ഫോട്ടോയെടുക്കാൻ പുലിയുടെ അരികിലെത്തിയ വിനോദസഞ്ചാരിയെ പുലി കടിച്ചു കീറി -VIDEO
text_fieldsവിനോദ സഞ്ചാരിയെ ആക്രമിക്കുന്ന പുലി
ഷിൻജിയാങ്: അപൂർവ്വങ്ങളിൽ അപൂർവ്വമായ മഞ്ഞപ്പുലിയുടെ (Snow Leopard) ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ വിനോദസഞ്ചാരിക്ക് നേരെ പുലിയുടെ ആക്രമണം. ചൈനയിലെ ഷിൻജിയാങ് മേഖലയിലുള്ള കോക്ടോകായ് (Koktokay) നഗരത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സഞ്ചാരി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം ഐസ് സ്കീയിംഗിനായി എത്തിയതായിരുന്നു വിനോദസഞ്ചാരി. മടക്കയാത്രയ്ക്കിടെയാണ് പാതയോരത്ത് മഞ്ഞപ്പുലിയെ കണ്ടത്. കാറിൽ നിന്നും പുറത്തിറങ്ങിയ സഞ്ചാരി പുലിയുടെ ഫോട്ടോ എടുക്കാനായി അതിന്റെ തൊട്ടടുത്തേക്ക് നീങ്ങുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ പുലി പെട്ടെന്ന് സഞ്ചാരിയെ ആക്രമിക്കുകയും മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ചോരയൊലിപ്പിച്ചു കൊണ്ട് മഞ്ഞിൽ അനങ്ങാതെ കിടക്കുന്ന സഞ്ചാരിയെയും അതിനടുത്ത് തന്നെ പതുങ്ങിയിരിക്കുന്ന മഞ്ഞപ്പുലിയെയും കാണാം. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിക്കേറ്റ യുവതിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ പ്രാദേശിക ഭരണകൂടം സഞ്ചാരികൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ കാണുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും, സെൽഫി എടുക്കാനോ മറ്റ് ചിത്രങ്ങൾ പകർത്താനോ വേണ്ടി അവയുടെ അടുത്തേക്ക് പോകരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിന് ശേഷം യുവതിയുടെ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ കടന്നുകയറി അവയെ ശല്യം ചെയ്യുന്നത് ശരിയല്ലെന്ന് പലരും പ്രതികരിച്ചു. ലോകത്താകെ വെറും 4,000 മുതൽ 6,500 വരെ മാത്രം ബാക്കിയുള്ള അതിതീവ്ര വംശനാശഭീഷണി നേരിടുന്ന ജീവിയാണ് മഞ്ഞപ്പുലികൾ. ഇതിൽ 60 ശതമാനവും ചൈനയിലാണ് കാണപ്പെടുന്നത്. 'മലനിരകളിലെ രാജാവ്' എന്നറിയപ്പെടുന്ന ഇവ സാധാരണയായി മനുഷ്യരുമായി സമ്പർക്കം പുലർത്താൻ ആഗ്രഹിക്കാത്ത പ്രകൃതക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

