‘മിസ്റ്റർ തരൂർ, താങ്കൾ പറഞ്ഞ ഇംഗ്ലീഷ് ഒന്നും അവർക്ക് മനസ്സിലായില്ല എന്നു തോന്നുന്നു...’
text_fieldsകൊച്ചി: ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി കോൺഗ്രസ് എം.പി ശശി തരൂരും സംഘവും യു.എസ് സന്ദർശിച്ചതിന് പിന്നാലെ പാകിസ്താനെ പുകഴ്ത്തി അമേരിക്കൻ സൈനിക ജനറൽ റിപ്പോർട്ട് സമർപ്പിച്ചത് വിമർശനത്തിനിടയാക്കുന്നു. അമേരിക്കൻ സൈനിക ജനറൽ മൈക്കൽ കൂറില്ല സെനറ്റ് ആംഡ് സർവിസസ് കമ്മിറ്റിയ്ക്ക് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് പാകിസ്താനെ "ഭീകരവിരുദ്ധ ലോകത്തിലെ ഒരു മികച്ച പങ്കാളി" എന്ന് വിശേഷിപ്പിച്ചത്. ഐ.എസ്.ഐ.എസിനെതിരായ വിജയകരമായ പ്രവർത്തനങ്ങൾക്കും യുഎസ് താൽപ്പര്യങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പങ്കെടുത്ത പ്രധാന തീവ്രവാദികളെ പിടികൂടുകയും കൈമാറ്റം ചെയ്യുകയും ചെയ്തതിനും അദ്ദേഹം പാകിസ്താനെ പ്രശംസിയ്ക്കുകയും ചെയ്തു. ‘മിസ്റ്റർ തരൂർ, താങ്കൾ പറഞ്ഞ ഇംഗ്ലീഷ് ഒന്നും അവർക്ക് മനസ്സിലായില്ല എന്നു തോന്നുന്നു....’ എന്നാണ് ഇതേക്കുറിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ. ജയരാജൻ പരിഹസിച്ചത്.
ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ തുറന്നുകാട്ടാനും ഇന്ത്യൻ നിലപാട് വിശദീകരിക്കാനും ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി കോൺഗ്രസ് എം.പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യു.എസ് സന്ദർശിച്ചത്. ഷംഭവി (എൽ.ജെ.പി രാം വിലാസ്), സർഫ്രാസ് അഹ്മദ് (ജെ.എം.എം), ജി.എം. ഹരീഷ് ബാലയോഗി (ടി.ഡി.പി), ശശാങ്ക് മണി ത്രിപാഠി, ബുവനേശ്വർ കലിത (ബി.ജെ.പി), മിലിന്ദ് മുർളി (ശിവസേന), തരൺജിത് സിങ്, തേജസ്വി സൂര്യ എന്നിവരായിരുന്നു തരൂർ സംഘത്തിൽ ഉണ്ടായിരുന്നത്. കൊളംബിയ, യു.എസ്.എ, പാനമ, ഗിനി, ബ്രസീൽ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ഇവർ ഇന്ത്യൻ നയം വ്യക്തമാക്കി.
ഓപറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഇന്ത്യൻ സംഘം യു.എസിലെത്തിയ സമയത്ത് തന്നെയാണ് പാകിസ്താൻ തങ്ങളുടെ ഭാഗം വിശദീകരിക്കായി എത്തിയത്. മുൻ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് സംഘം തങ്ങളും തീവ്രവാദത്തിന്റെ ഇരകളാണെന്നാണ് അമേരിക്കയെ ബോധ്യപ്പെടുത്തിയത്. ഐ.എസ്.ഐയും റോയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞിരുന്നു. എന്നാൽ, നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് ഒരിക്കലും കരുതരുത് എന്നായിരുന്നു ബിലാവലിന് തരൂർ നൽകിയ മറുപടി.
ജയരാജന്റെ കുറിപ്പ് വായിക്കാം:
മിസ്റ്റർ ശശി തരൂർ, താങ്കൾക്ക് ഈ ചിത്രത്തിൽ കാണുന്നയാളെ അറിയാമോ?
ഇയാളാണ് ജനറൽ മൈക്കൽ കൂറില്ല... അമേരിക്കൻ സൈന്യത്തിന്റെ ജനറൽ...
ഇദ്ദേഹം ഇന്നലെ സെനറ്റ് ആംഡ് സർവ്വീസസ് കമ്മിറ്റിയ്ക്ക് മുൻപാകെ സമർപ്പിച്ച സാക്ഷ്യപത്രം തരൂർ ഒന്ന് വായിച്ചു നോക്കണം...
അതിൽ, ജനറൽ മൈക്കിൾ കുറില്ല പാകിസ്ഥാനെ "ഭീകരവിരുദ്ധ ലോകത്തിലെ ഒരു മികച്ച പങ്കാളി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
ISIS-ഖൊറാസനെതിരായ വിജയകരമായ പ്രവർത്തനങ്ങൾക്കും, യുഎസ് താൽപ്പര്യങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പങ്കെടുത്ത പ്രധാന തീവ്രവാദികളെ പിടികൂടുകയും കൈമാറ്റം ചെയ്യുകയും ചെയ്തതിനും അദ്ദേഹം പാകിസ്ഥാനെ പ്രശംസിയ്ക്കുകയും ചെയ്തിട്ടുണ്ട്...
ISIS-K-ക്കെതിരെ പാകിസ്ഥാൻ ഡസൻ കണക്കിന് ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട് എന്നും അതിൽ നിരവധി നേതാക്കളെ വധിക്കുകയും പിടികൂടുകയും ചെയ്തു എന്നും കൂറില്ല വിശദീകരിച്ചു..
2021-ലെ കാബൂളിലെ ആബി ഗേറ്റ് സ്ഫോടനവുമായി ബന്ധമുള്ള മുഹമ്മദ് ഷരീഫുള്ളയുടെ കൈമാറ്റം, ഒരു പങ്കാളി എന്ന നിലയിൽ പാകിസ്ഥാന്റെ പ്രാധാന്യത്തിന് തെളിവായി എടുത്തു കാണിയ്ക്കുകയും ചെയ്തു...
ISIS-K ഇപ്പോഴും ഒരു വലിയ ഭീഷണിയാണെന്നും മോസ്കോയിലും ഇറാനിലും സമീപകാലത്ത് ആക്രമണങ്ങൾ നടന്നിട്ടുണ്ട് എന്നും ISIS-K അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു കൊണ്ട് പാക്കിസ്ഥാനെ കൂറില്ല വേണ്ട രീതിയിൽ ആഗോള തലത്തിൽ ഉയർത്തിക്കാട്ടിക്കഴിഞ്ഞു....
മിസ്റ്റർ തരൂർ, താങ്കൾ പറഞ്ഞ ഇംഗ്ലീഷ് ഒന്നും അവർക്ക് മനസ്സിലായില്ല എന്നു തോന്നുന്നു....
"മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്രമിഹ
നിനയ്ക്കിൽ നിങ്ങൾക്കൊരു ലാഭമായ്" ---(നളചരിതം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

