‘വർണക്കടലാസിൽ പൊതിഞ്ഞു ആകർഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി-20’; രാജിവെക്കുന്നതായി എറണാകുളം ജില്ല കോഓർഡിനേറ്റർ
text_fieldsകോഴിക്കോട്: വർണക്കടലാസിൽ പൊതിഞ്ഞു ആകർഷകമാക്കിയ കൊടിയ വിഷമാണ് സാബു എം ജേക്കബിന്റെ ട്വന്റി-20യെന്ന് പാർട്ടിയിൽനിന്ന് രാജിവെച്ച എറണാകുളം ജില്ല കോഓർഡിനേറ്റർ അഡ്വ. അസ്ലഫ് പാറേക്കാടൻ. തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമായാണ് ട്വന്റി-20യുടെ കൂടെ പ്രവർത്തിച്ച കാലയളവിനെ കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വളരെ ചെറിയൊരു കാലയളവിൽ പാർട്ടിയുടെ എറണാകുളം ജില്ല കോഓർഡിനേറ്റർ എന്ന നിലയിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഈ ചെറിയ കാലയളവിൽ തന്നെ എന്താണ് യഥാർഥത്തിൽ ട്വന്റി-20 എന്ന് തിരിച്ചറിയാനായി. വ്യവസായി സാബു എം. ജേക്കബ് നേതൃത്വം കൊടുക്കുന്ന പാർട്ടിയുടെ അധികമാർക്കുമറിയാത്ത കപട രാഷ്ട്രീയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തതും മൂലമാണ് രാജിവെക്കുന്നതെന്നും അസ്ലഫ് പറയുന്നു.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുപരി ഒരു വ്യക്തിയുടെ സ്വാർഥ താൽപര്യങ്ങൾ നടപ്പാക്കാൻ അദ്ദേഹം കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി-20. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പാർട്ടി ഉത്തരേന്ത്യൻ പി.ആർ ടീമിനെ രംഗത്തിറക്കി, കേരളത്തിലെ ജനങ്ങളോട് ഇല്ലാ കഥകൾ പറഞ്ഞും രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;
പ്രിയമുള്ളവരേ,
ട്വന്റി -ട്വന്റിയിൽ നിന്ന് ഞാൻ രാജി വെക്കുന്നു. വളരെ ചെറിയൊരു കാലയളവിൽ 20-20 എറണാകുളം ജില്ലാ കോർഡിനേറ്റർ എന്ന നിലയിലാണ് ഞാൻ പ്രവർത്തിച്ചു വന്നിരുന്നത്. എന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഒരു തെറ്റായ തീരുമാനമായാണ് 20-20 യുടെ കൂടെ പ്രവർത്തിച്ച ഈ കാലയളവിനെ ഞാൻ കണക്കാക്കുന്നത്.
പൊതുപ്രവത്തകർക്കും ചിലപ്പോൾ തെറ്റുകൾ പറ്റാം,പക്ഷെ ആ തെറ്റിനെ ന്യായികരിച്ചു ജനങ്ങളെ വഞ്ചിക്കാതെ അത് തുറന്നു സമ്മതിക്കുന്നവനാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള യഥാർത്ഥ പൊതുപ്രവത്തകനെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.
ഈ ചെറിയ കാലയളവിൽ തന്നെ എന്താണ് യഥാർത്ഥത്തിൽ ട്വന്റി-20 എന്നെനിക്ക് തിരിച്ചറിയാൻ സാധിച്ചു.
വ്യവസായി ശ്രീ. സാബു എം ജേക്കബ് നേതൃത്വം കൊടുക്കുന്ന 20 -20 യുടെ അധികമാർക്കുമറിയാത്ത കപട രാഷ്ട്രിയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തത് മൂലമാണ് 20-20 യിൽ നിന്നും ഞാൻ രാജി വെയ്ക്കുന്നത്.
പുറമെ വർണക്കടലാസ്സിൽ പൊതിഞ്ഞു ആകർഷകമാക്കിയ കൊടിയ വിഷമാണ് ശ്രീ. സാബു എം ജേക്കബിന്റെ 20-20.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് 20-20.
ഇന്നിപ്പോൾ കുന്നത്തുനാടിന് പുറത്തേക്കു തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന ട്വന്റി -20 ഉത്തരേന്ത്യൻ പി.ആർ ടീമിനെ രംഗത്തിറക്കി, കേരളത്തിലെ ജനങ്ങളോട് ഇല്ലാകഥകൾ പറഞ്ഞും രാഷ്ട്രിയ വിവാദങ്ങൾ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് നടത്തുന്നത് .
പതുക്കെ പതുക്കെ സംഘപരിവാറിന് -BJP രാഷ്ട്രീയത്തിന് കേരളത്തിലേക്ക് ചുവടുറപ്പിക്കാനായി സബ്കോൺട്രാക്ട് ഏറ്റെടുത്ത ശ്രീ. സാബു എം ജേക്കബിന്റെ ട്വന്റി -20 എന്ന ഉട്ടോപ്യൻ സ്വർഗ ലോകത്തിന്റെ യഥാർത്ഥ മുഖമെന്താണെന്നു കേരള ജനതയെ അറിയിക്കാനുള്ള നിയോഗമുള്ളതിനാലായിരിക്കും എന്റെ രാഷ്ട്രിയ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത 20-20 യിൽ ഞാൻ എത്തിച്ചേർന്നത്.
ശ്രീ.സാബു എം ജേക്കബിന്റെ 20-20 എന്ന സ്ലോ പോയ്സൺ എന്താണെന്ന് ജനങ്ങളുടെ മുന്നിൽ 😑വരും ദിവസങ്ങളിൽ തുറന്നുകാട്ടാനുള്ള ദൗത്യം ഞാൻ സധൈര്യം ഏറ്റെടുക്കുന്നു.
എന്ന്
അഡ്വ: അസ്ലഫ് പാറേക്കാടൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

