മോഷ്ടിച്ച സ്വർണവുമായി 'പരേഡ്'; കാമറയിൽ കുടുങ്ങി 'കള്ളന്മാർ'
text_fieldsന്യൂഡൽഹി: അതിസാഹസികമായിട്ടാണ് അവർ സ്വർണം 'മോഷ്ടിച്ചത്'. എന്നാൽപിന്നെ അത് നാലാൾ അറിയട്ടെ എന്ന് കരുതി ഒരു 'പരേഡും' നടത്തി. അത് കൃത്യമായി കാമറയിൽ കുടുങ്ങുകയും ചെയ്തു.
ഇത്തിരിക്കുഞ്ഞന്മാരായ 'മോഷണസംഘ'ത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. ഒരുപറ്റം ഉറുമ്പുകൾ ഒരു സ്വർണ ചെയ്ൻ ചുമന്നുകൊണ്ടുപോകുന്ന വിഡിയോയാണ് ഇത്.
ഐ.പി.എസ് ഓഫിസർ ദിപാൻഷു കബ്രയാണ് 'ഏറ്റവും ചെറിയ സ്വർണക്കടത്തുകാർ' എന്ന കുറിപ്പോടെ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. വെറും 15 സെക്കന്റ് മാത്രമുള്ള വിഡിയോക്ക് രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്.
'സ്വർണക്കടത്തുകാരെ' ശിക്ഷിക്കണമെന്നാണ് കമന്റുകളിൽ ഉയർന്നുവന്ന പ്രധാന നിർദേശം. ചിലരാകട്ടെ, ഇതിനെ ഒരുമയുടെ ഉത്തമ ഉദാഹരണമായും വ്യാഖ്യാനിക്കുന്നുണ്ട്. ഐ.പി.സിയുടെ ഏത് വകുപ്പ് അനുസരിച്ച് ഇവരെ ശിക്ഷിക്കുമെന്ന സംശയം ഉയർത്തിയവരുമുണ്ട്.

