വീരമണിയുടെ വൈറൽ കഥയിൽ ട്വിസ്റ്റ്; ഇത്തവണ ലഭിച്ചത് കിടിലൻ ഗിഫ്റ്റ്, അതും കാഷ് കൊടുക്കാതെ
text_fieldsമധുരൈ: ‘നൻപർകളേ... ദീപാവലിക്ക് ഒരു പെട്ടി മിഠായി തരുമോ?’ തമിഴ്നാട് സ്വദേശിയായ വീരമണി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഈ കൊച്ചുഅഭ്യർഥന ഒടുവിൽ വലിയൊരു വൈറൽ കഥയായി മാറിയിരുന്നു. മിഠായി കിട്ടുമെന്ന് പ്രതീക്ഷിച്ച വീരമണിയുടെ വിലാസത്തിലേക്ക് പിന്നാലെ ഒഴുകിയെത്തിയത് കാഷ് ഓൺ ഡെലിവറി ഓർഡറുകളുടെ പെരുമഴയായിരുന്നു. ഒടുവിൽ വീട് വിടേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ, ഇപ്പോൾ കഥക്ക് മറ്റൊരു ട്വിസ്റ്റാണ് വന്നിരിക്കുന്നത്.
വീരമണിക്ക് ഇത്തവണ ശരിക്കും സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഇൻസ്റ്റാമാർട്ട്. ഒരു പെട്ടി മിഠായിക്കൊപ്പം സ്പീക്കർ, മോണിറ്റർ, സ്റ്റൗ, മിക്സർ തുടങ്ങി വീട്ടുപകരണങ്ങളും സമ്മാനമായി നൽകി. അതായത്, മിഠായി ചോദിച്ചപ്പോൾ കിട്ടിയത് മിഠായി മാത്രമല്ല, വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങൾ കൂടിയാണ്.
വീരമണി ദീപാവലിക്ക് ഒരു പെട്ടി മിഠായി വേണമെന്ന് അഭ്യർഥിച്ച് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വന്തം വിലാസവും ഫോൺ നമ്പറും വിഡിയോയിൽ നൽകിയിരുന്നു. എന്നാൽ, ആ വിവരങ്ങൾ ഉപയോഗിച്ച് നിരവധി സിഒഡി ഓർഡറുകൾ എത്തിയതോടെ വീരമണിയുടെ മിഠായി ആഗ്രഹം കയ്പ്പേറിയതായി മാറി. പഴങ്ങളും പാലും പച്ചക്കറികളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മാത്രമല്ല, ടെലിവിഷനും ഫ്രിഡ്ജും വരെ വിലാസത്തിലെത്തിയിരുന്നു. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഒരു പെട്ടി മിഠായിക്കായി തുടങ്ങിയ കഥ ഇത്രത്തോളം എത്തുമെന്ന് വീരമണി കരുതിയിരിക്കില്ല.
വീരമണിയുടെ വൈറൽ കഥയിൽ ഇൻസ്റ്റാമാർട്ട് ഇടപെട്ടതോടെ രംഗം മാറി. കമ്പനിയുടെ ‘ക്വിക് ഇന്ത്യ മൂവ്മെന്റ്’ന്റെ ഭാഗമായി മിഠായിയും വീട്ടുപകരണങ്ങളും സമ്മാനമായി നൽകി. ഇത്തവണ ഡെലിവറി കിട്ടിയപ്പോൾ പണം കൊടുക്കേണ്ട സാഹചര്യമല്ല, സമ്മാനങ്ങൾ ഏറ്റുവാങ്ങിയാൽ മതിയെന്നതാണ് വ്യത്യാസം. സമ്മാനങ്ങൾ വെളിപ്പെടുത്തിയുള്ള വീരമണിയുടെ പുതിയ വിഡിയോയും വൈറലായി. ഇതിനകം 80 ലക്ഷം പേർ വിഡിയോ കണ്ടതായാണ് റിപ്പോർട്ട്. വീരമണിയുടെ കഥക്ക് ലഭിച്ച പുതിയ ട്വിസ്റ്റിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്റുകളാണ് നിറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

