താഴെ കമന്റുകൾ നിറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

