അതെ, ഇതൊരു ദുഃഖകരമായ യാഥാർഥ്യമാണ്; നമ്മൾ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്നത് അംഗീകരിക്കാൻ ചിലർക്ക് കഴിയുന്നില്ല: മാഹീൻ
text_fieldsമാഹീൻ, ദിയ കൃഷ്ണ
ഫോർട്ട് കൊച്ചിയെയും കേരളത്തെയും അധിക്ഷേപിച്ച് മുസ്ലിം വിരുദ്ധ വിദ്വേഷം പങ്കുവെച്ച ഉത്തരേന്ത്യൻ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ വിഡിയോയിൽ 'ദുഃഖകരമായ യാഥാർത്ഥ്യം' (Sad Reality) എന്ന് കമന്റ് ചെയ്ത ബിജെപി നേതാവും കേരളത്തിൽ നിന്നുള്ള ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കെ. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണക്ക് മറുപടിയുമായി യാത്രികനും ഇൻഫ്ളുവൻസറുമായ മാഹീൻ രംഗത്ത്. സാമൂഹിക മാധ്യമത്തിലൂടെയാണ് മാഹീൻ ദിയ കൃഷ്ണക്ക് മറുപടി നൽകിയത്.
കേരളത്തിലെ സ്വകാര്യ ബസുകളിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളെ പ്രതിനിധികരിച്ച് നൽകിയിട്ടുള്ള ഫോട്ടോ പങ്കുവെച്ചാണ് മാഹീൻ മറുപടി നൽകിയത്. 'അതെ, ഇതൊരു ദുഃഖകരമായ യാഥാർത്ഥ്യമാണ് (Yes, this is a sad reality). നമ്മൾ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്നത് അംഗീകരിക്കാൻ ചിലർക്ക് കഴിയുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. നമ്മൾ പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഒരുമിച്ച് ജീവിക്കുന്ന രീതി മറ്റുള്ളവർക്ക് പ്രചോദനമാകേണ്ടതാണ്, അല്ലാതെ അവരെ അസ്വസ്ഥരാക്കേണ്ട ഒന്നല്ല' എന്നാണ് മാഹീൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. 'ദിയ കൃഷ്ണ' എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഫോർട്ട് കൊച്ചി നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നുമാണ് വീഡിയോയിലൂടെ ഇൻഫ്ളുവൻസർ പറയുന്നത്. 'ലിറ്റിചോക്കപ്പ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ നിലവിൽ ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നതെന്നും ഈ വീഡിയോയ്ക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും എന്നും ഇൻഫ്ളുവൻസർ വീഡിയോയിലൂടെ പറയുന്നുണ്ട്.
അതേസമയം, പങ്കുവെച്ച കമന്റിന് വിശദീകരണവുമായി ദിയ കൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്. അതിൽ മാപ്പ് ചോദിക്കുന്നു. വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് കമന്റ് ചെയ്തത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം ചുവരിൽവെച്ചതിനെക്കുറിച്ചായിരുന്നു തന്റെ കമന്റ് എന്നും വീഡിയോയിൽ മുസ്ലിങ്ങളെക്കുറിച്ച് പറയുന്ന ഭാഗം കേട്ടിട്ടില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ജിന്നയുടെ ഫോട്ടോ കണ്ടതിനാണ് കമന്റ് ഇട്ടത്. അത് ഇനി എവിടെ കണ്ടാലും ഇടും എന്നും ദിയ കൃഷ്ണ വ്യക്തമാക്കി.
കേരളത്തിൽ ഹിന്ദു-മുസ്ലിം, ഹിന്ദു-ക്രിസ്ത്യൻ സംഘർഷം ഉണ്ടായാൽ അതിന്റെ ഒത്ത നടുക്ക് ഞാനോ അച്ഛനോ ഉണ്ടാകും. ഞാൻ എവിടെ പോയാലും എന്റെ കൂടെ വന്ന് ഫോട്ടോ എടുക്കുന്നവരിൽ കൂടുതലും മുസ്ലിം വിഭാഗത്തിൽ ഉള്ളവരാണ്. ഇന്ത്യയിലെ പുരാതന നഗരത്തിന്റെ പേരുള്ള കഫേയിൽ മഹാത്മാഗാന്ധിയുടെയോ നെഹ്റുവിന്റെയോ ചിത്രം വെച്ചാൽ മനസ്സിലാക്കാം. എന്നാൽ, പാകിസ്താൻ പ്രധാനമന്ത്രിയുടെ ഫോട്ടോ എന്തിന് വെയ്ക്കുന്നു എന്നാണ് എന്റെ സംശയമെന്നും ദിയ കൃഷ്ണൻ പങ്കുവെച്ച വീഡിയോയിലൂടെ ചോദിച്ചു.

